പശ്ചിമേഷ്യ: പ്രശ്‌നപരിഹാരത്തിന് ചൈനയുടെ സഹായം തേടി ഇറാന്‍

Posted on: September 16, 2015 5:46 am | Last updated: September 16, 2015 at 12:47 am

ബീജിംഗ്: പശ്ചിമേഷ്യന്‍ പ്രശ്‌നപരിഹാരത്തിന് ഇറാന്‍ ചൈനയുടെ സഹായം തേടി. കൂടുതല്‍ ചൈനീസ് കമ്പനികള്‍ക്ക് അവസരം തുറന്നു നല്‍കാന്‍ സന്നദ്ധമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. നയതന്ത്രപരമായും സാമ്പത്തികമായും വ്യാപാര- ഊര്‍ജ സംബന്ധമായും നിരവധി കരാറുകള്‍ ചൈനയും ഇറാനും തമ്മില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറാന്‍ ആണവ സമ്പുഷ്ടീകരണത്തില്‍ കുറവു വരുത്തുന്ന പക്ഷം യു എസും യൂറോപ്യന്‍ യൂനിയനും യു എന്നും ഘട്ടം ഘട്ടമായി ഇറാനുമേലുള്ള ഉപരോധം പിന്‍വലിക്കുമെന്ന് ജൂലൈയില്‍ തീരുമാനത്തിലെത്തിയ ബഹുമുഖ കരാറുകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനും ചൈനയും നിരവധി മേഖലകളില്‍ സഹകരിക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ളരീഫ് ചൈനീസ് വിദേശ കാര്യമന്ത്രി വാംഗ് യിയുമായി ബീജിംഗില്‍ നടത്തിയ ചര്‍ച്ചയുടെ തുടക്കത്തില്‍ വ്യക്തമാക്കി. ഇറാന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കളാണ് ചൈന. ഇരു രാജ്യങ്ങളും അവസരങ്ങളെപോലെ തന്നെ വെല്ലുവിളികളെയും നേരിട്ടിട്ടുണ്ടെന്നും ളരീഫ് കൂട്ടിച്ചേര്‍ത്തു. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലും നിലനില്‍ക്കുന്ന അസ്വസ്ഥതകളും പ്രതിസന്ധികളും ശാശ്വതമല്ലെന്ന് വാംഗ് യി പറഞ്ഞു. അവ രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കപ്പെടേണ്ടതുണ്ട്. വിവിധ പാര്‍ട്ടികളുടെ നേതൃനിരകളുമായി ചര്‍ച്ച നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.