മഞ്ചേരിയിലെ സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

Posted on: September 16, 2015 9:47 am | Last updated: September 16, 2015 at 9:47 am

മഞ്ചേരി: മഞ്ചേരിയില്‍ ഇന്നലെ ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികള്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു.
ഇന്നലെ ഉച്ചക്ക് 12.30ന് ജില്ലാ കലക്ടര്‍, തഹസീല്‍ദാര്‍ എന്നിവര്‍ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം താത്കാലികമായി പിന്‍വലിച്ചത്. മഞ്ചേരിയില്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നടപ്പില്‍ വരുത്തിയ ഗതാഗത പരിഷ്‌കരണത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഗതാഗത പരിഷ്‌കരണം സംബന്ധിച്ച് സെപ്തംബര്‍ 20ന് വൈകീട്ട് മൂന്നിന് യോഗം വിളിച്ചിട്ടുണ്ടെന്നും ഇതില്‍ ബസ് തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് കലക്ടര്‍ നല്‍കിയ ഉറപ്പിന്മേലാണ് സമരം പിന്‍വലിച്ചതെന്ന് സംയുക്ത ബസ് തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം എല്‍ എ, മുനിസിപ്പല്‍ ചെയര്‍മാന്‍, വ്യാപാരികള്‍, ബസുടമകള്‍, ഓട്ടോ തൊഴിലാളികള്‍, ബസ് തൊഴിലാളികള്‍ എന്നിവരെ കലക്ടര്‍ ചര്‍ച്ചക്കു വിളിച്ചിട്ടുണ്ട്. ഈ ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനമുണ്ടാകാത്ത പക്ഷം 22 മുതല്‍ കുടുംബ സമേതം പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ബസ് തൊഴിലാളികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സമരസമിതി ചെയര്‍മാന്‍ ശിഹാബ് പാലായി (ഐ എന്‍ ടി യു സി), ഷാജഹാന്‍ (സി ഐ ടി യു), അനീസ് ആലുങ്ങല്‍ (എസ് ടി യു), ജൈസല്‍ (ഐ എന്‍ ടി യു സി), ഷരീഫ് കൂളമഠത്തില്‍ (എസ് ടി യു) പങ്കെടുത്തു. ഇന്നലെ മഞ്ചേരിയില്‍ നിന്നും വഴിക്കടവ്, വണ്ടൂര്‍, അരീക്കോട്, കോഴിക്കോട് റൂട്ടിലുള്ള ബസുകളൊന്നും സര്‍വീസ് നടത്തിയില്ല.
വണ്ടൂര്‍, കാളികാവ് ഭാഗത്തേക്ക് കെ എസ് ആര്‍ ടി സി ബസ് സര്‍വീസ് കുറവായതിനാല്‍ യാത്രക്കാര്‍ ഏറെ ദുരിതത്തിലായി. മഞ്ചേരിയില്‍ നിന്നും സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളും പണിമുടക്ക് നടത്തുമെന്നായിരുന്നു സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതര റൂട്ടുകളിലെ ഒരു ബസു പോലും സമരത്തില്‍ സഹകരിച്ചില്ല. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളെല്ലാം സമരം നടത്തുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.