Connect with us

Gulf

വിസ്മയ നഗരങ്ങളുടെ കാലത്തേക്ക്

Published

|

Last Updated

മധ്യപൗരസ്ത്യദേശത്ത് ധാരാളം പുതിയ നഗരങ്ങള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സിറ്റി സ്‌കേപ്പ് പ്രദര്‍ശനത്തില്‍ ഇത് വെളിവാക്കപ്പെട്ടു. ഇതോടൊപ്പം, യു എ ഇയില്‍ കൂറ്റന്‍ കെട്ടിടങ്ങളും വില്ലാ സമുച്ചയങ്ങളും അനാവരണം ചെയ്യപ്പെടുന്നു.
മിക്ക നിര്‍മാതാക്കളുടെയും ശ്രദ്ധ യു എ ഇയിലാണ്. അത്രമാത്രം സാധ്യതയാണ് യു എ ഇയിലുള്ളത്. സാമൂഹിക സുരക്ഷിതത്വവും അടിസ്ഥാന സൗകര്യവും വേണ്ടുവോളം ഉള്ളതുകൊണ്ട് നിര്‍മാതാക്കള്‍ക്കും നിക്ഷേപകര്‍ക്കും ഭയക്കേണ്ടതില്ല. ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോംഗ് നഗരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ദുബൈയും അബുദാബിയും മറ്റും കൊക്കിലൊതുങ്ങുന്നതുമാണ്.
40,000 പേര്‍ക്ക് താമസ സൗകര്യവുമായി ദുബൈ ആസ്ഥാനമായ നഖീല്‍ പ്രോപ്പര്‍ട്ടീസ് ഉപനഗരം പ്രഖ്യാപിച്ചു. ജബല്‍ അലി ഗാര്‍ഡന്‍സിലാണിത്. 55 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പദ്ധതി. 42 കെട്ടിടങ്ങളില്‍ 10,000 അപ്പാര്‍ട്ടുമെന്റുകള്‍ ഉണ്ടാകും. രണ്ടു കിലോമീറ്ററില്‍ വ്യായാമപാത, നീന്തല്‍ കുളങ്ങള്‍, ഫുട്‌ബോള്‍, ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ കളിസ്ഥലങ്ങള്‍ തുടങ്ങിയവ സവിശേഷതകളാണ്.
വിദ്യാലയങ്ങളടക്കമുള്ള വില്ലേജാണ് ദുബൈ സൗത്ത് റിയല്‍ എസ്റ്റേറ്റ് കമ്പനി വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യ കേന്ദ്രവും വാണിജ്യകേന്ദ്രവും വേറെ. അടുത്തവര്‍ഷം നിര്‍മാണം തുടങ്ങും. 2019ല്‍ അവസാനിക്കും.
150 കോടി ദിര്‍ഹം ചെലവില്‍ അജ്മാന്‍ കടല്‍ തീരത്ത് 800 വില്ലകളുമായി അല്‍സോറ ഡെവലപ്‌മെന്റ് കമ്പനി രംഗത്തുണ്ട്. ഇതിന്റെ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകും. ഡയമണ്ട് ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ റാസല്‍ ഖൈമയിലെ മര്‍ജാന്‍ ദ്വീപില്‍ 40 വില്ലകളാണ് പണിയുന്നത്. മൂന്നു വര്‍ഷം കൊണ്ടു പൂര്‍ത്തിയാകും. അബുദാബി മറീനയില്‍ ധാരാളം കെട്ടിടങ്ങള്‍ ഉയര്‍ന്നുവരുന്നു. വിശാലമായ മരുപ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നിക്ഷേപകരെ ആകര്‍ഷിക്കുന്ന നയം എണ്‍പതുകളിലാണ് ഗള്‍ഫ് ഭരണകൂടങ്ങള്‍ തുടങ്ങിയത്. എന്നാല്‍, ആഗോള സാമ്പത്തിക മാന്ദ്യം വലിയ തിരിച്ചടിയായി. പല പദ്ധതകളും പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നു. പക്ഷേ, ഗള്‍ഫ് നഗരങ്ങള്‍ വീണ്ടും ഉയര്‍ത്തെണീല്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. സഊദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ പ്രധാന നഗരങ്ങളോട് ചേര്‍ന്ന് ധാരാളം പദ്ധതികള്‍ വരുന്നുണ്ട്.
ദുബൈയില്‍ 2020ലെ ലോക പ്രദര്‍ശനത്തിന് മുമ്പ് നിരവധി ഉപനഗരങ്ങള്‍ യാഥാര്‍ഥ്യമാകും. ബര്‍ദുബൈ ക്രീക്കിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയും ഇക്കൂട്ടത്തിലുണ്ട്. 1.8 കിലോമീറ്ററില്‍ 23 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ നിരവധി പുതിയ കെട്ടിടങ്ങളും വാണിജ്യ കേന്ദ്രങ്ങളും നിര്‍മിക്കാന്‍ മിറാസ് ഡെവലപ്പേഴ്‌സ് തയ്യാറെടുത്തിട്ടുണ്ട്. അടുത്ത വര്‍ഷം മധ്യത്തോടെ ആദ്യഘട്ടം പൂര്‍ത്തിയാകും. പൈതൃക ശില്‍പമാതൃകയാണ് ഇവിടെ കെട്ടിടങ്ങള്‍ക്കുണ്ടാവുക. ദുബൈ മറ്റൊരു വിസ്മയം സൃഷ്ടിക്കുമെന്ന് ചുരുക്കം.
കെ എം എ

Latest