Connect with us

National

ബിഹാറില്‍ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളില്‍

Published

|

Last Updated

 

voteന്യൂഡല്‍ഹി: ബീഹാറില്‍ അഞ്ച് ഘട്ടങ്ങളായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ആദ്യഘട്ട പോളിംഗ് ഒക്‌ടോബര്‍ 12നാണ്. തുടര്‍ന്ന് 16, 28, നവംബര്‍ ഒന്ന്, അഞ്ച് തീയതികളിലും പോളിംഗ് നടക്കും. നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്ദിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്.
243 അംഗ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് സമാധാനപരമായിരിക്കുമെന്ന് ഉറപ്പാക്കാന്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണം 6.68 കോടിയാണ്. സ്ഥാനാര്‍ഥികളുടെ ഫോട്ടോയുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചാണ് പോളിംഗ്. വോട്ടര്‍മാര്‍ക്കിടിയില്‍ ആശയക്കുഴപ്പം ഒഴിവാക്കാന്‍ വേണ്ടിയാണിത്. ഒരേ പേരിലുള്ള നിരവധി സ്ഥാനാര്‍ഥികളുണ്ടാകുന്നത് വോട്ടര്‍മാര്‍ക്ക് പലപ്പോഴും ഇവരെ തിരിച്ചറിയാന്‍ കഴിയില്ല. ഇതിനാലാണ് സ്ഥാനാര്‍ഥികളുടെ ഫോട്ടോയുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ പോളിംഗ് സ്റ്റേഷനുകള്‍ക്കും അര്‍ധ സൈനികസേനയുടെ സുരക്ഷ ഉറപ്പാക്കും. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സി ആര്‍ പി എഫ്, സി ഐ എസ് എഫ്, ബി എസ് എഫ് എന്നീ അര്‍ധസൈനിക സേനകളെ നിയോഗിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയത് 47 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും നക്‌സല്‍് സ്വാധീനമുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം കനത്ത സുരക്ഷാ സന്നാഹങ്ങളേര്‍പ്പെടുത്തുമെന്ന് നാസിം സെയ്ദി വെളിപ്പെടുത്തി.
“പണം കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും തടയും. പണം നല്‍കി വാര്‍ത്തകള്‍ വരുത്തുന്നതും തിരഞ്ഞെടുപ്പില്‍ പണവും മദ്യവും ഒഴുക്കുന്നതും കര്‍ശനമായി തടയും” -അദ്ദേഹം പറഞ്ഞു. നിലവിലുള്ള നിയമസഭയുടെ കാലാവധി നവംബര്‍ 29നാണ് പൂര്‍ത്തിയാകുന്നത്.
പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ മൂന്നാം തവണയും ജനവിധി തേടുന്നുണ്ട്. ബി ജെ പിയുമായി നിലവിലുണ്ടായിരുന്ന 17 വര്‍ഷത്തെ സഖ്യം 2013 ജൂണില്‍ അവസാനിപ്പിച്ച നിതീഷ് കുമാര്‍, ഇത്തവണ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ ജെ ഡി- കോണ്‍ഗ്രസ് സഖ്യത്തിലാണ് മത്സരിക്കുന്നത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി തകര്‍പ്പന്‍ ജയമാണ് ബീഹാറില്‍ നേടിയത്. രാം വിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി, ഉപേന്ദ്ര കുഷ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി എന്നിവയുമായി സഖ്യമുണ്ടാക്കിയാണ് ബി ജെ പി ഈ നേട്ടമുണ്ടാക്കിയത്. ഇത്തവണയും വിജയം ബി ജെ പി പ്രതീക്ഷിക്കുന്നു. അതേസമയം തിരഞ്ഞെടുപ്പ് തീയതിയെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വാഗതം ചെയ്തു. ജനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തതരാണെന്നും അവര്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുമെന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രതികരിച്ചു. അഞ്ച് ഘട്ടം കൂടിപ്പോയെന്നും എങ്കിലും തങ്ങളുടെ സഖ്യം വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ജനതാദള്‍ യു അധ്യക്ഷന്‍ ശരത് യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായി ബി ജെ പി നേതാവ് സയ്യിദ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. ബീഹാറിലെ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനായി ബി ജെ പി നേപ്പാളില്‍നിന്ന് കള്ളനോട്ടുകള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബീഹാറിലെ ജനങ്ങള്‍ സൂക്ഷിക്കണമെന്നും ലാലു മുന്നറിയിപ്പ് നല്‍കി. ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പായിരിക്കില്ലെന്നും കേന്ദ്രസര്‍ക്കാറിന്റെ റിവേഴ്‌സ് കൗണ്ട്ഡൗണായിരിക്കും ഇതെന്നും ലാലു പറഞ്ഞു.

ബിജെപിക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റേയും നേതൃത്വത്തില്‍ ജനതാപാര്‍ട്ടികള്‍ ഒന്നിച്ചതാണ് ഇത്തവണത്തെ ബിഹാര്‍ തിരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. എന്നാല്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ജനതാപരിവാറില്‍ നിന്ന് മുലായം പിന്‍മാറിയത് സഖ്യത്തിന് തിരിച്ചടിയായിരുന്നു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ബിജെപിക്കും ബിഹാര്‍ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ബിഹാര്‍ പിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിന് പ്രത്യേക പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest