നന്നമ്പ്രയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

Posted on: September 7, 2015 10:16 am | Last updated: September 7, 2015 at 10:16 am

തിരൂരങ്ങാടി: നന്നമ്പ്രയില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഈമാസം 29ന് വെള്ളിയാമ്പുറത്ത് വിപുലമായ കണ്‍വെന്‍ഷന്‍ നടക്കും. ഇതിന്റെ മുന്നോടിയായി ഈമാസം 19ന് വെള്ളിയാമ്പുറത്തും 20ന് കൊടിഞ്ഞി, ചെറുമുക്ക് എന്നിവിടങ്ങളിലും 21ന് കുണ്ടൂരിലും മേഖലാ കണ്‍വെന്‍ഷനുകള്‍ ചേരും.
കണ്‍വെന്‍ഷന്റെ വിജയത്തിന്നായി യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബൈക്ക് റാലികള്‍ നടത്താനും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് എന്‍ രാമന്‍ കുട്ടി അധ്യക്ഷത വഹിച്ചു. പച്ചായി മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. യു വി അബ്ദുല്‍ കരീം, നീലങ്ങത്ത് അബ്ദുസ്സലാം, കെ സജിത്ത്, പി ഭാസ്‌കരന്‍, പി ക എം ബാവ, കുഞ്ഞറമു കൊടിഞ്ഞി പ്രസംഗിച്ചു.
ലീഗ് കോണ്‍ഗ്രസ് ഭിന്നതക്ക് കേളികേട്ട ഈ പഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനോടൊപ്പം മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസിന് മുന്‍ധാരണയുണ്ടായിട്ടും മുസ്‌ലിം ലീഗ് വൈസ്പ്രസിഡന്റ് സ്ഥാനം നല്‍കിയിരുന്നില്ല. അവസാനം ജില്ലാ യു ഡി എഫ് നേതൃത്വം ഇടപെട്ട ശേഷമാണ് നല്‍കാന്‍ തയ്യാറായത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള നന്നമ്പ്ര സര്‍വീസ് സഹകരണ ബേങ്കില്‍ ലീഗിന് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റിനെ ലീഗ് അവിശ്വാസത്തിലൂടെ പുറത്താക്കുകയും മുസ്‌ലിം ലീഗ് വൈസ്പ്രസിഡന്റ് സ്ഥാനം കയ്യടക്കുകയുമായിരുന്നു. ഇതോടെ പഞ്ചായത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും വീണ്ടുംവഴി പിരിഞ്ഞു.
പ്രശ്‌നം പരിഹരിക്കുന്നതിന് യു ഡി എഫ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രാദേശി കോണ്‍ഗ്രസ് നേതൃത്വത്തിന് ആക്ഷേപമുണ്ട്. ഈ ഭിന്നത നിലനില്‍ക്കെയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പേ കോണ്‍ഗ്രസ് പ്രചാരണവുമായി രംഗത്തിറങ്ങിയിട്ടുള്ളത്.
ജില്ലയില്‍ തന്നെ ലീഗ് കോണ്‍ഗ്രസ് ഭിന്നതക്ക് അറിയപ്പെട്ട ഈ പഞ്ചായത്തില്‍ തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോള്‍ പിണക്കം താത്കാലികമായി തീരാറുണ്ടെങ്കിലും ഒട്ടും വൈകാതെ തന്നെ വഴിപിരിയുകയും ചെയ്യുക പതിവാണ്.