Connect with us

Kozhikode

ഇതര സംസ്ഥാന വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കും

Published

|

Last Updated

മലപ്പുറം: ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളുടെ പുനര്‍ രജിസ്‌ട്രേഷനായി ലഭിക്കുന്ന അപേക്ഷകളില്‍ ഏഴ് ദിവസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി വാഹന ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ എ ഡി എം കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അഴിമതി നിവാരണ വിജിലന്‍സ് മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു.
ഇത് സംബന്ധിച്ച് ആര്‍ ടി ഒക്ക് നിര്‍ദേശം നല്‍കി. പുനര്‍ രജിസ്‌ട്രേഷനായി നല്‍കിയ അപേക്ഷള്‍ മാസങ്ങളായിട്ടും നടപടികള്‍ പൂര്‍ത്തിയാക്കാതെ കെട്ടിക്കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നിര്‍ദേശം.
അപേക്ഷ ലഭിച്ച ദിവസം തന്നെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വാഹന പരിശോധന നടത്തി ജോയിന്റ് ആര്‍ ടി ഒക്ക് റിപ്പോര്‍ട്ട് നല്‍കി ഏഴ് ദിവസത്തിനകം ഹിയറിങ് നടത്തി നമ്പര്‍ നല്‍കണമെന്നാണ് നിയമം. എന്നാല്‍ നാഷനല്‍ ക്രൈം റിക്കോഡ്‌സ് ബ്യൂറോ (എന്‍ സി ആര്‍ ബി) യില്‍ നിന്ന് വാഹനങ്ങളുടെ എന്‍ ഒ സി ലഭിക്കുന്നത് വരെ രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകിപ്പിക്കുന്നതായാണ് പരാതി. എന്‍ഒ സി യില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ലഭിക്കുന്ന മുറക്ക് വാഹന ഉടമക്കെതിരെ നിയമനടപടി സ്വീകരിച്ചാല്‍ മതിയെന്നാണ് നിയമം. ജില്ലയിലെ ആര്‍ ടി ഓഫീസുകളില്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ അപേക്ഷകളും ഒരുമാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കി രജിസ്‌ട്രേഷന്‍ നല്‍കുമെന്ന് ആര്‍ ടി ഒ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ സബ് ആര്‍ടി ഒ ഓഫിസുകളിലും ഇതര സംസ്ഥാന വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഉത്തരവ് പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ചെയ്യും. ടിക്കറ്റുകള്‍ നല്‍കാത്തതും നിയമാനുസൃതമല്ലാതെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ട്രിപ്പ് മുടക്കുകയും ചെയ്യുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാനും യോഗത്തില്‍ നിര്‍ദേശം നല്‍കി. ആനമങ്ങാട്, തിരൂരങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വ്യവസ്ഥകള്‍ പാലിക്കാതെ നിര്‍മിച്ച കെട്ടിടങ്ങളില്‍ ക്ലാസ് നടത്തുന്നതായി ലഭിച്ച പരാതിയില്‍ സ്ഥല സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് യോഗം നിര്‍ദേശിച്ചു. സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തില്‍ വന്‍ ക്രമക്കേടുകള്‍ ഉള്ളതായി പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്‌കൂളുകളില്‍ കര്‍ശന പരിശോധന നടത്തുന്നതിനും തീരുമാനിച്ചു. പരാതികളുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാത്തതില്‍ യോഗം അതൃപ്തി രേഖപ്പെടുത്തുകയും വിശദീകരണം തേടാനും തീരുമാനമായി.
നാല് പരാതികളാണ് സമിതിക്ക് ലഭിച്ചത്. കഴിഞ്ഞ യോഗത്തില്‍ ലഭിച്ച മൂന്ന് പരാതികളില്‍ രണ്ടെണ്ണം തീര്‍പ്പായി. യോഗത്തില്‍ ഡി.വൈ. എസ്. പി. കെ. സലീം, ആ.ര്‍ടി.ഒ. എം. പി. അജിത് കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.