യു എ ഇ മടക്കി അയച്ച മലയാളികളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ല: ഡി ജി പി

Posted on: September 4, 2015 11:52 pm | Last updated: September 4, 2015 at 11:52 pm

senkumarതിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഐ എസ് അനുകൂല നിലപാട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട് യു എ ഇ മടക്കി അയച്ച രണ്ട് മലയാളികളുടെ ഐ എസ് ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ടി പി സെന്‍ കുമാര്‍.
അവിടെ നിയമങ്ങള്‍ കര്‍ക്കശമാണ്. അവിടെ ഏതെങ്കിലും വിഷയത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചാല്‍ പ്രതികരിക്കുന്നവരെ നിരീക്ഷണവിധേയമാക്കും. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന്റെ ആളുകളായിക്കണ്ട് സര്‍ക്കാര്‍ തുടര്‍ നടപടി കൈക്കൊള്ളുന്നതും പതിവാണ്. എന്നാല്‍ ഇവരെ കുറിച്ച് സംസ്ഥാന പോലീസും കേന്ദ്ര ഏജന്‍സികളും അന്വേഷിച്ചുവരികയാണ്. ഐ എസ് ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പല നടപടികളും നിയമനിര്‍വഹണത്തിന്റെ ഭാഗമായാണ് കൈക്കൊള്ളുന്നത്. സമൂഹിക മാധ്യമങ്ങളില്‍ ഇത്തരം സംഘടനകള്‍ക്ക് അനുകൂലമായി ലൈക്കും ഷെയറും ചെയ്യുന്നവരെപ്പോലും ഗള്‍ഫ് രാജ്യങ്ങള്‍ നിരീക്ഷിക്കും. അതുകൊണ്ടാണ് ഇവരെ കേരളത്തിലേക്ക് തിരിച്ചയച്ചത്. എല്ലാവരും തീവ്രവാദികളാകണമെന്നില്ല. മലയാളികള്‍ക്ക് ആര്‍ക്കെങ്കിലും ഐ എസുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.