Connect with us

Articles

വര്‍ഗീയതയുടെ രാഷ്ട്രീയ ഭാവനകള്‍

Published

|

Last Updated

ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടെ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ അന്വേഷിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് പ്രമുഖ രാഷ്ട്രീയ ചിന്തകനായ അശുതോഷ് വാര്‍ഷ്‌നിയുടെ Ethnic Conflict and Civil Life: Hindus and Muslims in India, എന്ന പുസ്തകം. സമാനമായ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങള്‍ ഉള്ള മൂന്ന് ജോഡി നഗരങ്ങളെ പരസ്പരം താരതമ്യം ചെയ്തുകൊണ്ടാണ് അദ്ദേഹം ഈ പഠനത്തിലെ നിരീക്ഷണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. മൂന്ന് ജോഡി നഗരങ്ങളില്‍ മൂന്ന് നഗരങ്ങള്‍ താരതമ്യേന മെച്ചപ്പെട്ട സാമൂഹിക ജീവിതം സാധ്യമാക്കുമ്പോള്‍, മറ്റു മൂന്നു നഗരങ്ങള്‍ എളുപ്പത്തില്‍ വര്‍ഗീയ കലാപങ്ങളിലേക്ക് വഴുതിവീഴുന്നവയാണ്. അഹ്മദാബാദ് -സൂററ്റ്, ഹൈദരാബാദ് -ലക്‌നൗ, അലിഗഢ് -കോഴിക്കോട് എന്നിവയാണ് വാര്‍ഷ്‌നി പഠനവിധേയമാക്കിയ നഗരങ്ങള്‍. എന്തുകൊണ്ടാണ് കോഴിക്കോട് വര്‍ഗീയ കലാപങ്ങള്‍ നടക്കാത്തതും അതേസമയം അലിഗഢ് പലപ്പോഴും വന്‍തോതിലുള്ള വര്‍ഗീയ കലാപങ്ങള്‍ക്ക് തന്നെ സാക്ഷ്യം വഹിക്കേണ്ടി വന്നതും? വിവിധ സമുദായങ്ങള്‍ തമ്മിലുള്ള പൗര ബന്ധങ്ങളുടെ ആഴവും പരപ്പും കൂടുന്നതിനനുസരിച്ച് ആ നഗരത്തിലെ കലാപ സാധ്യത കുറയുമെന്നാണ് വാര്‍ഷ്‌നി നിരീക്ഷിക്കുന്നത്.
അലിഗഢുമായി താരതമ്യം ചെയ്യുമ്പോള്‍ കോഴിക്കോട് മെച്ചപ്പെട്ട ഒരു നഗരമായി മാറിയതിന് ഈ നഗരത്തിലെ പൗര ബന്ധങ്ങളുടെ ചരിത്രപരമായ രൂപവത്കരണത്തോടാണ് നാം കടപ്പെട്ടിരിക്കുന്നത്. വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ രാഷ്ട്രീയത്തിലും കച്ചവടത്തിലും സാമൂഹിക നീതി ലഭ്യമാക്കുന്ന കാര്യത്തിലും തുടങ്ങി ഭൂപരിഷ്‌കരണത്തിലും ട്രേഡ് യൂനിയനുകളിലും വരെ നിലനില്‍ക്കുന്ന ശക്തവും സൗഹൃദപരവുമായ പൗര ജീവിതമാണ് കോഴിക്കോടിനെ അലിഗഢില്‍ നിന്നും വ്യത്യസ്തമാക്കുന്നതെന്നാണ് വാര്‍ഷ്‌നിയുടെ കണ്ടെത്തല്‍. ഇതിനു പുറമേ, കോഴിക്കോട് മതത്തെക്കാള്‍ ജാതിയാണ് പ്രധാനമായും ആളുകള്‍ക്കിടയിലെ വ്യത്യാസത്തെ അടയാളപ്പെടുത്താന്‍ ഉപയോഗിക്കുന്നതെന്നും, അലിഗഢില്‍ മുസ്‌ലിംകളുടെ പൗര ജീവിതത്തിന്റെ ഏറിയ പങ്കും മുസ്‌ലിം സമുദായത്തിന്റെ അകത്തുനിന്നു മാത്രം രൂപപ്പെട്ടുവന്നതാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളിലെ വിശദാംശങ്ങളില്‍ ചിലതിനോടും ആ വിശദാംശങ്ങളിലേക്കെത്താന്‍ ഉപയോഗിച്ച രീതിശാസ്ത്രത്തോടും വിയോജിക്കാമെങ്കില്‍ പോലും വാര്‍ഷ്‌നി അടിവരയിടുന്ന സാമൂഹിക യാഥാര്‍ഥ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കാന്‍ കഴിയുക അസാധ്യമാണ്. നമ്മുടെ സാമൂഹിക ജീവിതത്തെ കൂടുതല്‍ സമാധാനപൂര്‍ണവും സംവേദന ക്ഷമവുമാക്കാന്‍ കഴിയുന്ന ചില സൂചനകള്‍ കണ്ടെത്താന്‍ ഈ പഠനം തീര്‍ച്ചയായും സഹായിക്കും.
വാര്‍ഷ്‌നി സൂചിപ്പിച്ച, ഈ പൗര സമൂഹ ഇടപെടലുകളുടെ രൂപഭാവങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഇവിടുത്തെ മതസമൂഹങ്ങളും മതേതര പ്രസ്ഥാനങ്ങളും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ മതമതേതര സമൂഹങ്ങള്‍ നടത്തിപ്പോന്ന പരസ്പര കൊടുക്കല്‍ വാങ്ങലുകളും ആശയ വിനിമയങ്ങളുമാണ് ഇവിടുത്തെ പൗരബോധത്തിന്റെ ഗതിവിഗതികളെ നിശ്ചയിച്ചു പോന്നത്. മതവിശ്വാസികളും മതേതര വിശ്വാസികളും സൂക്ഷ്മമായ ഈ ആശയ വിനിമയത്തില്‍ നിന്നും ഗുണം പറ്റുകയും സ്വയം നവീകരിക്കുകയും മറ്റുള്ളവരെ നവീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ചരിത്രപരമായ ഇത്തരം രുപവത്കരണങ്ങള്‍ നമ്മുടെ സമകാലിക സാമൂഹിക യഥാര്‍ഥ്യങ്ങളുമായി എത്രമാത്രം പൊരുത്തപ്പെട്ടു പോകുന്നുണ്ട് എന്നതാണ് മലയാളികള്‍ എന്ന നിലയില്‍ നാം നേരിടുന്ന പ്രധാന വെല്ലുവിളി. മാത്രവുമല്ല, ചരിത്രത്തില്‍ നിന്നുള്ള ഇത്തരം അനുഭവങ്ങളെ എടുത്തുകാട്ടി മാത്രം പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനുള്ള മാര്‍ഗരേഖ രൂപവത്കരിക്കാന്‍ കഴിയുമോ? രാഷ്ട്രീയമായ സന്നിഗ്ധതകള്‍ ഉയര്‍ത്തുന്ന ഭീഷണികളെ സാംസ്‌കാരികമായ പരിസരത്തു നിന്നും മാത്രം നേരിട്ടാല്‍ മതിയോ?
കേരളത്തിലെ പൗര ജീവിതത്തില്‍ നടന്നുകൊണ്ടിരിക്കുന്ന/നടന്നുകഴിഞ്ഞ ഇടര്‍ച്ചകളെ, ആ ഇടര്‍ച്ചകളെ എളുപ്പം സാധ്യമാക്കിയ ദേശീയ സാഹചര്യങ്ങളെ പരിഗണിക്കാതെ മേല്‍ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയില്ല. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ട് വിവാദങ്ങളെ മുന്‍നിര്‍ത്തി ഇക്കാര്യത്തെ കുറിച്ച് ആലോചിക്കുന്നത്, മേല്‍ ചോദ്യങ്ങളെ നമ്മുടെ ജീവിതത്തോടു തൊട്ടുനില്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ മനസ്സിലാക്കാനും കുറേക്കൂടി ഫലപ്രദമായ പ്രതിരോധ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താനും നമ്മെ സഹായിക്കും. കേരളത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഒരു അറബിക് സര്‍വകലാശാല സ്ഥാപിക്കണമെന്ന ആദ്യം പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റിയുടെയും ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ സമിതിയുടെയും നിര്‍ദേശത്തെ, കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവും ഉണ്ടാക്കാന്‍ ഇടയാക്കുന്ന നിര്‍ദേശം എന്നാണു ചീഫ് സെക്രട്ടറി വിശേഷിപ്പിച്ചിരിക്കുന്നത്. വര്‍ഗീയതയുടെ നിര്‍വചനത്തില്‍ വന്നിരിക്കുന്ന പരിണാമത്തിലേക്ക് ചീഫ് സെക്രട്ടറിയുടെ പ്രസ്തുത റിപ്പോര്‍ട്ട് ചില സൂചനകള്‍ നല്‍കുന്നു എന്നു മാത്രമല്ല, ആ സൂചനകളെ പ്രസ്തുത റിപ്പോര്‍ട്ട് പൂര്‍ണമായും ആന്തരികവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായ സംഘടനകളും സമുദായത്തിനു പുറത്തുള്ള വളരെ ചുരുക്കം ചില ആളുകളും ഒഴികെ മറ്റുള്ളവരെല്ലാം തന്നെ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചില ശരികള്‍ ഇല്ലേ എന്ന് ആലോചിക്കുന്നവരായി മാറിക്കഴിഞ്ഞിട്ടുണ്ട്. അതായത്, അറബിക് സര്‍വകലാശാല എന്ന ആവശ്യം വര്‍ഗീയത ഉണ്ടാക്കുന്ന ഒന്നാണ് എന്നു മലയാളികളെ എളുപ്പത്തില്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത് എന്നു സാരം. വാര്‍ഷ്‌നി നേരത്തെ സൂചിപ്പിച്ച കച്ചവടത്തിലൂടെ പുഷ്ടിപ്പെട്ട കോഴിക്കോട്ടെ പൗരബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ഒരു ഭാഷ കൂടിയാണ് അറബി എന്ന കാര്യം നാം പ്രത്യേകം ഓര്‍ക്കണം.
ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ടു നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളാണ് മറ്റൊരു ഉദാഹരണം. കേരളത്തിലെ ഹൈന്ദവ സമുദായത്തിന്റെ മതേതര സ്വത്വത്തെ നിര്‍ണയിക്കുന്നതില്‍ നാരായണ ഗുരു വഹിച്ച പങ്ക് നിസ്തര്‍ക്കമാണ്. അതോടൊപ്പം ഇവിടുത്തെ മറ്റു സമുദായങ്ങള്‍ക്കിടയില്‍ നടന്ന പല സാമൂഹിക മാറ്റങ്ങളെയും ശ്രീനാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു ചരിത്ര പുരുഷനെ വലതുപക്ഷ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ വര്‍ഗീയതയുടെ പുതിയ ഭാവമായി കാണാന്‍ മലയാളികള്‍ക്ക് കഴിയാതെ പോകുന്നു എന്നത് നിസാരവത്കരിക്കാവുന്ന കാര്യമല്ല. നാരായണ ഗുരുവിന്റെ തന്നെ ആശയങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കും എതിരായി ഗുരുവിനെ തട്ടിയെടുത്ത് സ്വന്തമാക്കാനുള്ള ശ്രമത്തില്‍ മലയാളികള്‍ക്ക് അസാംഗത്യം തോന്നാതിരിക്കുകയും എന്നാല്‍, ആ ശ്രമത്തെ വിവിധങ്ങളായ ആവിഷ്‌കാരങ്ങളിലൂടെ തുറന്നുകാണിക്കുന്നത് മഹാപാതകമായി തോന്നുകയും ചെയ്യുന്നതിന്റെ പൊരുള്‍ എന്താണ്? എന്തുകൊണ്ടാണ് ഈ തട്ടിയെടുക്കലിലെ വര്‍ഗീയതയെ മലയാളികള്‍ക്ക് ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ പ്രയാസപ്പെടേണ്ടി വരുന്നത്?
എന്താണ് വര്‍ഗീയത എന്ന വിശദീകരണത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദത്തിനിടയില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ സംഭവിച്ചിട്ടുണ്ട്. പുതിയ ദേശീയ അന്തര്‍ദേശീയ സാഹചര്യങ്ങളും താത്പര്യങ്ങളും അധികാര ബന്ധങ്ങളും അവരുടെ മുന്‍ഗണനകളും ഈ വിശദീകരണത്തെ ചിട്ടപ്പെടുത്തുന്നതില്‍ വലിയ സ്വാധീനം തന്നെ ചെലുത്തിയിട്ടുണ്ട്. ആ സ്വാധീനത്തിന്റെ വലയത്തില്‍ നിന്നും മാറിനില്‍ക്കാന്‍ മലയാളികള്‍ക്ക് പോലും കഴിഞ്ഞിട്ടില്ല എന്നു വിശദീകരിക്കാനാണ് അറബിക് സര്‍വകലാശാലയുടെയും ശ്രീനാരായണ ഗുരുവിന്റെയും അനുഭവങ്ങളെ ഉദാഹരണമായി എടുത്തുകാട്ടിയത്. എന്താണ് വര്‍ഗീയത, എന്തല്ല വര്‍ഗീയത എന്നതിനെ കുറിച്ചുള്ള കൃത്യമായ നിലപാടുകള്‍ രൂപപ്പെടുത്താതെയുള്ള ഏതൊരു നീക്കവും വര്‍ഗീയതയുടെ വക്താക്കളെയാകും ആത്യന്തികമായി സഹായിക്കുക. വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ അക്രമാസക്തവും അതേസമയം നിശബ്ദവും സൂക്ഷ്മവുമായ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് മുമ്പ് രൂപപ്പെട്ട ആശയ പരിസരത്തു നിന്നാണ് ഒട്ടുമിക്ക വര്‍ഗീയവിരുദ്ധ ക്യാമ്പയിനുകളും ഇപ്പോഴും അവരുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിപ്പോരുന്നത്. വര്‍ഗീയത ഇന്ന് സ്ഥാപനവത്്കരിക്കപ്പെട്ടു കഴിഞ്ഞു. പ്രത്യക്ഷ തലത്തില്‍ ഉള്ളതിനെക്കാളേറെ ഘടനാപരമായ രീതിയിലാണ് വര്‍ഗീയ അതിക്രമങ്ങള്‍ ശക്തമായിട്ടുള്ളത്. ഭരണകൂടങ്ങളുടെ കൂടി പങ്കാളിത്തത്തോടെയാണ് ഇക്കര്യങ്ങളൊക്കെയും നടക്കുന്നത്. അതുകൊണ്ടുതന്നെ ഭരണകൂടം രക്ഷിക്കാനെത്തും എന്ന പ്രതീക്ഷയുടെ കാലവും കഴിഞ്ഞു. അസമില്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശീയാതിക്രമണ സമയത്ത് അവിടെ സുന്നി സംഘടനകള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കവേ ഇക്കാര്യങ്ങള്‍ അവയുടെ ഏറ്റവും തീവ്രതയോടെ അനുഭവിച്ച ഒരാള്‍ എന്ന നിലയില്‍ കൂടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
വര്‍ഗീയത, ഒരാശയം എന്ന നിലയില്‍ നിന്നും നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഒരു യാഥാര്‍ഥ്യമായി കഴിഞ്ഞിട്ടുണ്ട്. അലിഗഢില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല സാമുദായിക ധ്രുവീകരണം. കോഴിക്കോട്ടും ഇന്നതിനു പഴുതുകള്‍ ഉണ്ട്. നിത്യജീവിതത്തില്‍ വര്‍ഗീയത കൊണ്ടുവന്നിട്ടുള്ള ഇത്തരം പരിണാമങ്ങളെ മുഖവിലക്കെടുത്തുകൊണ്ടും, പുതിയ അനുഭവങ്ങളുടെയും ആശയങ്ങളുടെയും വെളിച്ചത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ നവീകരിച്ചുകൊണ്ടുമല്ലാതെ വര്‍ഗീയതയെ ഫലപ്രദമായി നേരിടുക സാധ്യമല്ല. തലശ്ശേരി കലാപത്തിന്റെ സമയത്ത് പിണറായി വിജയനെ പോലുള്ള ഒരാള്‍ക്ക് പള്ളിയുടെ മുന്നില്‍ നിന്നു മുസ്‌ലിംകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ കഴിഞ്ഞതുപോലെയുള്ള ഒരു സാഹചര്യമല്ല ഇന്ന് നമുക്ക് മുന്നിലുള്ളത്. തലശ്ശേരിക്കും കലാപങ്ങള്‍ക്കും കലാപകാരികള്‍ക്കും ഇരകള്‍ക്കും സംഭവിച്ച മാറ്റങ്ങളെ പരിഗണിക്കാതെയുള്ള കാവല്‍നില്‍പ്പ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയേ ഉള്ളൂ. അത്തരമൊരു ജാഗ്രത രൂപപ്പെടുത്താന്‍ കഴിയുമോ എന്നതാണ് നമുക്ക് മുന്നിലെ വെല്ലുവിളി. കുറച്ചു വര്‍ഷം മുമ്പ് വര്‍ഗീയതക്കെതിരെ കോഴിക്കോട് ഒരു കൂട്ടായ്മ സംഘടിപ്പിച്ചാല്‍ വന്നേക്കാവുന്ന പലരും ഇപ്പോള്‍ നമ്മുടെ കൂടെയില്ല. ആളുകള്‍ മാത്രമല്ല, സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും മാധ്യമങ്ങളും അങ്ങനെ തന്നെ. എണ്ണത്തില്‍ വന്ന ഈ കുറവിനെ ആശയങ്ങളിലെ വ്യക്തത കൊണ്ടും സമര്‍ഥനത്തിലെ കൃത്യത കൊണ്ടും പ്രതിരോധനത്തിനു വേണ്ടി സ്വീകരിക്കുന്ന രീതിശാസ്ത്രങ്ങളിലെ നൂതനത്വം കൊണ്ടും വേണം നാം മറികടക്കാന്‍. അതിനു പകരം, നമ്മുടെ ബോധ്യങ്ങളെ കുറിച്ച് പലപ്പോഴും ക്ഷമാപണത്തോടെയേ നമുക്ക് സംസാരിക്കാന്‍ കഴിയുന്നുള്ളൂ എന്നതാണ് സങ്കടകരം.
പരിമിതികള്‍ ഏറെയുണ്ടെങ്കിലും ഇന്ത്യന്‍ മതേതരത്വം എന്നത് ഇപ്പോഴും പ്രസക്തമായ ഒരാശയമാണ്. അതിന്റെ പ്രയോഗവത്കരണം അപൂര്‍ണവും തിരഞ്ഞെടുക്കപ്പെട്ട സമൂഹങ്ങളിലും മാത്രമേ നടന്നിട്ടുള്ളൂ എന്നതാണ് പ്രധാനപ്പെട്ട പരിമിതി. ആ പരിമിതിയില്‍ നിന്നു രക്ഷപ്പെട്ടു പോരാന്‍ ഉത്തരവാദപ്പെട്ട മതേതര പ്രസ്ഥാനങ്ങള്‍ക്ക് പോലും ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് നേര്. ഭൂരിപക്ഷത്തിന്റെ പൊതു സമ്മതിക്കെതിരാണെങ്കില്‍, മതേതരത്വത്തിന്റെ പ്രയോഗ വത്കരണത്തില്‍ ചില വിട്ടുവീഴ്ചകള്‍ ആകാം എന്നാണു ചിലരുടെ നിലപാട്. മതേതരത്വം ഒരു ജീവിതവീക്ഷണം എന്നതില്‍ നിന്നും ഇലക്ട്രല്‍ തന്ത്രം എന്ന നിലയിലേക്ക് രൂപം മാറിക്കഴിഞ്ഞു. ഇലക്ട്രല്‍ സെക്കുലറിസം എന്നൊരു പ്രയോഗം തന്നെ ഇപ്പോള്‍ വന്നുകഴിഞ്ഞിട്ടുണ്ട്. പ്രായോഗിക തലത്തില്‍ ഇന്ത്യന്‍ സെക്കുലറിസത്തിന് സംഭവിച്ച പരിമിതികളെ മറികടക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ രൂപപ്പെടുത്തുന്നതിന് പകരം, അത്തരം പരിമിതികളെ ഒരവസരമാക്കി മാറ്റാനുള്ള ശ്രമമാണ് പല ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. സമൂഹത്തിന്റെ വിവിധ ധാരകളില്‍ നിന്ന് ആശയപരവും പ്രായോഗികവുമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് ഇന്ത്യന്‍ മതേതരത്വം എന്ന ആശയത്തെ വിപുലപ്പെടുത്തുകയാണ് നമുക്ക് മുന്നിലെ ഒരു പോംവഴി. അത്തരം അന്വേഷണങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മതേതര പ്രസ്ഥാനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഇന്ത്യന്‍ സെക്കുലറിസം എന്ന ആശയത്തെ പുഷ്ടിപ്പെടുത്തുന്നതില്‍ നിര്‍ണായകമായ സംഭാവനകള്‍ നല്‍കിയ അതിലെ ഇടതുപക്ഷ ധാരകള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയും. (തുടരും)

…………………………………………………………………………………………………………..
കേളു ഏട്ടന്‍ പഠന ഗവേഷണ കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച വര്‍ഗീയവിരുദ്ധ സെമിനാറില്‍ നടത്തിയ പ്രഭാഷണം.

Latest