Connect with us

Gulf

മാധ്യമ പ്രവര്‍ത്തനം ഒരു പ്രതിരോധം

ഗള്‍ഫ് മാധ്യമ പ്രവര്‍ത്തനം ഒരു പ്രതിരോധ പ്രവര്‍ത്തനമായി മാറണമെന്ന് നമ്മള്‍ ജീവിക്കുന്ന കാലഘട്ടം ആവശ്യമുന്നയിക്കുന്ന സമയത്താണ് സിറാജ് ദിനപത്രം ദുബൈ എഡിഷന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഉള്‍പ്പെടുന്ന, കെട്ട കാലം മുന്നോട്ട് വയ്ക്കുന്ന ഭീകര കൂട്ടങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ പ്രധാന ഉത്തരവാദിത്തം ഭരണ കൂടങ്ങള്‍ക്കോ പട്ടാളക്കാര്‍ക്കോ അല്ല. ആ ഉത്തരവാദിത്തം ആദ്യം നിറവേറ്റെണ്ടത് മാധ്യമങ്ങളാണ്. അത് കൃത്യമായി നിറവേറ്റുന്നുണ്ടോ എന്ന് ഗള്‍ഫിലെ എല്ലാ മാധ്യമങ്ങളും കൃത്യമായ ഇടവേളകളില്‍ ആത്മപരിശോധന നടത്തണം. മാധ്യമങ്ങള്‍ക്ക്, മാധ്യമ പ്രവര്‍ത്തകര്‍ക്ക് സംഭവിക്കുന്ന ഓരോ ജാഗ്രതക്കുറവും ഈ നാടിന്റെ വലിയ ദുരന്തത്തിനു വഴിവേച്ചേക്കാം.
ഐ എസിന്റെ ഗൂഡ പദ്ധതികളെയും ഹൂത്തികളുടെ സൈനിക അട്ടിമറി ശ്രമങ്ങളെയും ഇറാന്റെ വിഭാഗീയ ചിന്തകളെയുമെല്ലാം അങ്ങേയറ്റത്തെ ആശങ്കയോടെ നോക്കി കണ്ടിട്ടുണ്ട് സിറാജ് ദിനപത്രം. പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അത് ഒരു ആഘോഷത്തിന്റെ തുടക്കമല്ല, കൂടുതല്‍ ഉത്തര വാദിത്തത്തിന്റെ ഏറ്റെടുക്കലുകളാണ് എന്നാണ് എനിക്ക് തോന്നുന്നത്.
ഇന്ത്യയില്‍ ഫാസിസം നമ്മുടെ വീട്ടു പടിക്കല്‍ എത്തിയിട്ടുണ്ട്. സംഘപരിവാര്‍ കൂട്ടങ്ങള്‍ക്കൊപ്പം മറുവശത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്ത്യയില്‍ പിടിമുറുക്കുകയാണ്. ഒരു നാടിന്റെ നന്മയെ അപ്പാടെ ഇല്ലാതാക്കുകയാണ് തീവ്ര വാദികള്‍.
ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജീവിക്കുന്ന ഗള്‍ഫ് നാടുകളെ അപകടത്തിലാക്കാന്‍ ഐ എസും മുസ്ലിം ബ്രദര്‍ ഹുഡും ഉണ്ട്. ഒരു മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിറിയയില്‍ പോയി ഇസ്‌ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നിരിക്കുന്നു. ഐ എസ് അനുകൂലികളായ രണ്ട് മലയാളികളെ ഗള്‍ഫ് രാജ്യം നാട് കടത്തിയിരിക്കുന്നു. കഴിഞ്ഞ ദിവസം 22 യു എ ഇ പട്ടാളക്കാര്‍ യമനില്‍ കൊല്ലപ്പെട്ടിരിക്കുന്നു.
ഇത്തരം വാര്‍ത്തകളുടെയും റിപ്പോര്‍ട്ടുകളുടെയും തുടര്‍ച്ചകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അസ്വാസ്ഥ്യം പടര്‍ത്തുന്ന കാലഘട്ടത്തില്‍ ആ അസ്വസ്ഥതകള്‍ മുഴുവന്‍ പങ്കു വെച്ച് കൊണ്ട് തന്നെയാകണം ഇവിടെ നിന്നുള്ള മാധ്യമ പ്രവര്‍ത്തനം.
ചിത്രങ്ങളിലോ വാര്‍ത്താ തലക്കെട്ടുകളിലോ ഇടം പിടിക്കാത്ത പതിനായിരക്കണക്കിന് അയലന്‍ കുര്‍ദിമാരുണ്ട് അറബ് മേഖലയില്‍. ഭക്ഷണം കിട്ടാതെ, സ്‌കൂളില്‍ പോകാതെ അച്ചനമ്മമാരെ തേടി നടക്കുന്ന ലക്ഷക്കണക്കിന് കുരുന്നുകള്‍ ഉണ്ട് സതാരി ഉള്‍പ്പെടെയുള്ള അഭയാര്‍ഥി ക്യാമ്പുകളില്‍. ഇങ്ങനെ ദുരിതങ്ങള്‍ പല വിധത്തിലും തീ മഴ പെയ്യിക്കുന്ന വര്‍ത്തമാന കാലത്ത്, ഒരു പതിറ്റാണ്ടിന്റെ അനുഭവ പാടങ്ങളില്‍ നിന്ന് ഒരു നൂറ്റാണ്ട് മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കാന്‍ സിറാജിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Latest