പോലീസിന്റെ ആക്രമണത്തില്‍ പെണ്‍കുട്ടിയടക്കം മൂന്ന് പേര്‍ക്ക് പരുക്ക്

Posted on: September 9, 2015 9:48 am | Last updated: September 9, 2015 at 9:48 am

പെരിന്തല്‍മണ്ണ: പോലീസിനെ അക്രമിച്ച കേസിലെ പ്രതിയെ തേടിയെത്തിയ പോലീസ് സംഘം വീട്ടില്‍ അക്രമിച്ചതില്‍ പെണ്‍കുഞ്ഞടക്കം മൂന്ന് പേര്‍ക്ക് പരുക്ക്. കുളത്തൂര്‍ കാരാട്ട് പറമ്പില്‍ മുണ്ടുമ്മല്‍ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ ഹലീമ (55), മകള്‍ സക്കീറിന്റെ ഭാര്യ ജസീറ (24), ജസീറയുടെ മകള്‍ ഷഹ്മ എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടു കൂടിയാണ് സംഭവം.
കുളത്തൂര്‍ പോലീസിലെ ഒരു വനിതാ കോണ്‍സ്റ്റബിള്‍ അടക്കം ഏഴോളം പോലീസുകാര്‍ വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പ് ജസീറയുടെ ഭര്‍ത്താവ് സക്കീറിനെ തേടിയെത്തിയിരുന്നു. അന്ന് അവനെ കാണാത്തതിനാലാണ് ഇന്നലെയും പോലീസെത്തിയത്. മണല്‍ കേസുമായി ബന്ധപ്പെട്ട് പോലീസിനെ അക്രമിച്ച സംഭവത്തില്‍ സക്കീര്‍ പ്രതിയാണെന്ന് പറഞ്ഞ് കഴിഞ്ഞ പണിമുടക്ക് ദിനത്തില്‍ കുളത്തൂര്‍ കുറുപ്പത്താലില്‍ വെച്ച് ഇയാളെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടലില്‍ നടന്നില്ല. ചെറിയ സംഘര്‍ഷം അന്ന് ഉണ്ടായെങ്കിലും നാല് പോലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.
ഇതുമായി ബന്ധപ്പെടുത്തി സക്കീറിനെ പിടികൂടാനാണ് പോലീസ് സംഘം വനിതാ പോലീസുമായി വീട്ടിലെത്തിയത്. പിന്നീടുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.