സുധീഷ് നാട്ടിലേക്ക്: ഐസിഎഫ് സാന്ത്വനത്തിന് കൃതജ്ഞതയുമായി

Posted on: September 9, 2015 6:09 pm | Last updated: September 9, 2015 at 6:09 pm
IMG-20150908-WA0001
സുധീഷിനെ ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുന്നു

ദുബൈ: ദുബൈയില്‍ ഒരു മാസമായി ഹോസ്പിറ്റലിലായിരുന്ന മലപ്പുറം തിരൂര്‍ എഴൂര്‍ സ്വദേശി സുധീഷി (22)നെ വിദഗ്ദ ചികിത്സക്കായി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ട്‌പോയി
കഴിഞ്ഞ മാസം ഏഴിന് കൂട്ടുകാരോടൊപ്പം മംസാര്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ കാലു തെന്നി വീണ് സുധീഷ് കിടപ്പിലാവുകയായിരുന്നു. കൈകാലുകള്‍ തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തു. ഷാര്‍ജ ഗള്‍ഫ് സ്റ്റാര്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
നാട്ടിലേക്ക് കൊണ്ട് പോകാനുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടും എയര്‍ലൈന്‍ സൗകര്യം ലഭിക്കാതെയും ആശുപത്രി ബില്‍ അടക്കാന്‍ സാധിക്കാതെയും ബുദ്ധിമുട്ടുമ്പോഴാണ് ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെടുന്നത്. സാന്ത്വനം പ്രവര്‍ത്തകര്‍ ഇടപെട്ട് കാര്യങ്ങള്‍ ശരിയാക്കുകയും നാട്ടില്‍ തുടര്‍ ചികിത്സ തേടുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തു. സ്‌ട്രെച്ചറില്‍ ഒരു നഴ്‌സിന്റെ സഹായത്തോടെയാണ് സുധീഷിനെ നാട്ടിലേക്ക് കൊണ്ടു പോയത്. അബുദാബിയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സുഭാഷും കൂടെയുണ്ട്.
പിതാവ് സോമന്‍ 40 വര്‍ഷത്തോളം യു എ ഇയില്‍ ജോലി ചെയ്തിരുന്നു. വേദനകള്‍ക്കിടയിലും സന്തോഷത്തിന്റെ കണ്ണീരോടെയാണ് തന്നെ യാത്രയയക്കാന്‍ എത്തിയ സാന്ത്വനം പ്രവര്‍ത്തകരെ സുധീഷും സഹോദരനും സ്വീകരിച്ചത്. സംസാരിക്കാന്‍ വയ്യാതിരിന്നിട്ടും വളരെ പ്രയാസപ്പെട്ട് ഐ സി എഫ് സാന്ത്വനത്തിന് നന്ദി പ്രകാശിപ്പിച്ചു. ആരും സഹായിക്കാനില്ലാതെ മാനസികമായി തളര്‍ന്നിരിക്കുന്ന സമയത്ത് ഐ സി എഫ് നല്‍കിയ സഹായം മറക്കില്ലെന്ന് സുഭാഷ് പറഞ്ഞു.
സാന്ത്വനം പ്രവര്‍ത്തകരായ ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി, നസീര്‍ വലിയകത്ത്, നവാസ് പുത്തന്‍പള്ളി എന്നിവര്‍ സുധീഷിനെ യാത്രയയക്കാന്‍ ഇന്നലെ ആശുപത്രിയില്‍ എത്തിയിരുന്നു.
സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഉത്തമ മാതൃകയായി ഐ സി എഫ് സാന്ത്വനം പ്രവര്‍ത്തനം മാറുകയാണ്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് യു എ ഇയിലുടനീളം ഐ സി എഫ് ഏറ്റെടുത്ത് നടത്തുന്നത്.