Connect with us

Kerala

ലൈറ്റ് മെട്രോപദ്ധതിക്ക് ഭരണാനുമതി

Published

|

Last Updated

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളില്‍ നടപ്പാക്കുന്ന ലൈറ്റ് മെട്രോ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. ഡി പി ആര്‍ നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും ഭരണാനുമതി നല്‍കിയിരുന്നില്ല. പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം തേടി കേന്ദ്രസര്‍ക്കാറിന് പുതിയ കത്ത് അയക്കും. നേരത്തെ അയച്ച കത്ത് ദുര്‍ബലമാണെന്ന് ഡി എം ആര്‍ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ അറിയിച്ച സാഹചര്യത്തിലാണ് വീണ്ടും കത്തയക്കുന്നത്. പദ്ധതിയില്‍ ഡി എം ആര്‍ സിയുടെ പങ്കാളിത്തം ഉള്‍പ്പെടെ സൂചിപ്പിച്ചാകും കത്തയക്കുകയെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രാനുമതി ലഭിച്ചാലുടന്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള തുടര്‍തീരുമാനങ്ങളെടുക്കും. കൊച്ചി മെട്രോയുടെ കാര്യത്തില്‍ സ്വീകരിച്ച അതേമാതൃക തന്നെയാകും ലൈറ്റ് മെട്രോ നിര്‍മാണത്തിലും സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഡി എം ആര്‍ സിയെ ആശ്രയിച്ചായിരുന്നു. ലൈറ്റ് മെട്രോയിലും ഈ മാതൃക തന്നെ സ്വീകരിക്കും. ഡി എം ആര്‍ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണയനുസരിച്ചാണ് കേന്ദ്രത്തിന് വീണ്ടും കത്തയക്കാന്‍ തീരുമാനിച്ചത്. നേരത്തെ നല്‍കിയ കത്ത് പുതുക്കി നല്‍കുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പൊതുമരാമത്ത് സെക്രട്ടറി കേന്ദ്രസര്‍ക്കാറിന് അയച്ച കത്തില്‍ പദ്ധതി അംഗീകരിച്ചെന്നോ, കേന്ദ്രസഹായം ഏത്രവേണമെന്നോ സംബന്ധിച്ചുള്ള വിശദാംശങ്ങളൊന്നും പരാമര്‍ശിച്ചിരുന്നില്ല. കേന്ദ്രം നല്‍കേണ്ട തുകയെത്രയെന്ന് പരാമര്‍ശിക്കാതെ ലൈറ്റ് മെട്രോക്ക് കേന്ദ്രസഹായം തേടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്ന് മാത്രമാണ് സൂചിപ്പിച്ചിരുന്നത്. പദ്ധതി അംഗീകരിച്ചെന്നോ, ഡി എം ആര്‍ സിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് അംഗീകരിച്ചെന്നോ കത്തിലുണ്ടായിരുന്നില്ല. ഡി എം ആര്‍ സി എന്ന വാക്കുപോലും കത്തിലെങ്ങും ഉപയോഗിച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഇ ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കിയതോടെ കഴിഞ്ഞ ദിവസം കൊച്ചിയില്‍ അദ്ദേഹവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്. ഇന്നലെ ഭരണാനുമതി നല്‍കിയ ഡി പി ആര്‍ അനുസരിച്ച് 6728 കോടി രൂപയാണ് പദ്ധതി ച്ചെലവ്. കൊച്ചി മെട്രോ നടപ്പാക്കുന്ന രീതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും സംയുക്ത സംരംഭമായി പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനം 20 ശതമാനം, കേന്ദ്രം 20 ശതമാനം, വായ്പ 60 ശതമാനം എന്നിങ്ങനെ പദ്ധതി തുക കണ്ടെത്താനാണ് നീക്കം.

Latest