തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് മാര്‍ഗരേഖയുമായി കോണ്‍ഗ്രസ്

Posted on: September 16, 2015 11:45 am | Last updated: September 17, 2015 at 12:19 am

congressതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെപിസിസിയുടെ മാര്‍ഗരേഖ. വൈസ് പ്രസിഡന്റ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് മാര്‍ഗരേഖ തയ്യാറാക്കിയത്. സ്ത്രീപീഡന കേസുകളില്‍ പ്രതികളായവര്‍ക്കും ക്രിമിനലുകള്‍ക്കും സീറ്റ് നല്‍കരുത്, ജനറല്‍ സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കേണ്ടതില്ല, ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ മാറി മാറി മത്സരിക്കുന്ന പ്രവണത ഇല്ലാതാക്കണം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.

ഡിസിസി, കെപിസിസി ഭാരവാഹികള്‍ക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട കമ്മിറ്റികളെ അറിയിക്കണം. സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചാലേ മത്സരിക്കാന്‍ പാടുള്ളൂ. ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളെ വാര്‍ഡ് തലത്തില്‍ തന്നെ നിശ്ചയിക്കണം. തര്‍ക്കം ഉണ്ടാവുകയാണെങ്കില്‍ മണ്ഡലം തല സമിതികള്‍ രൂപീകരിക്കണം. അഴിമതിക്കാര്‍, ക്രിമിനലുകള്‍, സ്വഭാവദൂഷ്യം ആരോപിക്കപ്പെട്ടവര്‍, മദ്യപാനികള്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പാര്‍ട്ടി നടപടി നേരിട്ടവര്‍ തുടങ്ങിയവരെ മത്സരിപ്പിക്കരുതെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.