Connect with us

Kerala

സാമ്പത്തിക ഞെരുക്കത്തിനിടെ മൂന്ന് പി എസ്് സി അംഗങ്ങള്‍ വിദേശത്തേക്ക്‌

Published

|

Last Updated

തിരുവനന്തപുരം; റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസംകൂടി നീട്ടാന്‍ പി എസ് സി യോഗം തീരുമാനിച്ചു. ഈ മാസം 30ന് മൂന്ന് വര്‍ഷം തികയുന്നതും നാലര വര്‍ഷം പൂര്‍ത്തിയാകാത്തതുമായ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ആറ് മാസത്തേക്ക് നീട്ടിയത്. നാനൂറോളം റാങ്ക് ലിസ്റ്റുകള്‍ക്കായിരിക്കും കാലാവധി നീട്ടലിന്റെ പ്രയോജനം ലഭിക്കുക. നാലരവര്‍ഷം പൂര്‍ത്തിയാകാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം കൂടി നീട്ടണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശിപാര്‍ശ പരിഗണിച്ചാണ് കമ്മീഷന്‍ തീരുമാനം. ഈ തസ്തികകളിലേക്ക് ഉടന്‍ പുതിയ റാങ്ക് ലിസ്റ്റ് വരാന്‍ സാധ്യതയില്ലെങ്കില്‍ കാലാവധി നീട്ടണമെന്നായിരുന്നു പി എസ്‌സിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ചെറുതും കാര്യമായ നിയമനം നടക്കാത്തതുമായ റാങ്ക് ലിസ്റ്റുകളാണ് ഈ പരിധിയില്‍പ്പെടുക. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഇത് പത്താം തവണയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത്. കാലാവധി നീട്ടുന്നതിനെതിരെ എട്ട് എല്‍ ഡി എഫ് നോമിനികള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ഇത് സര്‍ക്കാറിനെ രേഖാമൂലം അറിയിക്കുമെന്ന് ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ അറിയിച്ചു.
മൂന്ന് പി എസ് സി അംഗങ്ങളെ ലണ്ടനില്‍ പബ്ലിക് ഇന്‍ഫര്‍മേഷനില്‍ പ്രത്യേക പരിശീലനത്തിന് അയക്കും. ഇതിന് സര്‍ക്കാറിന്റെ അനുമതി തേടാനാണ് തീരുമാനം. വര്‍ഷം തോറും നവംബറില്‍ ലണ്ടനില്‍ നടക്കുന്ന പരിശീലന സെഷനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍ റിക്രൂട്ടിംഗ് ഏജന്‍സികളിലെ അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. ലണ്ടനിലെ പാര്‍ലിമെന്ററി ഇന്‍സ്റ്റിറ്റിയൂട്ടാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും കേരള പി എസ് സിയില്‍ നിന്ന് മൂന്ന് പേര്‍ ലണ്ടനില്‍ പോയിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലം പി എസ് സിയുടെ പ്രവര്‍ത്തനം അവതാളത്തിലാണെങ്കിലും അംഗങ്ങളുടെ വിദേശ പരിശീലനം സംബന്ധിച്ച തീരുമാനം ഏകകണ്ഠമായിരുന്നു. അഡ്വ. അശോകന്‍ ചരുവില്‍, അഡ്വ. എം കെ സക്കീര്‍, വി എസ് ഹരീന്ദ്രനാഥ് എന്നിവരാണ് ലണ്ടനിലേക്ക് പോകുക. ഒരംഗത്തിന് അഞ്ച് ലക്ഷം രൂപ വീതം 15 ലക്ഷം രൂപയാണ് ഇതിന് ചെലവുവരികയെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Latest