പ്രാഥമിക വിദ്യാഭ്യാസത്തിലെ വളര്‍ച്ചയും ഉന്നത തലത്തിലെ ഇടര്‍ച്ചയും

Posted on: September 8, 2015 5:48 am | Last updated: September 7, 2015 at 11:48 pm

വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച മുന്നേറ്റങ്ങളാണ് കേരളത്തിന്റെ വികസന സങ്കല്‍പങ്ങള്‍ക്ക് ആക്കം കൂട്ടിയത്. സ്വാതന്ത്ര്യ പൂര്‍വകാലം മുതല്‍ തന്നെ കേരളത്തില്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ സജീവമായിരുന്നു. വിദ്യാഭ്യാസത്തെ ജനകീയ വത്കരിക്കാനുള്ള ശ്രമങ്ങള്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും സജീവമയി നടന്നത് ഇവിടെയായിരുന്നു. അക്ഷരങ്ങള്‍ ഹൃദ്യസ്ഥമാക്കിയവരായിരുന്നു കേരളത്തിലെ ജന്മി, നാടുവാഴി, ഭൂപ്രഭു വര്‍ഗത്തിനെതിരെയുള്ള സമരങ്ങളില്‍ ആത്മവീര്യം പകര്‍ന്ന് മുന്‍നിരയിലുണ്ടായിരുന്നത്. മാറു മറക്കാനും വഴിനടക്കാനും സമരങ്ങള്‍ നടന്ന പോലെ വിദ്യഭ്യാസം മേലാളന്റെ മാത്രം സ്വാതന്ത്രവും കുത്തകയുമായിരുന്ന കാലത്ത് കേരളത്തില്‍ വിദ്യ നേടാനും പോരാട്ടങ്ങളുണ്ടായി. സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി ജനാധിപത്യ പ്രക്രിയക്ക് വേഗം നല്‍കിയ സംസ്ഥാനവും കേരളമാണ്. ഇതിന്റെയൊക്കെ പിന്‍ബലത്തിലാണ് 1991 ഏപ്രില്‍ 18ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ചേലക്കോടന്‍ ആയിഷുമ്മ സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്.
1990-91 കാലത്തെ സാക്ഷരതായജ്ഞത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. കേരളചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമായിരുന്നു സമ്പൂര്‍ണ സാക്ഷരതായജ്ഞം. യുവജനങ്ങളും അധ്യാപകരും ജീവനക്കാരും അഭ്യസ്തവിദ്യരും തോളോടുതോള്‍ ചേര്‍ന്ന് കേരളത്തിലെ നിരക്ഷരതാ നിര്‍മാര്‍ജനത്തിനായി ഒരുങ്ങിപ്പുറപ്പെട്ടു. മൂന്നു ലക്ഷത്തോളം സന്നദ്ധസേവകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി കേരളം 92.5 ശതമാനം സാക്ഷരത നേടി.
സാക്ഷരതാ പ്രസ്ഥാനം സമ്പൂര്‍ണ സാക്ഷരതാ നേട്ടത്തോടെ അല്‍പകാലം നിര്‍ജീവമായിരുന്നെങ്കിലും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയായി രൂപാന്തരം ചെയ്യപ്പെട്ട കേരള സാക്ഷരതാസമിതി തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഗ്രാമ ഗ്രാമാന്തരങ്ങളില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രങ്ങളും പ്രേരക്മാരും വിദ്യാഭ്യാസത്തിന്റെ പുതിയ തലങ്ങള്‍ പരിചയപ്പെടുത്തി. കാലത്തിന്റെ കുതിപ്പിനനുരോധമായി കേരള ജനതയെ അറിവുള്ളവരാക്കി തീര്‍ക്കണമെന്ന മാറിമാറി വന്ന സംസ്ഥാന സര്‍ക്കാറിന്റെയും സാക്ഷരതാ മിഷന്റെയും ദൃഢനിശ്ചയമാണ് കേരള വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് നിദാനമായത്. പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ഇന്നും മികച്ച മാതൃകയാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആ നിലവാരം പുലര്‍ത്താന്‍ കേരളത്തിനാകുന്നില്ലെന്നതാണ് യാഥാഥ്യം. മികച്ച സ്‌കൂള്‍ വിദ്യാഭ്യാസം നേടി വരുന്ന വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് ആശ്രയിക്കുന്നത് ഇതര സംസ്ഥാനങ്ങളെയാണ്.
സാക്ഷരതാ മിഷനിലും സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയിലും നേരത്തെ തന്നെ മികച്ച മാതൃകയായ കേരളത്തിന് ഉന്നതവിദ്യാഭ്യാസ രംഗത്ത് ആ മികവ് പുലര്‍ത്താന്‍ ആകുന്നില്ല. കേരളത്തിലെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റിയായ കുസാറ്റ് പോലും ലോക റാങ്കിംഗില്‍ 1650-ാം സ്ഥാനത്താണുള്ളത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ റാങ്കാവട്ടെ 4053. ലോകനിലവാരത്തില്‍ കേരളത്തിലെ യൂനിവേഴ്‌സിറ്റികള്‍ എത്ര താഴെയാണുള്ളതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലേയും യൂനിവേഴ്‌സിറ്റികള്‍ ഇവയേക്കാള്‍ മുകളിലാണ്. കേരളത്തിലെ യൂനിവേഴ്‌സിറ്റികളുടെ ഗുണനിലവാരമില്ലായ്മയും ഇതര സംസ്ഥാനങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിന് പോകാന്‍ മലയാളികളെ പ്രേരിപ്പിക്കുന്ന കാരണങ്ങളിലൊന്നാണ്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരത്തകര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കുകയാണ് ആദ്യം വേണ്ടത്. രാഷ്ട്രീയ അതിപ്രസരമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു തീരാ ശാപം. ഒരു മാറ്റവും അംഗീകരിക്കാനാവാത്ത രാഷ്ട്രീയ ഹുങ്കും, എല്ലാം വിവാദമാക്കി ഒന്നും നടപ്പാക്കാന്‍ സമ്മതിക്കാത്ത അന്തരീക്ഷവുമാണ് യൂനിവേഴ്‌സിറ്റികളടക്കമുള്ള നമ്മുടെ ഉന്നത കലാലയങ്ങളിലുള്ളത്. അധ്യാപകരിലും വിദ്യാര്‍ഥികളിലും മറ്റു ജീവനക്കാരിലും ഈ അമിത രാഷ്ട്രീയവത്കരണം കാണാം. അതിനാല്‍ ഭരണപക്ഷം എത്ര നല്ല മാറ്റം കൊണ്ടു വന്നാലും എതിര്‍ത്ത് തോല്‍പ്പിക്കുയെന്നതാണ് ലക്ഷ്യം. കാലങ്ങളായി നിലനിക്കുന്ന ഈ നിഷേധാത്മക നിലപാട് നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ മൊത്തം ഗുണമേന്മയെയാണ് പ്രതികൂലമായി ബാധിച്ചത്. ഇത് പരിഹരിക്കാന്‍ ഉന്നത വിദ്യാഭ്യാസ സമിതിയുടെ തീരുമാനങ്ങള്‍ കൊണ്ടോ പദ്ധതികള്‍ കൊണ്ടോ മാത്രം സാധിക്കില്ല. അധ്യാപകരും വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒന്നടങ്കം ഉന്നത വിദ്യാഭ്യാസത്തോടുള്ള സമീപനം മാറ്റിയാലേ സാര്‍ഥകമായ ഒരു സംവിധാനം കേരളത്തില്‍ നടപ്പിലാക്കാനാവൂ.
ഉന്നത വിദ്യാഭ്യാസമേഖലക്ക് അക്കാദമിക് നേതൃത്വം നല്‍കേണ്ട കേരളത്തിലെ സര്‍വകലാശാലകള്‍ നിരവധി പ്രതിസന്ധികളില്‍പെട്ട് ഫലത്തില്‍ നിഷ്‌ക്രിയമായിക്കൊണ്ടിരിക്കുകയാണ്. വൈസ് ചാന്‍സലര്‍മാരുടെ നിയമനവും യോഗ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് സമീപകാല വിവാദങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ വൈസ് ചാന്‍സലറെ, ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ നീക്കം ചെയ്യുക എന്ന ഖേദകരമായ സംഭവം പോലും നടന്നിരിക്കുന്നു. മത ജാതി രാഷ്ടീയ പരിഗണനക്കതീതമായി അര്‍ഹരായവരെ വൈസ് ചാന്‍സലര്‍മാരായി നിയമിക്കേണ്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതുകൊണ്ട് മാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സര്‍വകലാശാലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. കേരളം നേരിടുന്ന വികസന പ്രതിസന്ധികള്‍ കണക്കിലെടുത്തുകൊണ്ട് ആവിഷ്‌കരിക്കേണ്ട ഉന്നത വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സര്‍വകലാശാലകളുടെ പ്രവര്‍ത്തന രീതി സമഗ്രമായ പരിഷ്‌കരണത്തിനും നവീകരണത്തിനും വിധേയമാക്കേണ്ടതാണ്. പരീക്ഷ എഴുതി ഫലം അറിയാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ട ദുര്‍ഗതി കേരളത്തിലെ മിക്ക യൂനിവേഴ്‌സിറ്റികളേയും ബാധിച്ചിട്ടുണ്ട്. അക്കാദമിക് രംഗങ്ങളില്‍ മികച്ച മൂന്നേറ്റം കാഴ്ച വെക്കുന്ന വിദേശ യൂനിവേഴ്‌സിറ്റികള്‍ നടപ്പിലാക്കുന്ന പദ്ധതികളെ കേരളത്തിലും നടപ്പിലാക്കിയാല്‍ തന്നെ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല കരകയറുമെന്നതില്‍ സംശയമില്ല.
ഉന്നത വിദ്യാഭ്യാസം നേരിടുന്ന അടിസ്ഥാനപരമായ പല വൈകല്യങ്ങളും ഇതിനിടെ തീരെ ചര്‍ച്ചചെയ്യപ്പെടാതെ പോകുന്നുമുണ്ട്. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയും വിദ്യാസമ്പന്നരുടെ എണ്ണത്തിലുള്ള വര്‍ധനവും വ്യവസായ കാര്‍ഷിക ശാസ്ത്ര സാങ്കേതിക മേഖലകളുടെ നവീകരണത്തിലേക്കും വിപുലീകരണത്തിലേക്കും നയിക്കുമെന്നതാണ് നിരവധി രാജ്യങ്ങളുടെ അനുഭവങ്ങള്‍ തെളിയിക്കുന്നത്. വിദ്യാഭ്യാസ മേഖല ഉത്പാദന മേഖലകളുടേയും അതുവഴി സാമ്പത്തിക മേഖലയുടേയും വളര്‍ച്ചക്ക് പ്രേരകശക്തിയായി മാറുന്നു. അതേ അവസരത്തില്‍ ഉത്പാദനസേവന മേഖലകള്‍ തിരിച്ചും വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്കും വൈവിധ്യവല്‍ക്കരണത്തിനുമുള്ള ഉദ്ദീപന ശക്തിയായി മാറുന്നു. ഉത്പാദന മേഖലക്കും മറ്റും ആവശ്യമായ മനുഷ്യവിഭവശേഷി നല്‍കേണ്ടത് വിദ്യാഭ്യാസ മേഖലയാണല്ലോ. എന്നാല്‍ കേരളത്തില്‍ സംഭവിച്ചത് മറിച്ചാണ്. നമ്മുടെ വിദ്യാഭ്യാസ മേഖല വളര്‍ന്നു പന്തലിച്ചുവന്ന കാലത്താണ് ഉത്പാദന മേഖല മുരടിച്ചു പോയത്. വിദ്യ നേടിയത് ഉത്പാദന മേഖലയിലേയും കാര്‍ഷിക മേഖലയിലേയും ജോലികളെടുക്കുന്നതിന് തടസ്സമായിട്ടാണ് പലരും കണ്ടത്. ഈ രണ്ട് മേഖലയിലും അനേകം തൊഴിലൊഴിവുകളുണ്ടായിട്ടും ഒരു ഗ്രാജ്വേഷ്വന്റെ ബലത്തില്‍ വൈറ്റ്‌കോളര്‍ ജോലി മാത്രം സ്വപ്‌നം കണ്ടുകൊണ്ടിരിക്കുന്നതിനാലാണ് കേരളത്തില്‍ തൊഴിലില്ലായ്മ എന്നത് ഒരു മിഥ്യാ വെല്ലുവിളിയായി ഉയര്‍ന്നത്.
പ്രാന്തവത്കരിക്കപ്പെട്ടവരുടേയും ദുര്‍ബല ജനസമൂഹങ്ങളുടെയും ജീവിതം സുരക്ഷിതമാക്കുന്നതിന് ഉത്പാദനസേവന മേഖലകളുടെ വളര്‍ച്ചയിലൂടെ കൈവരിക്കേണ്ട സാമ്പത്തിക കുതിപ്പ് ആവശ്യമാണ്. അതുകൊണ്ടാണ് അക്കാദമിക് ജീര്‍ണതയും ജഡത്വവും ബാധിച്ച നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ നവീകരണം കേരള വികസന മാതൃകയുടെ സുസ്ഥിരതക്കുള്ള മുഖ്യ അജന്‍ഡയായി മാറുന്നത്.
സങ്കുചിത കക്ഷിരാഷ്ട്രീയ പ്രവണതകളും ചില സാമുദായിക സംഘടനകളുടെ ഇടപെടലുകളും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഇന്നത്തെ പ്രതിസന്ധിക്ക് തീര്‍ച്ചയായും കാരണമാകുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസ മേഖലയുടെ പരിവര്‍ത്തനത്തിന് ദിശാബോധം നല്‍കേണ്ട അക്കാദമിക് സമൂഹത്തിന്റെ നിഷ്‌ക്രിയതയും നിസംഗതയുമാണ് വിദ്യാഭ്യാസ മേഖലയുടെ നവീകരണം സാധ്യമാവുന്നതിന് തടസ്സം നില്‍കുന്ന പ്രധാനപ്പെട്ട ഘടകമെന്ന വസ്തുത കണക്കിലെടുക്കാതെ പോകരുത്. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് അക്കാദമിക് സമൂഹം, വിദ്യാഭ്യാസ വിചക്ഷണര്‍, അധ്യാപക വിദ്യാര്‍ഥി സംഘടനകള്‍, ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍, എന്നിങ്ങനെ ബന്ധപ്പെട്ട എല്ലാവരുമായും ആലോചിച്ചും അവരെ വിശ്വാസത്തിലെടുത്തും കൊണ്ടും സമഗ്രവും സമുചിതവുമായ ഉന്നത വിദ്യാഭ്യാസ നയം ആവിഷ്‌കരിക്കാന്‍ സര്‍ക്കാറും മുന്‍ കൈയെടുത്താല്‍ മാത്രമേ മികച്ചതും സമഗ്രവുമായ ഒരു ഉന്നതവിദ്യാഭ്യാസ മേഖലയെ കേരളത്തില്‍ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.