അപകടകരമായ ചൂതാട്ടം

Posted on: September 6, 2015 4:47 am | Last updated: September 5, 2015 at 11:49 pm

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കാന്‍ സഹായിച്ചതും ആഗോള സാമ്പത്തിക മാന്ദ്യമടക്കമുള്ള പ്രതിസന്ധികളില്‍ പല കൊമ്പന്മാരും കൂപ്പുകുത്തിയപ്പോള്‍ ഇന്ത്യയെ വലിയ പോറലൊന്നും ഏല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതും നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കരുപ്പിടിപ്പിക്കാന്‍ ശ്രദ്ധയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിച്ച ദേശീയ നേതാക്കള്‍ സോഷ്യലിസ്റ്റ് പാതയോട് ആഭിമുഖ്യം കാണിച്ചത് വെറുതെയല്ല. ലോക മുതലാളിത്ത ശക്തികള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയേയും തങ്ങളുടെ അടിമരാജ്യമാക്കി നിര്‍ത്താനാണ് ആഗ്രഹിച്ചത്. ഉരുക്ക് അടക്കമുള്ള അടിസ്ഥാന വ്യവസായ ഘടകങ്ങള്‍ക്ക് വെമ്പല്‍കൊണ്ട ഇന്ത്യയെ ആശ്രിത രാഷ്ട്രപദവിയില്‍ നിന്ന് മോചിപ്പിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പഞ്ചവത്സര പദ്ധതികളിലൂടെ ലക്ഷ്യംവെച്ചതും അതുതന്നെ. സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ അതിന്റേതായ കാരണങ്ങളാല്‍ വിള്ളലുകള്‍ ഉണ്ടാകുകയും വ്യവസ്ഥ തന്നെ തകരുകയും ചെയ്തപ്പോള്‍ തിമിര്‍ത്ത് ആഹ്ലാദിച്ചവര്‍ ഇന്ത്യയിലുമുണ്ടായിരുന്നു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പാളയത്തില്‍ കൊണ്ട് കെട്ടാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നുണ്ടായിരുന്നു. ആഗോളവത്കരണം, ഉദാരവത്കരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അതിന്റെ ലക്ഷണങ്ങളായിരുന്നു. പൊതുമേഖലയെ ക്ഷീണിപ്പിക്കാനും ക്രമമായി തകര്‍ക്കാനും സ്വകാര്യമേഖലക്ക് മേല്‍ക്കൈ നല്‍കാനും ഈ ഘട്ടങ്ങളില്‍ ഭരണകൂടങ്ങള്‍ തന്നെ കൂട്ടുനിന്നു. ഇന്ത്യയില്‍ നരസിംഹ റാവു മുതലുള്ള സര്‍ക്കാറുകള്‍ ഇതിനായി രാജ്യത്തെ പാകപ്പെടുത്തുകയായിരുന്നു. പൊതു മേഖലയെ തകര്‍ക്കുന്നതോടൊപ്പം ബേങ്ക് ദേശസാത്കരണം കുളം തോണ്ടാനും പരസ്യമായല്ലെങ്കിലും പാതി രഹസ്യവും പാതി പരസ്യമായും കൊണ്ടുപിടിച്ച ശ്രമം നടന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ പൊതുമേഖലക്കെതിരായ നീക്കങ്ങള്‍ മറനീക്കി പുറത്ത് വന്നു. അത് തുടരുകയും ചെയ്യുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പരസ്യമായ നടപടികള്‍ ആരംഭിച്ചു. കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള എണ്ണപ്പാടങ്ങള്‍ സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് ചുളുവിലക്ക് നല്‍കാനുള്ള തീരുമാനം അതിന് മതിയായ തെളിവാണ്.
69 ചെറുകിട എണ്ണപ്പാടങ്ങള്‍ ലേലം ചെയ്ത് 70,000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചത് കേന്ദ്ര മന്ത്രിസഭാ യോഗമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാഷ്ട്ര സമ്പദ്ഘടനക്ക് ശക്തിപകരാന്‍ പൊതുമുതല്‍ വിറ്റ് പണമുണ്ടാക്കാനാണ് നീക്കം. എണ്ണ പര്യവേക്ഷണ രംഗത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങളായ ഒ എന്‍ ജി സി, ഓയില്‍ ഇന്ത്യ എന്നിവ കോടികള്‍ മുടക്കി കഠിന തപസ്യയിലൂടെ കണ്ടെത്തിയ പ്രകൃതി വിഭവ കലവറകള്‍ സ്വകാര്യ മേഖലക്ക് മാത്രമല്ല, വിദേശ കമ്പനികള്‍ക്ക് പോലും തുറന്നുകൊടുക്കാന്‍ ലേലംവിളി നടക്കുന്നത് ഇതാദ്യമായാണ്. ഒ എന്‍ ജി സിയുടെ 63ഉം, ഓയില്‍ ഇന്ത്യയുടെ ആറും എണ്ണപ്പാടങ്ങളാണ് ലേലത്തിനായി തുറന്നുവെച്ചത്. പ്രകൃതിവാതകവും അസംസ്‌കൃത എണ്ണയും ധാതുക്കളും വില്‍ക്കുന്ന കാര്യത്തിലുണ്ടായിരുന്ന നിബന്ധനകളെല്ലാം എടുത്തുമാറ്റി. അസംസ്‌കൃത എണ്ണ, വാതകം, ഷെയ്ല്‍ ഗ്യാസ്, ഷെയ്ല്‍ ഓയില്‍ തുടങ്ങി എണ്ണപ്പാടത്തുനിന്ന് കിട്ടുന്ന ഏത് ഉത്പന്നവും സ്വകാര്യ, വിദേശ കമ്പനികള്‍ക്ക് പ്രയോജനപ്പെടുത്താം. ഇവ ഓരോന്നിന്റേയും ഖനനത്തിന് പ്രത്യേക ലൈസന്‍സ് പോലും ഇനി ആവശ്യമില്ല.
എണ്ണപ്പാടങ്ങള്‍ക്ക് പുറമെ നാഷനല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, എം എം ടി സി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ഐ ടി ഡി സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ 41,000 കോടി രൂപ സ്വരൂപിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. ഇതിന്റെ കരട് മന്ത്രിസഭാ കുറിപ്പ് പുറപ്പെടുവിച്ച് കഴിഞ്ഞു. എന്‍ജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, നെല്‍കോ, എന്‍ എം ഡി സി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എന്നിവയിലെ സര്‍ക്കാര്‍ ഓഹരിയുടെ 10 ശതമാനമാണ് സ്വകാര്യവത്കരിക്കുക. നാഷനല്‍ ഫര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ഇന്ത്യാ ടൂറിസം ഡവലപ്പ്‌മെന്റ് കോര്‍പറേഷന്‍, സ്റ്റേറ്റ് ട്രേഡിംഗ് കോര്‍പറേഷന്‍, എം എം ടി സി എന്നിവയില്‍ കേന്ദ്രത്തിനുള്ള ഓഹരിയില്‍ 15 ശതമാനം വിറ്റ് പണമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വികസനം ലക്ഷ്യം വെച്ച് നീങ്ങുന്നതായി അവകാശപ്പെടുന്ന മോദി സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇക്കാര്യം അവര്‍ ഒളിച്ച് വെക്കുന്നുമില്ല. രാജ്യത്തിന്റെ മുഴുവന്‍ കരുതല്‍ ധനമായി സൂക്ഷിച്ചിരിക്കുന്ന പൊതു മേഖലയുടെ ഓഹരി വിറ്റ് വികസനം നടപ്പാക്കാനുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം അങ്ങേയറ്റം അപകടകരമായ ചൂതാട്ടമാണെന്ന് പറയാതെ വയ്യ.