കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട സംഭവം: കെട്ടിച്ചമച്ചതെന്ന് പോലീസ്

Posted on: September 4, 2015 7:06 pm | Last updated: September 4, 2015 at 7:06 pm

crimeകോഴിക്കോട്: മുക്കം കാരശ്ശേരിയില്‍ അജ്ഞാതന്‍ മാതാവിനെ ആക്രമിച്ച് പിഞ്ചു കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ട സംഭവം മാതാവ് കെട്ടിച്ചമച്ചതെന്ന് പോലീസ്. കക്കാട് കുണ്ടുംകടവത്ത് വീട്ടില്‍ നൂറുദ്ദീന്റെ ഭാര്യ ഹസ്‌നയാണ് തന്നെ അജ്ഞാതന്‍ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് കുഞ്ഞിനെ വാഷിംഗ് മെഷീനിലിട്ടതായി ഇന്നലെ പറഞ്ഞത്. എന്നാല്‍ ഇവരുടെ മൊഴിയില്‍ വൈരുധ്യം ഉണ്ടായതാണ് പോലീസിന് സംശയമുണ്ടാക്കിയത്.

വീട്ടില്‍ ആരും കയറിയതിന്റേയോ അക്രമം നടത്തിയതിന്റേയോ യാതൊരു തെളിവും കണ്ടെത്താനാവാത്തതും യുവതിയുടെ മൊഴിയില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഭര്‍ത്താവിന്റെ ഉമ്മയോടുള്ള വൈരാഗ്യമാണ് ഇങ്ങനെയൊരു സംഭവം കെട്ടിച്ചമക്കാന്‍ യുവതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.