മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ നിരോധം: ചെറുകിട കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയില്‍

Posted on: September 8, 2015 5:05 am | Last updated: September 8, 2015 at 12:05 am

ആലപ്പുഴ; മായം കണ്ടെത്തുന്നതിന്റെ പേരില്‍ ഉത്പന്നങ്ങള്‍ നിരോധിക്കുന്നതിലൂടെ ചെറുകിട കച്ചവടക്കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം. സംസ്ഥാനത്ത് അടുത്തിടെയായി നിരവധി ഉത്പന്നങ്ങളാണ് മായം കലര്‍ന്നതായി പരിശോധനയിലൂടെ കണ്ടെത്തിയതിന്റെ പേരില്‍ നിരോധം ഏര്‍പ്പെടുത്തിയത്.
ബന്ധപ്പെട്ട വകുപ്പുകള്‍ ഉത്പന്നങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനാ ഫലം പുറത്ത് വരുമ്പോഴേക്കും നിര്‍മാതാക്കള്‍ ഇവ പൂര്‍ണമായും മൊത്തക്കച്ചവടക്കാരിലും ചെറുകിട കച്ചവടക്കാരിലും എത്തിച്ചിരിക്കും.
മായം കണ്ടെത്തി വില്‍പ്പന നിരോധം വരുന്നതോടെ ചെറുകിട കച്ചവടക്കാരില്‍ മാത്രമായിരിക്കും ഇത്തരം ഉത്പന്നങ്ങള്‍ ശേഷിക്കുക. ഇത് വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഇത്തരക്കാര്‍ക്ക് ഉണ്ടാകുന്നത്. ഇവരുടെ പക്കല്‍ സ്റ്റോക്കുള്ള ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താന്‍ അധികൃതരോ തിരിച്ചെടുക്കാന്‍ ഉത്പാദകരോ തയ്യാറാകാത്തത് ചെറുകിട കച്ചവടക്കാരെ പ്രതിസന്ധിയിലാക്കുന്നു. പ്രമുഖ കറി പൗഡര്‍ നിര്‍മാതാക്കളായ നിറപറ ബ്രാന്‍ഡിന്റെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഉത്തരവിറക്കി.
നിറപറ ബ്രാന്‍ഡ് മല്ലിപ്പൊടി, മഞ്ഞള്‍പൊടി, മുളക് പൊടി എന്നിവയാണ് കൂടിയ അളവില്‍ വില കുറഞ്ഞ അന്നജത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിച്ചത്. സംസ്ഥാനത്തൊട്ടാകെ കടകളില്‍ പരിശോധന നടത്തി ഈ ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനും ഉത്തരവുണ്ട്. ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുള്ള ഉപഭോക്താക്കളുടെ താത്പര്യം പരിഗണിച്ച് വല്ലപ്പോഴും മാത്രം വില്‍പ്പന നടക്കുന്ന കടകളില്‍ പോലും ഇത്തരം ഉത്പന്നങ്ങളാണ് വാങ്ങി ശേഖരിക്കുന്നത്. ഏതാനും മാസം മുമ്പ് മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കേര വെളിച്ചെണ്ണ ഉള്‍പ്പെടെ ഏതാനും ബ്രാന്‍ഡഡ് വെളിച്ചെണ്ണക്ക് നിരോധം ഏര്‍പ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് മാഗ്ഗി ന്യൂഡില്‍സിന് സംസ്ഥാനത്ത് നിരോധമേര്‍പ്പെടുത്തിയത്. ഈ സന്ദര്‍ഭങ്ങളിലെല്ലാം ചെറുകിട കച്ചവടക്കാര്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള ഉത്പന്നങ്ങള്‍ വ്യാപക റെയ്ഡ് നടത്തി പിടിച്ചെടുക്കുന്ന സമീപനമാണ് അധികൃതര്‍ സ്വീകരിക്കുന്നത്.
എന്നാല്‍ നിരോധമേര്‍പ്പെടുത്തുന്ന ഉത്പന്നങ്ങള്‍ നിര്‍മാതാക്കളെ കൊണ്ട് ഇവ തിരിച്ചെടുപ്പിക്കാനോ ഇതിന്റെ വില അവരില്‍ നിന്ന് ഈടാക്കി ചെറുകിടക്കാര്‍ക്ക് ലഭ്യമാക്കാനോ തയ്യാറാകാത്തത് വന്‍ സാമ്പത്തിക നഷ്ടമാണ് ചെറുകിട കച്ചവടക്കാര്‍ക്കുണ്ടാകുന്നത്. ചെറുകിട കച്ചവടക്കാര്‍ക്കുണ്ടാകുന്ന വന്‍ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ വ്യാപാര സംഘടനകളും തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കേരളത്തിന് പുറമെ ലക്ഷദ്വീപ്, ഇതര സംസ്ഥാനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും വന്‍തോതില്‍ ഇത്തരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഉത്പാദകരില്‍ നിന്ന് നേരിട്ടെടുക്കുന്നതിന് പുറമെ ലക്ഷദ്വീപ് പോലുള്ള പ്രദേശങ്ങളിലേക്ക് കേരളത്തിലെ മൊത്തക്കച്ചവടക്കാരില്‍ നിന്നാണ് ഇത്തരം ഉത്പന്നങ്ങള്‍ വാങ്ങിക്കൊണ്ടു പോകുന്നത്. നിരോധിത ഉത്പന്നങ്ങള്‍ വില്‍പ്പന നടത്താനോ ഇവ തിരിച്ചെടുക്കാന്‍ മൊത്തക്കച്ചവടക്കാരോ ഉത്പാദകരോ തയ്യാറാകാത്തതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമാണ് തങ്ങള്‍ക്കുണ്ടാകുന്നതെന്ന് ലക്ഷദ്വീപിലെ കവരത്തിയില്‍ കഴിഞ്ഞ 15 വര്‍ഷമായി ചില്ലറ വ്യാപാരം നടത്തുന്ന ആലപ്പുഴ ലജ്‌നത്ത് സ്വദേശി കെ എം അന്‍സാരി സിറാജിനോട് പറഞ്ഞു. മായം കലര്‍ന്നതോ ഗുണമേന്മയില്ലാത്തതോ ആയ ഉത്പ്പന്നങ്ങള്‍ ഉത്പ്പാദകര്‍ക്ക് വിറ്റഴിക്കാന്‍ അവസരം നല്‍കിയ ശേഷം ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്പാദകരില്‍ നിന്ന് ഈടാക്കുന്ന പിഴ ചെറുകിട കച്ചവടക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതിന്റെ നഷ്ട പരിഹാരമായി വിതരണം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.