വിജയത്തിലേക്കുള്ള വഴികള്‍

Posted on: September 13, 2015 3:51 am | Last updated: September 12, 2015 at 11:53 pm

successവിജയത്തിലേക്ക് കുറുക്കുവഴികളുണ്ടോ, എളുപ്പവഴികളുണ്ടോ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. ചിന്തകനായ എമേഴ്‌സണ്‍ പറയുന്നു; ‘വിജയത്തിലേക്ക് കുറുക്കുവഴികളില്ല. ഉത്സാഹത്തിന്റെ അഭാവത്തില്‍ മഹത്തായ കാര്യങ്ങളൊന്നും നേടാനാവുകയില്ല’. എല്ലാ കുറുക്കു വഴികളും നേരായവഴിയേക്കാള്‍ വളഞ്ഞവയായിരിക്കും. നേരായ മാര്‍ഗ്ഗമല്ലാതെ എളുപ്പവഴികള്‍ തേടുമ്പോള്‍ പരിഹരിക്കാനാവാത്ത പൊല്ലാപ്പുകള്‍ വന്നുചേരും. കുരുക്കുകള്‍ നിറഞ്ഞതാണ് കുറുക്കുവഴി. കുരുക്കുകള്‍ അഴിക്കുന്തോറും മുറുകി മുറുകി വരും.
പണിചെയ്യാതെ പണമുണ്ടാക്കാനും ഞൊടിയിടയില്‍ നേട്ടമുണ്ടാക്കാനും കൈ നനയാതെ മീന്‍ പിടിക്കാനും എളുപ്പവഴികള്‍ തേടുന്നവര്‍ ചതിക്കുഴിയില്‍പ്പെട്ട ചരിത്രമാണുള്ളത്. നാണക്കേടുമൂലം പലര്‍ക്കുമതു പുറത്തുപറയാന്‍ സാധിക്കാറില്ല. കേരളത്തില്‍ പെട്ടെന്ന് പണക്കാരാനാകാനുള്ള നിരവധി തട്ടിപ്പുപദ്ധതികള്‍ പലവട്ടം ആവര്‍ത്തിക്കപ്പെട്ടു. ഇന്നും ഇത്തരം ചതിക്കുഴികളില്‍ പണാസക്തി മൂലം മനുഷ്യന്‍ നിരന്തരം ചെന്നുവീഴുകയാണ്. അധ്വാനിക്കാതെ ആര്‍ജ്ജിക്കുന്ന പണം നിലനില്‍ക്കുകയില്ല. അധ്വാനമാണ് സമ്പത്തെന്നും പ്രയത്‌നമാണ് ഈശ്വരാരാധനയെന്നും ജപ്പാന്‍കാര്‍ വിശ്വസിക്കുന്നതുകൊണ്ടാണ് ജപ്പാന്‍ ഒരു സാമ്പത്തിക അത്ഭുതമായി പരിണമിച്ചത്.
2015 സെപ്തംബര്‍ 5 ശനിയാഴ്ച കൊച്ചി ലെ-മെറിഡിയനില്‍ നടന്ന, ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ ഇന്ത്യ ചാപ്റ്റര്‍ രജതജൂബിലി സംഗമ സമ്മേളനത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞു; ‘വിജയത്തിന് എളുപ്പവഴികളില്ല. വെല്ലുവിളികളെ നേരിടാന്‍ കഴിഞ്ഞാല്‍ മാത്രമേ വിജയം എത്തിപ്പിടിക്കാന്‍ കഴിയുകയുള്ളൂ. ലക്ഷ്യങ്ങള്‍ കൈവരിക്കാതെ പിന്നോട്ടു നടക്കരുത്. ചിലപ്പോള്‍ ഒരടികൂടി ശ്രമിച്ചാല്‍ ലക്ഷ്യം നമുക്ക് സ്വന്തമാകും’. കഠിനാധ്വാനവും സ്ഥിരപരിശ്രമവുമാണ് വിജയവഴിയെന്ന് സച്ചിന്‍ ചൂണ്ടിക്കാട്ടുന്നു. ജനജീവിതത്തിന് മൂല്യം നല്‍കുന്ന ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളില്‍ മാത്രമേ സച്ചിന്‍ പ്രത്യക്ഷപ്പെടാറുള്ളൂ. പുകവലിയും മദ്യപാനവും പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ സച്ചിന്‍ പ്രത്യക്ഷപ്പെട്ടില്ലില്ല. അച്ഛന്റെ ഉപദേശപ്രകാരമായിരുന്നു അതെന്ന് സച്ചിന്‍ വിശദീകരിച്ചിട്ടുണ്ട്. വളഞ്ഞവഴികള്‍ തേടരുതെന്നും പിതാവ് സച്ചിനോട് നിര്‍ദ്ദേശിച്ചിരുന്നു.
പടവുകള്‍ ചവിട്ടി മാത്രമേ മുകളില്‍ കയറാനാകൂ. പടവുകള്‍ ഒഴിവാക്കി കയറാന്‍ ശ്രമിച്ചാല്‍ അടിതെറ്റിവീഴും. ഏതുകാര്യത്തിനും അനുക്രമമായ വളര്‍ച്ചയുടെയും വികസനത്തിന്റെയും ഘട്ടങ്ങളുണ്ട്. അത് ഒഴിവാക്കി കുറുക്കുവഴികള്‍ തേടിയാല്‍ നിരാശയും കനത്ത ദു:ഖവുമാണ് ഏറ്റുവാങ്ങാന്‍ കഴിയുക. ജീവിതവിജയമെന്നാല്‍ മറ്റുള്ളവരെ വഞ്ചിച്ച് പിടികൊടുക്കാതെ രക്ഷപ്പെട്ടെന്നു കരുതി നടക്കുന്നവര്‍ക്കുമാത്രമാണെന്ന ധാരണ തെറ്റാണ്. പലനാള്‍ കള്ളന്‍ ഒരുനാള്‍ കുടുങ്ങും. കള്ളത്തരങ്ങളും അഴിമതിയും കച്ചവടത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭാഗമാക്കുന്നവരുണ്ട്. അവര്‍ക്കെല്ലാം താത്ക്കാലിക ലാഭവും നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞേക്കാം. സമ്പത്തും സ്വാധീനവും അധികാരവുമാണ് നേട്ടങ്ങള്‍. എന്നാല്‍ ഈ നേട്ടങ്ങള്‍ക്കൊന്നും ദീര്‍ഘായുസുണ്ടാവില്ല. അധാര്‍മ്മിക നീക്കങ്ങള്‍ നടത്തിയ ബിസിനസ് സംരംഭങ്ങള്‍ നാടുനീങ്ങും. അഴിമതി നടത്തി അധികാരം പിടിച്ചവരെ ജനം പുച്ഛിച്ചുതള്ളും. അവരുടെ മക്കള്‍പോലും പഴി കേള്‍ക്കേണ്ടിവരും. അവസാനം കള്ളനല്ല എന്നു സ്ഥാപിക്കാന്‍ കട്ടെടുത്ത മുതലു മുഴുവന്‍ ഉപയോഗിക്കേണ്ടിവരും. എന്നാലും ചരിത്രത്തിലവര്‍ കറുത്ത കഥാപാത്രങ്ങളായി അവശേഷിക്കും.
കുറുക്കുവഴികള്‍ തേടിയാല്‍ ദുരിതവഴികളാകും തുറക്കപ്പെടുക. തന്നിഷ്ടം ചെയ്ത് തിന്മയെ പുല്‍കുന്നതിനെക്കാള്‍ നന്മയുടെ വഴികള്‍ തേടുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ എന്തുകൊണ്ടും മെച്ചമായിത്തീരുക. സ്വാമി വിവേകാനന്ദന്‍ പറയുന്നു; ‘ഉണരുക, എഴുന്നേല്‍ക്കുക, ലക്ഷ്യം നേടുംവരെ പ്രയത്‌നിക്കുക’. അലസമായ കരം ദാരിദ്ര്യം വരുത്തിവയ്ക്കുന്നു. സ്ഥിരോത്സാഹിയുടെ കൈ സമ്പത്തുനേടുന്നു എന്നാണ് ബൈബിളില്‍ (സുഭാഷിതങ്ങള്‍ 10:4) പറയുന്നത്. നമുക്ക് കുറുക്കുവഴികള്‍ ഉപേക്ഷിച്ച് നേരായ മാര്‍ഗ്ഗത്തിലൂടെ വിജയികളാകാം.