വൃക്ക രോഗികള്‍ക്ക് സഹായം; ചരിത്രം രചിച്ച് മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

Posted on: September 10, 2015 9:56 am | Last updated: September 10, 2015 at 9:56 am

മലപ്പുറം: വൃക്ക രോഗികള്‍ക്കുള്ള സഹായ ഫണ്ടിലേക്ക് വന്‍ തുക നല്‍കി മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. വൃക്ക രോഗികള്‍ക്ക് വേണ്ടിയുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സംരംഭത്തിലേക്കാണ് 2.38 ലക്ഷം രൂപ സമാഹരിച്ച് നല്‍കി കാരുണ്യ കൂട്ടായ്മയില്‍ വിദ്യാര്‍ഥികള്‍ പുതിയ ചരിത്രമെഴുതിയത്. രക്ഷിതാക്കള്‍, മറ്റ് കുടുംബാംഗങ്ങള്‍, അയല്‍ വാസികള്‍ എന്നിവരില്‍ നിന്നെല്ലാം സംഭാവന സമാഹരിച്ചാണ് വിദ്യാര്‍ഥികള്‍ ഇത്രയും വലിയ തുക കൈമാറിയത്. ഹൈസ്‌കൂള്‍ വിഭാഗം 1.84 ലക്ഷം രൂപയും ഹയര്‍ സെക്കന്‍ഡറി വിഭാഗം 54000 രൂപയുമാണ് സമാഹരിച്ചത്. സ്‌കൂള്‍ അസ്സംബ്ലിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് ‘കാരുണ്യക്കിഴി’ ഏറ്റുവാങ്ങി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: എ എം രോഹിത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ അബ്ദുല്‍ ലത്തീഫ്, പി ടി എ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ പോക്കര്‍, പി അബ്ദുര്‍റഹ്മാന്‍ ഫാറൂഖി പ്രസംഗിച്ചു.