വെങ്ങളം – രാമനാട്ടുകര ബൈപ്പാസിന്റെ പണി അന്തിമ ഘട്ടത്തില്‍: ഡിസംബറില്‍ പൂര്‍ണ ഗതാഗത യോഗ്യമാവും

Posted on: September 8, 2015 9:13 am | Last updated: September 8, 2015 at 9:13 am

കോഴിക്കോട്: ജില്ലയുടെ ഗാതഗത വികസന രംഗത്ത് നിര്‍ണായകമായ ജില്ലയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമാവുന്ന 28.124 കിലോമീറ്റര്‍ നീളമുള്ള ദേശീയപാത ബൈപ്പാസ് റോഡ് പൂര്‍ത്തിയാവുന്നു. വെങ്ങളം – രാമനാട്ടുകര ബൈപ്പാസിന്റെ അവസാന സ്‌ട്രെച്ചായ 5.1 കിമീറ്റര്‍ നീളം വരുന്ന പൂളാടികുന്ന് – വെങ്ങളം ഭാഗത്തെ കോരപ്പുഴ പാലത്തിന്റെ പണി പൂര്‍ത്തിയായി. പി ഡബ്ല്യു ഡി (എന്‍ എച്ച്) ഉദ്യോഗസ്ഥരും നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളും ചേര്‍ന്ന് ഇന്നലെ പാലത്തിന്റെ അവസാന സ്ലാബിടല്‍ ആരംഭിച്ചു.
മലബാറിലെ തന്നെ ഏറ്റവും വലിയ പാലമാണ് പണി പൂര്‍ത്തിയായതെന്ന് പി ഡബ്ല്യു ഡി (എന്‍ എച്ച്) സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ സി എം മുഹമ്മദ് ബഷീര്‍ പറഞ്ഞു. 13 സ്പാനുകളുമുള്ള കോരപ്പുഴ പാലത്തിന് ആകെ 486 മീറ്റര്‍ നീളം വരും. ഏഴര മീറ്റര്‍ വീതിയുള്ള റോഡും ഇരു ഭാഗങ്ങളിലും ഒന്നര മീറ്റര്‍ വീതം വീതിയില്‍ നടപ്പാതയും അടങ്ങിയതാണ് പുതിയ പാലം. 188.5 മീറ്റര്‍ നീളവും അഞ്ച് സ്പാനുകളുമുള്ള പുറക്കാട്ടിരി പാലം നേരത്തേ പൂര്‍ത്തിയായിരുന്നു.
രാമനാട്ടുകര – വെങ്ങളം ബൈപ്പാസ് ഡിസംബറോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി യു എല്‍ സി സി പ്രസിഡന്റ് രമേശന്‍ പാലേരി പറഞ്ഞു. കരാര്‍ പ്രകാരം മൂന്നു വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. രണ്ടുവര്‍ഷം കൊണ്ട് തീര്‍ക്കാനായിരുന്നു പദ്ധതിയെങ്കിലും മുഖ്യമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ 18 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് അടുത്ത മാര്‍ച്ചോടെയാണ് നിര്‍മാണം പൂര്‍ത്തിയാവേണ്ടത്. എന്നാല്‍ 15 മാസം കൊണ്ട് തന്നെ പണി തീര്‍ത്ത് ഡിസംബറില്‍ ബൈപ്പാസ് പൂര്‍ണമായി ഗതാഗത യോഗ്യമാക്കും. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഇത്ര വലിയൊരു പാലം ഇത്രയും ചെറിയ സമയത്തിനകം പൂര്‍ത്തായാവുന്നത് ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബൈപ്പാസിന്റെ ആദ്യഘട്ടത്തില്‍ 23.024 കിലോമീറ്റര്‍ വരുന്ന രാമനാട്ടുകര – പൂളാടികുന്ന് റോഡിന്റെ പണി നരത്തേ പൂര്‍ത്തിയാവുകയും ഗതാഗതയോഗ്യമാവുകയും ചെയ്തതാണ്. 152.75കോടി രൂപയാണ് ഈ സ്‌ട്രെച്ചിന്റെ നിര്‍മാണ തുക. സംസ്ഥാന സര്‍ക്കാറിന്റെ ‘സ്പീഡ്’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ഭാഗത്തിന്റെ പണി നടത്തുന്നത്. പണി പൂര്‍ത്തിയാവുന്നതോടെ രാമനാട്ടുകര – വെങ്ങളം ഭാഗത്തേക്ക് 4.7 കിലോമീറ്ററും ഒട്ടേറെ സമയവും ലാഭിക്കാനാവും.