കുട്ടികള്‍ക്കൊപ്പം മമ്മൂട്ടിയുടെ പിറന്നാളാഘോഷം

Posted on: September 7, 2015 11:54 pm | Last updated: September 7, 2015 at 11:54 pm
കുട്ടികള്‍ക്കൊപ്പം അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി
കുട്ടികള്‍ക്കൊപ്പം അറുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുന്ന മമ്മൂട്ടി

കൊച്ചി: മലയാളത്തിന്റെ നടനവിസ്മയം മമ്മൂട്ടിക്ക് 63-ാം പിറന്നാള്‍. ഷൂട്ടിംഗ് ലൊക്കേഷനില്‍ കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമായിരുന്നു മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷം. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കൊച്ചിയിലെ ലൊക്കേഷനിലാണ് മമ്മൂട്ടി പിറന്നാള്‍ ആഘോഷിച്ചത്. കുട്ടികള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച മമ്മൂട്ടി നടന്‍ ആര്യ അടക്കമുള്ളവരോടൊപ്പം ഉച്ചക്ക് പിറന്നാള്‍ സദ്യയുണ്ടു. ഞായറാഴ്ച വീടിനകത്ത് കയറി തെരുവ് നായ കടിച്ച് കണ്ണിന് പരുക്കേറ്റ കോതമംഗലത്തെ ദേവനന്ദനന്‍ എന്ന കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഹാപ്പി ബര്‍ത്ത്‌ഡേ മമ്മുക്ക എന്ന മ്യൂസിക് വീഡിയോയാണ് ഒരു കൂട്ടം ഫാന്‍സ് മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനമായി ഒരുക്കിയത്. സംഗീത സംവിധായകന്‍ ലിജോ ജോണ്‍സണാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. ലിജോക്കൊപ്പം ഗായിക റിമി ടോമിയാണ് ഹാപ്പി ബര്‍ത്ത് ഡേ മമ്മുക്ക എന്ന ഗാനം ആലപിച്ചത്. സിനിമാ മേഖലയിലുള്ളവര്‍, ഇഷ്ടപ്രേമികള്‍ എന്നിവരുടെ പിറന്നാള്‍ ആശംസകള്‍ കൂടി കോര്‍ത്തിണക്കിയിട്ടുണ്ട് വീഡിയോയില്‍. ഒപ്പം മമ്മൂട്ടി സിനിമകളിലെ പഞ്ച് ഡയലോഗുകളും. വന്‍ താരനിരയും ആശംസകളുമാണ് വീഡിയോയില്‍ നിറയുന്നത്.
മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ഇന്നലെ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ 393 എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. സെവന്‍ത്ത് ഡേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഖില്‍ പോളും സുഹൃത്ത് അനസ് ഖാനും കൂടിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ 393ാത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് മെഗാസ്റ്റാര്‍ 393 എന്ന് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.