Connect with us

Kasargod

ഐ എസില്‍ ചേര്‍ത്തതായി യുവാവിന് വാട്‌സ്ആപ്പ് സന്ദേശം; സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി

Published

|

Last Updated

കാസര്‍കോട്: കൊച്ചി കാക്കനാട്ട് ജോലി ചെയ്യുന്ന കാസര്‍കോട് സ്വദേശിയായ യുവാവിനെ ഐ എസില്‍ ചേര്‍ത്തതായി വാട്‌സ് ആപ്പ് സന്ദേശം ലഭിച്ചതിനെക്കുറിച്ച് പോലീസ് സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ദഅ്‌വത്തുല്‍ ഇസ്‌ലാം ദഅ്‌വ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ അംഗമാക്കിയതിന് ശേഷമാണ് ഐ എസില്‍ എടുത്തതായി (+1(509)8710700) എന്ന വിദേശ നമ്പറില്‍ നിന്ന് സന്ദേശം വന്നത്.
താങ്കളെ ഐ എസില്‍ റിക്രൂട്ട് ചെയ്തിരിക്കുന്നുവെന്നും ഇനിയുള്ള ദിവസങ്ങളില്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ഗ്രൂപ്പില്‍ അംഗമായതോടെ അപകടസാധ്യതയുണ്ടെന്നും അതീവ ശ്രദ്ധാലുവായിരിക്കണമെന്നുമാണ് ഷാമി എന്ന് പരിചയപ്പെടുത്തിയയാള്‍ അയച്ച സന്ദേശത്തില്‍ പറയുന്നത്. ഐ എസിന്റെ പതാകയാണ് ഗ്രൂപ്പ് ഐക്കണായി ചേര്‍ത്തിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ഷാമി, യുവാവിനെ അഭിവാദ്യം ചെയ്തുകൊണ്ടുള്ള ആദ്യ സന്ദേശം കൈമാറിയത്. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് താന്‍ ഐ എസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയത്. ശനിയാഴ്ച വീണ്ടും ഒരു ശബ്ദസന്ദേശം ലഭിച്ചു. അപകടം മനസ്സിലാക്കിയ യുവാവ് ഗ്രൂപ്പില്‍ നിന്ന് ലെഫ്റ്റടിക്കുകയും വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് കൊച്ചി പോലീസില്‍ പരാതി നല്‍കിയത്. ഫേസ്ബുക്കിലെ സജീവമായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലെ അംഗമാണ് സന്ദേശം ലഭിച്ച കാസര്‍കോട്ടെ യുവാവ്. അതേസമയം വിദേശത്തുള്ള സുഹൃത്തുക്കള്‍ കബളിപ്പിക്കാന്‍ ചെയ്തതാണോ ഇതെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഐ എസ് സ്വാധീനം ശക്തമാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇത്തരം സംഭവങ്ങള്‍.

Latest