സംസ്ഥാനത്തെ 200 പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കേണ്ട അവസ്ഥ: മന്ത്രി

Posted on: September 15, 2015 9:52 am | Last updated: September 15, 2015 at 9:52 am

കോട്ടക്കല്‍: സംസ്ഥാനത്തെ ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് 200 മുനിസിപ്പാലിറ്റികള്‍ വരെ പുതുതായി രൂപവത്കരിക്കേണ്ട സാഹചര്യമാണുള്ളതെന്ന് നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി. കോട്ടക്കല്‍ നഗരസഭയുടെ ഉദ്യാന പാത ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ധനയാണ് സംസ്ഥാനത്തുള്ളത്. ഇതനുസരിച്ച് നിലവിലെ പഞ്ചായത്തുകളില്‍ 200 ഓളം മുനിസിപ്പാലിറ്റികളാക്കി മാറ്റണം. വികസനത്തിന് ഇത് ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. വികസനത്തിനൊപ്പം സമൂഹത്തിലെ ജീവിത സാഹചര്യങ്ങളും മാറി വരികയാണ്. ജീവിത ശൈലി രോഗങ്ങളും കൂടി. ഭക്ഷണം കഴിച്ച് മേലനങ്ങാതെ ചടഞ്ഞിരിക്കുകയാണ് പുതിയ തലമുറ പോലും. ഇവര്‍ക്ക് ഇറങ്ങി നടക്കാന്‍ ഉദ്യാന പാതകള്‍ വേണമെന്നും മന്ത്രി പറഞ്ഞു. പടിഞ്ഞാറെ തോടിന് അരികിലൂടെ ഒരു കോടി 5.8 ലക്ഷം രൂപ ചെലവിലാണ് നഗരസഭ പാത നിര്‍മിച്ചത്.
നഗരത്തിന്റെ തിരക്കില്‍ നിന്നും മാറി സവാരിക്കിറങ്ങുന്നവരെ ലക്ഷ്യം വെച്ച് നിര്‍മിച്ചതാണ് പാത. കാവതികളം റോഡില്‍ നിന്നും തുടങ്ങി പുത്തൂര്‍ ബൈപ്പാസില്‍ എത്തിചേരുന്ന തരത്തിലാണ് പാത നിര്‍മിച്ചത്. അബ്ദുസമദ് സമദാനി എം എല്‍ എ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങ് പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പാക്കാതെയുള്ള പരിപാടിയായതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണമെന്ന് സി പി എം അറിയിച്ചു.