പരമ്പരാഗത അങ്ങാടി ശ്രദ്ധേയമായി

Posted on: September 12, 2015 6:17 pm | Last updated: September 12, 2015 at 6:17 pm

gava thayyarukkunnuഅബുദാബി: അബുദാബി എക്‌സിബിഷന്‍ സെന്ററിലെ അശ്വാരൂഢ പ്രദര്‍ശന നഗരിയിലെ പരമ്പരാഗത അങ്ങാടി ശ്രദ്ധേയമായി. പരമ്പരാഗത പൈതൃക വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന ഭാഗത്താണ് ഈ അങ്ങാടി ഒരുക്കിയിട്ടുള്ളത്. നെയ്പുല്ല് കൊണ്ട് പണിത കുട്ടകളും തൊപ്പികളും ഈത്തപ്പഴ മരത്തിന്റെ ജാലകള്‍ കൊണ്ട് നിര്‍മിച്ച പേഴ്‌സുകളും കാറ്റ് കൊള്ളുന്നതിന് ഉപയോഗിക്കുന്ന വിശറികളുമാണ് ഇവിടെ വില്‍പന നടത്തുന്നത്. കരകൗശല വസ്തുക്കളും വസ്ത്രങ്ങളും വില്‍പനക്കുണ്ട്. ഒമാനിലെ ഖാബൂറയിലെ ആദിവാസി സമൂഹം നിര്‍മിച്ച സുഗന്ധ ദ്രവ്യ വസ്തുക്കളും ഖാവകളും ഹലുവയും അങ്ങാടിയില്‍ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. നിരവധി പേരാണ് പാരമ്പര്യ അങ്ങാടി സന്ദര്‍ശിക്കുവാന്‍ എത്തുന്നത്. അങ്ങാടിയുടെ മധ്യത്തിലായി സന്ദര്‍ശകര്‍ക്കായി അറബികളുടെ പാരമ്പര്യ പാനീയമായ ഖഅ്‌വകുടിച്ച് ഈത്തപ്പഴവും കഴിച്ച് വിശ്രമിക്കുവാനും സൗകര്യമുണ്ട്.
സ്വദേശികളായ കച്ചവടക്കാരുടെ ഒപ്പം നിന്ന് ഫോട്ടോകള്‍ പകര്‍ത്തുവാനും സന്ദര്‍ശകരുടെ തിരക്കാണ്.
പഴയകാലത്ത് ഉപയോഗിച്ചിരുന്ന ഉരല്‍, ഉലക്ക, ഉറി, കൊട്ട കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയും അങ്ങാടിയില്‍ വില്‍പനക്കുണ്ട്.
അന്യമാകുന്ന കാര്‍ഷിക ഉപകരണങ്ങള്‍ കാണാനും തൊട്ട് മനസ്സിലാക്കുവാനും പുതിയ തലമുറയിലെ കുട്ടികളാണ് എത്തുന്നത്. കേരളത്തില്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്നവയാണ് അങ്ങാടിയിലുള്ളവയിലധികവും. ചരിത്ര വിദ്യാര്‍ഥികള്‍ ആശ്ചര്യത്തോടെയാണ് ഓരോന്നും ചോദിച്ചറിയുന്നതെന്ന് ഒമാന്‍ സ്വദേശി ആദില്‍ വ്യക്തമാക്കി. ഈത്തപ്പഴ ഓലകളാല്‍ നിര്‍മിച്ച പേഴ്‌സുകള്‍ക്ക് 300 മുതല്‍ 500 ദിര്‍ഹം വരെയാണ് വില.