Connect with us

Editorial

ഹാമിദ് അന്‍സാരി ചെയ്ത 'തെറ്റ്'

Published

|

Last Updated

ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ മുസ്‌ലിം മജ്‌ലിസെ മുശാവറ സമ്മേളന പ്രസംഗത്തെ വിമര്‍ശിച്ചു ആര്‍ എസ് എസും രംഗത്തുവന്നിരിക്കുകയാണ്. ഒരു വര്‍ഗീയവാദി നേതാവിനെ പോലെയാണ് അദ്ദേഹം പ്രസംഗിച്ചതെന്നാണ് സംഘടനാ മുഖപത്രം “പാഞ്ചജന്യം” കുറ്റപ്പെടുത്തുന്നത്. ഒരു മതേതര പാര്‍ട്ടിയുടെ നോമിനിയായി ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയ അന്‍സാരി മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രമാണ് സംസാരിക്കുന്നതെന്നും ഇത് ഉപരാഷ്ട്രപതി സ്ഥാനത്തിന് ചേര്‍ന്നതല്ലെന്നും പത്രം അഭിപ്രായപ്പെടുന്നു. നേരത്തെ വി എച്ച് പിയും അന്‍സാരിയെ രൂക്ഷമായി വിമര്‍ശിക്കുകയും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചനവും ദാരിദ്ര്യവും അരക്ഷിതാവസ്ഥയും പരിഹരിക്കാന്‍ ഭരണകൂടം നടപടി കൈക്കൊള്ളണമെന്നതായിരുന്നു മജലിസിന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ ഹാമിദ് അന്‍സാരി ചെയ്ത പ്രസംഗത്തിന്റ ചുരുക്കം. മുസ്‌ലിം സമുദായത്തിന്റെ അസ്ഥിത്വവും അന്തസ്സും അപകടാവസ്ഥയിലാണ്. സുരക്ഷ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ അവര്‍ക്ക് അര്‍ഹമായത് ലഭിക്കുന്നില്ല. പല സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടുന്നു. സച്ചാര്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സമുദായത്തിന്റെ സമുദ്ധാരണത്തിനായി ആരംഭിച്ച പദ്ധതികള്‍ ശൈശവാസ്ഥയില്‍ തന്നെയാണ് എന്നിങ്ങനെ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം എണ്ണിപ്പറയുകയുണ്ടായി.
മിശ്ര കമ്മീഷന്‍, സച്ചാര്‍ കമ്മിറ്റി തുടങ്ങി ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചു പഠനം നടത്തിയവരെല്ലാം സമുദായത്തിന്റെ പിന്നാക്കാവസ്ഥയും അവര്‍ അനുഭവിക്കുന്ന വിവേചനവും അവഗണനയും വരച്ചുകാണിച്ചിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ഭരണമേഖല തുടങ്ങി എല്ലായിടങ്ങളിലും പരമ ദയനീയമാണ് മുസ്‌ലിംകളുടെ സ്ഥിതിയെന്നാണ് സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലും വിദ്യാഭ്യാസ രംഗങ്ങളിലും പട്ടികജാതി വിഭാഗങ്ങളെക്കാള്‍ താഴെയാണ് രാജ്യത്തെ ഏറ്റവും വലിയ ഈ മതന്യൂനപക്ഷം. 31 ശതമാനം പേരും ദാരിദ്ര്യരേഖക്ക് താഴെയാണ്. ധനകാര്യ സ്ഥാപനങ്ങളിലും സുരക്ഷാ വിഭാഗങ്ങളിലും മുസ്‌ലിംകള്‍ തഴയപ്പെട്ടതായും സച്ചാര്‍ കണ്ടെത്തി. രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നം മുസ്‌ലിംകളാദി പിന്നാക്ക സമൂഹങ്ങള്‍ വിവിധ തലങ്ങളില്‍ അനുഭവിക്കുന്ന അസമത്വമാണെന്നും അവര്‍ക്ക് നീതിയും അവസര സമത്വവും ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 2007ല്‍ പ്രസിദ്ധീകരിച്ച ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും സാമൂഹിക സാമ്പത്തിക മേഖലകളില്‍ മുസ്‌ലിം വിഭാഗത്തിന്റെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാണിക്കുകയും സച്ചാര്‍ കമീഷന്റെ കണ്ടെത്തലുകളെയും നിര്‍ദേശങ്ങളെയും ശരിവെക്കുകയും ചെയ്യുന്നുണ്ട്.
ഭരണതലങ്ങളില്‍ നിന്ന് നേരിടുന്ന അവഗണക്ക് പുറമെ പൊതുസമൂഹവും അവരെ സംശയത്തോടെ വീക്ഷിക്കുകയും അവമതിക്കുകയും ചെയ്ത സ്ഥിതിവിശേഷവും രാജ്യത്ത് വളര്‍ന്നു വരുന്നുണ്ട്. ജോലി നേടുന്നതിനും വീടുകള്‍ വാങ്ങുന്നതിനും, മികച്ച വിദ്യാലയങ്ങളില്‍ പ്രവേശം ലഭിക്കുന്നതിനുമെല്ലാം ഇതവര്‍ക്ക് തടസ്സമായിത്തീരുന്നു. ഉപഭോക്താവ് മുസ്‌ലിമാണെന്നറിഞ്ഞാല്‍ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കെട്ടിട ഉടമകള്‍ പിന്തിരിയുകയാണ്. ഡല്‍ഹിയിലെ ന്യൂഫ്രണ്ട്‌സ് കോളനിയില്‍ വീട് തിരക്കിയ വ്യക്തിയോട് “ഇന്ത്യക്കാര്‍ക്കു മാത്രമേ വീട് നല്‍കുകയുള്ളൂ, മുസ്‌ലിംകള്‍ക്ക് നല്‍കില്ല” എന്ന് ഏജന്റ് മുഖത്തുനോക്കി പറയണമെങ്കില്‍ മുസ്‌ലിം ഫോബിയ പൊതുസമൂഹത്തെ എത്ര ആഴത്തില്‍ ബാധിച്ചിട്ടുണ്ടാകണം!
സച്ചാര്‍, മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ മുമ്പാകെ വന്നിട്ടു വര്‍ഷങ്ങളായി. അതിന്മേല്‍ ഫലപ്രദമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. മാത്രമല്ല, മുസ്‌ലിം സമൂഹത്തെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള പദ്ധതിയും പരിപാടികളും അത്യന്താപേക്ഷിതമാണെന്ന സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് വിരുദ്ധമായി ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്യുക വഴി സച്ചാറിന്റെ നിര്‍ദേശങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടായത്. ഇതൊക്കെയാരിക്കണം മജ്‌ലിസ് സമ്മേളനത്തില്‍ വസ്തുതകള്‍ വെട്ടിത്തുറന്നു പറയാന്‍ അന്‍സാരിയെ നിര്‍ബന്ധിതനാക്കിയത്. ഇതിനെന്തിനാണ് സംഘ്പരിവാര്‍ കലിതുള്ളുന്നത്? ഉപരാഷ്ട്രപതി സ്ഥാനത്തിരിക്കുന്നത് കൊണ്ട് തന്റെ സമുദായം അനുഭവിക്കുന്ന വിവേചനത്തിനും അവഗണക്കും ദുരിതത്തിനും നേരെ അദ്ദേഹം കണ്ണടക്കണമെന്നാണോ? ചരിത്രപരമായ കാരണത്താല്‍ പിന്‍തള്ളപ്പെട്ടു പോയ സമുദായങ്ങളെ മുന്‍നിരയിലേക്ക് ആനയിക്കുകയാണ് ഒരു മതേതര ജനാധിപത്യ ഭരണകൂടത്തിന്റെ കടമ. ഇക്കാര്യത്തിലേക്ക് ഭരണ കൂടത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതെങ്ങിനെയാണ് വര്‍ഗീയതയും മതേതര വിരുദ്ധവുമാകുന്നത്? വിമര്‍ശങ്ങളെ ഭയന്നു ദുരിത മനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയും ഭരണകൂടത്തിന്റെ പിഴച്ച നയസമീപനങ്ങളെ ഇടംവലം നോക്കാതെ പിന്തുണക്കുകയും ചെയ്യുന്ന കപട മതേതര വാദികളില്‍ നിന്ന് ഭിന്നമായി തന്റെ ഉത്തരവാദിത്വം നിര്‍ഹിക്കാന്‍ ആര്‍ജവം കാണിച്ചുവെന്നതാണ് ഹാമിദ് അന്‍സാരി ചെയ്ത “തെറ്റ്”.