Connect with us

Malappuram

ബത്ത വേണ്ട, ശമ്പളം മതി: ബസ് തൊഴിലാളികള്‍

Published

|

Last Updated

മഞ്ചേരി: സ്വകാര്യ ബസ് സര്‍വീസ് മേഖലയില്‍ നിലനില്‍ക്കുന്ന ബത്ത സമ്പ്രദായം എടുത്തുകളയുകയും തൊഴിലാളിക്ക് നിശ്ചിത കൂലി നല്‍കണമെന്നും സംയുക്ത പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ മാത്രം കണ്ടുവരുന്ന ബത്ത സമ്പ്രദായം മൂലം കളക്ഷന്‍ വര്‍ധിപ്പിക്കാനുള്ള തൊഴിലാളികളുടെ വ്യഗ്രതയാണ് മേഖലയിലെ പല പ്രശ്‌നങ്ങള്‍ക്കും കാരണം. ശമ്പളമാക്കുന്നതോടെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ക്കും ബസുകളുടെ മത്സര ഓട്ടത്തിനും സമയ ക്രമം സംബന്ധിച്ച് തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനും പരിഹാരമാകും.
മഞ്ചേരിയില്‍ ട്രാഫിക് റഗുലേറ്ററി കമ്മറ്റി നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കാരം പുനഃപരിശോധിക്കണമെന്നും അല്ലാത്തപക്ഷം ഈ മാസം 15 മുതില്‍ മഞ്ചേരിയിലുടെ സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസുകളും അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലറിയിച്ചു.
നിലവിലെ പരിഷ്‌ക്കാരം മൂലം ബസുകള്‍ക്ക് തിരക്കേറിയ നഗരത്തിലൂടെ 6.8 കിലോമീറ്റര്‍ അധികം ഓടേണ്ടി വരുന്നു. മൂന്ന് ബസ് സ്റ്റാന്റുകളും കയറിയറങ്ങുന്ന ബസുകള്‍ക്ക് ചുരുങ്ങിയത് എട്ട് മിനിറ്റിലധികം നഷ്ടമാകുന്നു. ബസുകള്‍ക്ക് മുപ്പതുകൊല്ലം മുന്‍പ് ആര്‍ ടി ഒ അനുവദിച്ച സമയ ക്രമമാണ് ഇന്നും നിലവിലുള്ളത്. ജനപ്പെരുപ്പവും വാഹനങ്ങളുടെ ആധിക്യവും നഗരത്തില്‍ ഗതാഗത കുരുക്ക് നിത്യസംഭവമായ സാഹചര്യത്തില്‍ സമയം കൂടുതല്‍ അനുവദിക്കുന്നതിന് പകരം അനാവശ്യമായി നഗരം ചുറ്റേണ്ടി വരുന്നത് തൊഴിലാളികള്‍ക്കും ബസുടമകള്‍ക്കും യാത്രക്കാര്‍ക്കും ഒരു പോലെ പ്രയാസം സൃഷ്ടിക്കുന്നു. നഗരം ചുറ്റുന്നതിലൂടെ ഓരോ ബസ്സിനും എട്ടു ലിറ്റര്‍ ഡീസല്‍ കൂടുതല്‍ ആവശ്യമായി വരുന്നു.
മറ്റു നഗരങ്ങളിലില്ലാത്ത വിധം ഹെവി വാഹനങ്ങള്‍ മഞ്ചേരി ടൗണിലൂടെ കടത്തി വിടുന്നു. മാത്രമല്ല മെഡിക്കല്‍ കോളജ്, ബിവറേജസ് ഔട്ട് ലെറ്റ്, കച്ചേരിപ്പടിയിലെ തുണിക്കട എന്നിവ രൂക്ഷമായ ഗതാഗത കുരുക്കുണ്ടാക്കുന്ന മലപ്പുറം റോഡിലൂടെയാണ് ബസുകള്‍ക്ക് പോകേണ്ടത്. ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നേരത്തെയുണ്ടായിരുന്ന ട്രാഫിക് സിസ്റ്റം പുനഃസ്ഥാപിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലാ ജോയിന്റ് സെക്രട്ടറി പാമ്പാടന്‍ ഷാജഹാന്‍ (സി ഐ ടി യു), ജൈസല്‍ എടപ്പറ്റ (ഐ എന്‍ ടി യു സി), പാലായി ശിഹാബ് (ഐ എന്‍ ടി യു സബ്, വി കെ നൗഷാദ് (സി ഐ ടി യു), അനീസ് ആലുങ്ങല്‍ (എസ് ടി യു), ഷരീഫ് കൂളമഠത്തില്‍ (എസ് ടി യു) പങ്കെടുത്തു.