അഭയാര്‍ഥി പ്രവാഹം തുടരുന്നു; ഹംഗറിയില്‍ അടിയന്തരാവസ്ഥ

Posted on: September 16, 2015 5:45 am | Last updated: September 16, 2015 at 12:45 am

ബുഡാപെസ്റ്റ്: അഭയാര്‍ഥികളുടെ ഒഴുക്ക് തടയാന്‍ ഹംഗറി സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സെര്‍ബിയയില്‍ നിന്ന് അതിര്‍ത്തികടന്നെത്തിയ പതിനായിരത്തിലധികം പേരെ തിങ്കളാഴ്ച ഹംഗറി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നിയമവിരുദ്ധമായി അതിര്‍ത്തി മുറിച്ചുകടന്നുവെന്ന് ചൂണ്ടിക്കാട്ടി സിറിയ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 60 പേരെ ഇന്നലെയും പോലീസ് പിടികൂടി. സെര്‍ബിയയില്‍ നിന്ന് ഹംഗറിയിലേക്ക് അഭയം തേടിയെത്തുന്നവരുടെ അപേക്ഷകള്‍ നിരസിക്കുമെന്നും യുദ്ധമോ പീഡനമോ ഇല്ലാത്തതിനാല്‍ സെര്‍ബിയ തന്നെയാണ് അഭയാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച സ്ഥലമെന്നുമാണ് ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍ നിലപാട് വ്യക്തമാക്കിയത്. അതിര്‍ത്തിയില്‍ അഭയാര്‍ഥികളെ തടഞ്ഞുവെക്കുന്ന ഹംഗറിയുടെ നടപടിയെ ചോദ്യം ചെയ്ത് സെര്‍ബിയ രംഗത്തെത്തിയിട്ടുണ്ട്. ഹംഗറി അഭയാര്‍ഥികള്‍ക്ക് വേണ്ടി അതിര്‍ത്തി തുറന്നുകൊടുക്കണമെന്ന് സെര്‍ബിയ ആവശ്യപ്പെട്ടു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരിക്കാന്‍ അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട മന്ത്രി അലക്‌സാണ്ടര്‍ വുളിന്‍ മുന്നോട്ടുവന്നില്ല. അതിനിടെ, അഭയാര്‍ഥി വിഷയം കൈകാര്യം ചെയ്യുന്ന യു എന്‍ ഏജന്‍സി യു എന്‍ എച്ച് സി ആര്‍ വക്താവ് പ്രതികരണവുമായി രംഗത്തെത്തി. ആയിരക്കണക്കിന് അഭയാര്‍ഥികളെ ഏറ്റെടുക്കാന്‍ യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമുള്ള വിവിധ രാജ്യങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും ആ രാജ്യങ്ങളെ സഹായിക്കാന്‍ യു എന്‍ എച്ച് സി ആര്‍ തയ്യാറാണെന്നും വക്താവ് മെലിസ്സ ഫ്‌ളെമിംഗ് ചൂണ്ടിക്കാട്ടി.
2015ല്‍ ഇതുവരെ രണ്ട് ലക്ഷത്തോളം അഭയാര്‍ഥികള്‍ ഹംഗറിയിലെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ച് അഭയാര്‍ഥികളെ തടയാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ നടത്തുകയാണ് ഇപ്പോള്‍ ഹംഗറി.