Connect with us

Gulf

കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കരുത്: കാന്തപുരം

Published

|

Last Updated

ദുബൈ: ഗള്‍ഫ് മലയാളികള്‍ വലിയ തോതില്‍ ഉപയോഗിച്ചു വരുന്ന കരിപ്പൂര്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തിന് തടയിടാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന സംശയത്തിന് ശക്തിപകരുന്ന ശ്രമങ്ങളാണ് വിമാനത്താവള അധികൃതര്‍ നടത്തുന്നതെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ദുബൈയില്‍ പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്തിരിയണം. റണ്‍വേ അറ്റകുറ്റപ്പണികളുടെ പേരില്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഗള്‍ഫ് മേഖലയിലേക്ക് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടിലൂടെയാണ് വന്നുപോകുന്നത്. അവര്‍ക്ക് ബുദ്ധിമുട്ട് വരാത്ത വിധത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന സമയങ്ങളില്‍ വലിയ വിമാനങ്ങള്‍ക്ക് പകരം ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ അനുമതി നല്‍കേണ്ടതായിരുന്നു. വിവിധ വിമാനക്കമ്പനികള്‍ ഇതിനു സന്നദ്ധത പ്രകടിപ്പിച്ചിട്ടും എയര്‍പോര്‍ട്ട് അധികൃതര്‍ അത് പരിഗണിക്കാന്‍ തയ്യാറായില്ല എന്നാണ് വ്യക്തമാകുന്നത്. കരിപ്പൂരിനെ തകര്‍ക്കാനായി ബോധപൂര്‍വമുള്ള ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്.

ഈ വര്‍ഷത്തെ ഹജ്ജ് സര്‍വീസ് കരിപ്പൂരില്‍ നിന്ന് നടത്താനായില്ല. മലബാര്‍ മേഖലയില്‍ നിന്നാണ് കൂടുതല്‍ ഹജ്ജ് യാത്രക്കാരുള്ളത്. അവര്‍ ക്ലേശം സഹിച്ച് നെടുമ്പാശേരിയില്‍ എത്തേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. പ്രായം ചെന്നവര്‍ ഇക്കൂട്ടത്തില്‍ ഏറെയുണ്ടായിരുന്നു. കോടികള്‍ മുടക്കി കരിപ്പൂരില്‍ പണികഴിപ്പിച്ച ഹജ്ജ് ഹൗസും അപ്രസക്തമാവും. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് വേഗത്തില്‍ തുറന്നു കൊടുക്കാന്‍ ശ്രമം നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാനുള്ള ശ്രമത്തിനെതിരെ നിയമ വിധേയമായി നടക്കുന്ന ബഹുജന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികള്‍ നടത്തുന്ന സീസണ്‍ കൊള്ള അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യം ഉണര്‍ത്തിയിരുന്നു. ഗള്‍ഫ് മേഖലയിലെ അവധിക്കാലത്തും വിശേഷ ദിവസങ്ങളിലും നിറയെ യാത്രക്കാരുമായാണ് വിമാനങ്ങള്‍ സര്‍വീസ് നടക്കുന്നത്. ഇതിലൂടെ തന്നെ കമ്പനികള്‍ക്ക് ലാഭമുണ്ടാകും. യാത്രക്കാര്‍ ഏറെയുള്ള സമയങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ പറത്തി ബിസിനസ് വര്‍ധിപ്പിക്കുകയല്ലാതെ യാത്രക്കാരെ കഴുത്തറുക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാകില്ല, അദ്ദേഹം വ്യക്തമാക്കി.

Latest