മക്കിമലയില്‍ സര്‍വേ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു

Posted on: September 16, 2015 9:55 am | Last updated: September 16, 2015 at 9:55 am

മാനന്തവാടി: മതിയായ രേഖകളില്ലാതെ ഭൂമിയുടെ സര്‍വേ നടത്താനെത്തിയ സര്‍വേ വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തവിഞ്ഞാല്‍ പഞ്ചായത്തിലെ മക്കിമലയില്‍ സര്‍വേ നമ്പര്‍ 68/1ബിയില്‍പ്പെട്ട സ്ഥലത്ത് താമസിക്കുന്ന 100ഓളം പേരാണ് രാവിലെയോടെ ഉദ്യോഗസ്ഥരെ തടഞ്ഞത്.
90 വര്‍ഷത്തിലധികമായി ഇവര്‍ കൈവശം വെച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിക്കാനായി നിരന്തരം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു. എന്നാല്‍ പരിഹാരമുണ്ടാകാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നല്‍കിയ അപേക്ഷയില്‍ രേഖകള്‍ പരിശോധിച്ച് നാല് മാസത്തിനകം പട്ടയം നല്‍കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി തഹസില്‍ദാര്‍ പ്രത്യേക സര്‍വേ ടീമിനെ ചുമതലപ്പെടുത്തുകയും ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭൂമി സന്ദര്‍ശിച്ച് തിരിച്ച് പോവുകയുമാണ് ഉണ്ടായത്.
ഇന്നലെ 15 ഓളം കുടുംബങ്ങളെ സര്‍വേ ആവശ്യത്തിനായി സ്ഥലത്തേക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ചിരുന്നു. എന്നാല്‍ ഭൂമിയുടെ സ്‌കെച്ച് ഉള്‍പ്പെടെയുള്ള രോഖകളില്ലാതെ ഉദ്യോഗസ്ഥരെത്തിയതാണ് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയത്. വൈകുന്നേരത്തോടെ സ്ഥലത്തെത്തിയ തഹസില്‍ദാര്‍ ടി സോമനാഥന്‍ നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ഇന്ന് മുതല്‍ വ്യക്തമായ രേഖകളുമായി സര്‍വേ നടത്തി ഉടന്‍ പട്ടയ നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.