Connect with us

Ongoing News

കേരളത്തില്‍ ഇനി ഫുട്‌ബോള്‍ തിരക്ക്‌

Published

|

Last Updated

കൊച്ചി: സാഫ് മുതല്‍ നാഗ്ജി വരെ ! കേരള ഫുട്‌ബോളില്‍ വരുന്നത് തിരക്കു പിടിച്ച സീസണ്‍. ഡിസംബര്‍ 23 മുതല്‍ 2016 ജനുവരി മൂന്ന് വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് സാഫ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യക്ക് പുറമേ അഫ്ഘാനിസ്ഥാന്‍, ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലി ദ്വീപ്, നേപ്പാള്‍, പാക്കിസ്ഥാന്‍ ശ്രീലങ്ക ടീമുകളാണ് സാഫ് ഫുട്‌ബോളില്‍ പങ്കെടുക്കുന്നത്. ദ വേള്‍ഡ് സ്‌പോര്‍ട്‌സ് ഗ്രൂപ്പാണ് സ്‌പോണ്‍സര്‍മാര്‍. സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട യോഗം നാളെ തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ. മേത്തര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യോഗത്തില്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കും.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിനായി കൊച്ചി ജവഹര്‍ലാല്‍ നെഹൃ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഗ്രാസ് റൂട്ട് ലെവല്‍ പരിശീലന പരിപാടികള്‍ പുരോഗമിക്കുകയാണ്. കൊച്ചിയില്‍ പരിശീലന സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.
കോഴിക്കോടിന്റെ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പായിരുന്ന സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അടുത്ത ഏപ്രിലില്‍ കോഴിക്കോട് നടക്കും. ഫിഫയുടെയും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെയും അംഗീകാരത്തോടെ ടൂര്‍ണമെന്റ് നടത്തുന്നതിന് കെ എഫ് എയുമായി ധാരണയായി. കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനാണ് ടൂര്‍ണമെന്റിന്റെ നടത്തിപ്പ്. ഇടക്കാലത്ത് മുടങ്ങിപ്പോയ സേഠ് നാഗ്ജി ടൂര്‍ണമെന്റ് ഈ വര്‍ഷം നടത്താന്‍ ജില്ലാ അസോസിയേഷന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഫിഫയുടെ അനുമതി ആവശ്യമായതിനാല്‍ നീണ്ടു പോകുകയായിരുന്നു.
നാലാമത് കേരള പ്രീമിയര്‍ ലീഗ് മത്സരങ്ങളും അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കും. സെക്കന്‌റ് ഡിവിഷന്‍ ലീഗില്‍ നിന്നുള്ള ചാമ്പ്യന്‍ ടീമിനെ പ്രീമിയര്‍ ലീഗില്ലേക്ക് നോമിനേറ്റ് ചെയ്യും. കെ.എഫ്.എയുടെ ജില്ലാ ഫുട്‌ബോള്‍ അക്കാദമികളെ പങ്കെടുപ്പിച്ചുള്ള ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പും ഇന്റര്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പും ഈ വര്‍ഷം നടക്കുന്നുണ്ട്. അക്കാദമി ലീഗിന്റെ ജില്ലാ തല മത്സരങ്ങള്‍ നടന്നുവരികയാണ്. സംസ്ഥാന തല മത്സരം സെപ്റ്റംബറില്‍ നടത്തും.
അക്കാദമി ചാമ്പ്യന്‍ ടീമിന് യു എ ഇയില്‍ കളിക്കാനുള്ള അവസരം ഒരുക്കും.
ഫുട്‌ബോളിന്റെ വളര്‍ച്ചയ്ക്കായി കേരളത്തിലെ വലിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ അസോസിയേഷനും ഫിഫയും ശക്തമായ പിന്തുണയാണ് നല്‍കുന്നത്. അണ്ടര്‍ 17 ലോകകപ്പ് വരുന്നതും കേരളത്തിലെ ഫുട്‌ബോള്‍ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടു രണ്ട് ടെക്‌നിക്കല്‍ ഡറക്്ടര്‍മാരെ ഫിഫ കേരളത്തിലേക്ക് ഉടന്‍ നിയോഗിക്കും. ടെക്‌നിക്കല്‍ വിഭാഗത്തിലും ഓപ്പറേഷന്‍ ആന്റ് മാര്‍ക്കറ്റിംഗ് വിഭാത്തിലുമാണ് ഡയറക്്ടര്‍മാരെ നിയോഗിക്കുന്നത്.