നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള നീക്കം അസംബ്ലി തള്ളി

Posted on: September 15, 2015 4:00 am | Last updated: September 15, 2015 at 12:00 am

കാഠ്മണ്ഡു: നേപ്പാളിനെ വീണ്ടും ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കാനുള്ള നീക്കം നേപ്പാള്‍ കോണ്‍സ്റ്റിയൂറ്റന്റ് അസംബ്ലി തള്ളി. ഇന്നലെ നടന്ന വോട്ടെടുപ്പിലാണ് അസംബ്ലി ഈ നീക്കത്തെ എതിര്‍ത്ത് തോല്‍പ്പിച്ചത്. ഇതേതുടര്‍ന്ന് രാജ്യത്ത് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.
രാജ ഭരണ കാലത്ത് നൂറ്റാണ്ടുകളോളം ഹിന്ദുരാഷ്ട്രമായാണ് നേപ്പാളിനെ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ 2006ല്‍ രാജഭരണം അവസാനിച്ചതോടെ ‘മതേതര’ രാജ്യമായി നേപ്പാള്‍ മാറുകയായിരുന്നു. നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്ട്രമാക്കാനുള്ള തീരുമാനത്തിനെതിരെ ഭൂരിഭാഗവും അംഗങ്ങളും വോട്ട് ചെയ്തു. ഈ തീരുമാനം നടപ്പാക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. രാഷ്ട്രീയ പ്രജാതന്ത്രപാര്‍ട്ടിയാണ് ഹിന്ദുരാഷ്ട്രമാക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യം രാജവാഴ്ചയിലേക്ക് തിരിച്ചു പോകണമെന്നും പാര്‍ട്ടി ആവശ്യപ്പെടുന്നു.
വോട്ടെടുപ്പ് ഫലം പ്രതികൂലമായതോടെ പ്രകോപിതരായ നൂറുകണക്കിന് പേര്‍ അസംബ്ലിക്ക് പുറത്ത് പോലീസുമായി ഏറ്റുമുട്ടി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. യു എന്നിന്റേതടക്കം പല വാഹനങ്ങളും പ്രതിഷേധക്കാര്‍ തകര്‍ത്തു.
ഭരണഘടനാ പരിഷ്‌കരണം ദീര്‍ഘകാലമായി നേപ്പാളില്‍ പ്രതിസന്ധിയായി നിലനില്‍ക്കുകയായിരുന്നു. നേപ്പാളിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലെ വൈരം ഇത് കൂടുതല്‍ സങ്കീര്‍ണമാക്കുകയും ചെയ്തു. അവസാനം ഈ വര്‍ഷത്തിലാണ് മൂന്ന് പ്രധാന പാര്‍ട്ടികളും ഭരണഘടനാ പരിഷ്‌കാരത്തില്‍ യോജിപ്പിലെത്തിയത്.