പോലീസിന്റെ മുഖവും മനസ്സും മാറ്റിയെടുക്കാന്‍ ഓപ്പറേഷന്‍ സംഗീതം

Posted on: September 14, 2015 6:28 pm | Last updated: September 14, 2015 at 6:28 pm
 താമരശ്ശേരി പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനത്തെ സംഗീത സംവിധാനം ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനത്തെ സംഗീത സംവിധാനം ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

താമരശ്ശേരി: പോലീസിന്റെ മുഖവും മനസ്സും മാറ്റിയെടുക്കാന്‍ താമരശ്ശേരി പോലീസ് സബ് ഡിവിഷന്‍ ആസ്ഥാനത്ത് ഓപ്പറേഷന്‍ സംഗീതം. ഡി വൈ എസ് പി, സി ഐ ഓഫീസുകളിലും പോലീസ് സ്‌റ്റേഷനിലും മുഴുവന്‍ സമയത്തും നേര്‍ത്ത താളമേളത്തിന്റെ അലയൊലികളൊരുക്കി പോലീസിന്റെ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിക്കുകയാണ് താമരശ്ശേരി പോലീസ്. മനുഷ്യഹൃദയത്തിന്റെയും തലച്ചോറിന്റെയും താളപ്പിഴകള്‍ ഇല്ലാതാക്കാന്‍ സംഗീതത്തിന് കഴിയുമെന്ന കണ്ടെത്തലുകളില്‍നിന്നാണ് താമരശ്ശേരി പോലീസ് സംഗീതത്തെ ആയുധമാക്കാന്‍ തീരുമാനിച്ചത്. ജോലിഭാരവും സമ്മര്‍ദ്ധങ്ങളും പിരിമുറുക്കത്തിലാക്കുന്ന പോലീസുകാരെ ഊര്‍ജസ്വലരായി നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന ചിന്തയാണ് പോലീസ് സ്‌റ്റേഷന്‍ സംഗീത വത്കരിക്കാന്‍ പ്രേരിപ്പിച്ചത്. റൂറല്‍ എസ് പി. പി എച് അഷ്‌റഫിന്റെ ആശയം പരീക്ഷിക്കാനുറച്ച് താമരശ്ശേരി സി ഐ. കെ സുഷീറാണ് ഓപ്പറേഷന്‍ സംഗീതത്തിന് ചുക്കാന്‍ പിടിക്കുന്നത്. പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തുന്നവര്‍ക്കും വിവിധ കേസുകളില്‍ പോലീസ് വിളിപ്പിക്കുന്നവര്‍ക്കും ഏറെ നേരം കാത്തിരിക്കേണ്ടി വരുമ്പോള്‍ ഇനിമുതല്‍ സംഗീതം അവരെ ആശ്വസിപ്പിക്കും. ഹൈടെക് ആശുപത്രികള്‍പോലും മ്യൂസിക് തൊറാപ്പിക്ക് വലിയ പ്രാധാന്യം നല്‍കുന്ന സാഹചര്യത്തിലാണ് താമരശ്ശേരി പോലീസ് സംഗീത വിപ്ലവം നടപ്പിലാക്കുന്നത്.
ഡി വൈ എസ് പി ഓഫീസിലും സി ഐ ഓഫീസിലും പോലീസ് സ്‌റ്റേഷനിലും ഓരോ ഹോം തിയേറ്ററുകള്‍ സ്ഥാപിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. പോലീസ് സ്‌റ്റേഷനില്‍ പ്രധാന ഹാളിലും ലോക്കപ്പിന് സമീപത്തും എസ് ഐ യുടെ മുറിയിലും ഉള്‍പ്പെടെ അഞ്ച് സ്പീക്കറുകളാണ് സ്ഥാപിച്ചത്. പദ്ധതി വിജയിച്ചാല്‍ സബ് ഡിവിഷനിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുമെന്ന് സംഗീത സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച ഡി വൈ എസ് പി. ആര്‍ ശ്രീകുമാര്‍ പറഞ്ഞു. സി ഐ. കെ സുഷീര്‍, എസ് ഐ. എന്‍ രാജേഷ് കുമാര്‍, തിരുവമ്പാടി എസ് ഐ സനല്‍ രാജ് സംബന്ധിച്ചു.
പോലീസിന്റെ പെരുമാറ്റം നന്നാക്കാന്‍ നല്ല നാക്കും നല്ല വാക്കും എന്ന പേരില്‍ താമരശ്ശേരി സര്‍ക്കിളിലെ നൂറോളം പോലീസുകാരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സേനാംഗങ്ങള്‍ക്കായി നിയമ ബോധവല്‍കരണം, ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്രദ്ധേയരായ താമരശ്ശേരി പോലീസിന്റെ ഓപ്പറേഷന്‍ സംഗീതം കേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.