Connect with us

Kerala

ഭാഷക്ക് അഭിമാനമായി മലയാളം സര്‍വകലാശാല ബിരുദദാന ചടങ്ങ്

Published

|

Last Updated

തിരൂര്‍: തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ ആദ്യ ബിരുദദാന ചടങ്ങ് മലയാളഭാഷക്ക് അഭിമാന നിമിഷങ്ങളായി. ഔന്നത്യത്തിന്റെ നിറവില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റിസ് പി സാദാശിവം ബിരുദദാനം നിര്‍വഹിച്ചു.
പ്രോചാന്‍സലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്, സി മമ്മൂട്ടി എം എല്‍ എ പങ്കെടുത്തു. 2013 ആഗസ്റ്റ് ഒന്നിന് സര്‍വകലാശാലയില്‍ കോഴ്‌സുകള്‍ തുടങ്ങിയ ശേഷം ബിരുദ പഠനം പൂര്‍ത്തിയാക്കിയ ആദ്യ ബാച്ചിലെ 93 വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. ലോകമെങ്ങുമുള്ള മലയാളികളുടെ ചിരകാല സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. സര്‍വകലാശാല രൂപവത്കരിക്കുന്നതിനും മികച്ച കോഴ്‌സുകള്‍ വിഭാവനം ചെയ്യുന്നതിനും പ്രവര്‍ത്തിച്ച അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.
തമിഴ്, സംസ്‌കൃതം ഭാഷകള്‍ക്ക് മലയാളത്തിലുള്ള സ്വധീനം വ്യക്തമാണ്. ഏറെ അംഗീകരിക്കപ്പെട്ടിട്ടുള്ള ആദ്യകാല മലയാളം കവിതാ സൃഷ്ടികള്‍ മണിപ്രവാളം ആധാരമാക്കിയതിനും പിന്നിലും മറ്റൊന്നല്ല. മലയാള സാഹിത്യത്തിന്റെ ഔന്നത്യമാണ് ആദ്യ ജ്ഞാനപീഠ പുരസ്‌കാരം ജി ശങ്കരക്കുറുപ്പിന് ലഭിച്ചതിലൂടെ വെളിവാകുന്നത്. ബിരുദ നേട്ടം മാനുഷികമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുള്ള വളര്‍ച്ചയുടെ ചവിട്ടുപടികളാകണമെന്നും മലയാളം സര്‍വകലാശാലയെ മാതൃ സ്ഥാപനമായി കാണണമെന്നും ബിരുദദാന പ്രഭാഷണത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.
ക്യാമ്പസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഉയര്‍ന്ന വിജയം നേടിയ ആറ് വിദ്യര്‍ഥികള്‍ക്കുള്ള കാഷ് അവാര്‍ഡ് ഗവര്‍ണര്‍ വിതരണം ചെയ്തു. ഭാഷാശാസ്ത്രം, മലയാളം സാഹിത്യ പഠനം, മലയാളം സാഹിത്യ രചന, സംസ്‌കാര പൈതൃക പഠനം, മാധ്യമ പഠനം തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ഥികള്‍ എം എ ബിരുദം നേടിയത്.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ ജയകുമാര്‍ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍, ജില്ലാ പോലീസ് സൂപ്രണ്ട് ദേബേഷ് കുമാര്‍ ബെഹ്‌റ, സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഡോ. കെ എം ഭരതന്‍, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. എം ശ്രീനാഥന്‍, ദേശമംഗലം രാമകൃഷ്ണന്‍ സംബന്ധിച്ചു.

Latest