Connect with us

Gulf

ഇറാന്‍, ജി സി സി കമ്പോളങ്ങള്‍ക്കു വേണ്ടത്

Published

|

Last Updated

ആണവ സമ്പുഷ്ടീകരണ പ്രശ്‌നത്തില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം ഇല്ലാതാകുന്നത്, ഇറാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം മെച്ചപ്പെടാന്‍ സഹായകരമാകേണ്ടതാണ്. എന്നാല്‍, മേഖലയിലെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇറാന്‍ നിരന്തരം ഇടപെടുന്നത് അതിന് തിരിച്ചടിയായി മാറുന്നു. നഷ്ടം നിക്ഷേപാര്‍ഥികള്‍ക്കും കമ്പോളത്തിനും.
ആണവ സമ്പുഷ്ടീകരണം സംബന്ധിച്ച് ഏതാനും മാസം മുമ്പാണ് ഇറാനും അമേരിക്കയും ഒത്തു തീര്‍പ്പിലെത്തിയത്. ഒരു യുദ്ധത്തിന്റെ കാര്‍മേഘം മേഖലയുടെ ആകാശത്ത് വന്നുകൂടിയാതായിരുന്നു. അത് പേമാരിയാക്കാന്‍ ഇസ്‌റാഈല്‍ അടക്കം ചില രാജ്യങ്ങള്‍ ശ്രമം നടത്തിവരുകയായിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കൊടുവില്‍, അമേരിക്കയും ഇറാനും ധാരണയായതോടെ ലോകം ദീര്‍ഘനിശ്വാസം വിട്ടു.
ഇറാനില്‍ പെട്രോളും പ്രകൃതി വാതകവും യഥേഷ്ടം. ഉപരോധകാലത്ത് അവര്‍ക്ക് അവ വ്യാപകമായി വില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അവരുടെ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. വിദേശരാജ്യങ്ങളുമായി ഇടപാടുകള്‍ സാധ്യമല്ലാത്തതിനാല്‍ ഇറാനില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കുറവായിരുന്നു. കമ്പോളം വികസിച്ചില്ല.
യു എ ഇയില്‍ നിന്നാണ് ഇറാനിലേക്ക് ഉല്‍പന്നങ്ങള്‍ പോയിരുന്നത്. പക്ഷേ, ഉപരോധമുള്ളതിനാല്‍ പല ഉല്‍പന്നങ്ങളും കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇത് യു എ ഇയിലെ കയറ്റുമതിക്കാരെ നിരാശപ്പെടുത്തിയിരുന്നു.
ആണവ സമ്പുഷ്ടീകരണത്തില്‍ അമേരിക്കയും ഇറാനും ഒത്തുതീര്‍പ്പിലായപ്പോള്‍ യു എ ഇ കമ്പോളത്തിന് വലിയ പ്രതീക്ഷയായി. യു എ ഇയുടെ മൂന്നു ദ്വീപുകളില്‍ ഇറാന്‍ ഇടപെടുന്നത് അവസാനിപ്പിക്കുക കൂടി ചെയ്താല്‍ കുറേകൂടി സൗഹൃദം സാധ്യമാകുമായിരുന്നു. എന്നാല്‍, പ്രതീക്ഷകളെ അസ്ഥാനത്താക്കി മേഖലയിലെ സുന്നീ ശിയാ തര്‍ക്കങ്ങളില്‍ ഇറാന്‍ പക്ഷം പിടിക്കുന്നത് ആഘാതമാവുകയാണ്. യമനില്‍ ഹൂതി തീവ്രവാദികളെയും കുവൈത്തിലെയും ബഹ്‌റൈനിലെയും ശിയാ വിഘടനവാദികളെയും സഹായിക്കുന്നത് ഇറാനാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് അവസാനിപ്പിക്കാതെ പൂര്‍ണ സമാധാനം കൈവരില്ല. കമ്പോളത്തിന് ആഹ്ലാദിക്കാന്‍ അവസരമില്ല.
ഇറാനും ജി സി സിയും തമ്മിലെ വ്യാപാര ബന്ധത്തിന്റെ 80 ശതമാനം യു എ ഇ വഴിയാണ്. ഉപരോധ കാലയളവില്‍ പോലും അതിന് മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞവര്‍ഷം 1700 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകള്‍ നടന്നു. അതേ സമയം 2011ല്‍ 2300 കോടി ഡോളറിന്റേതായിരുന്നു. ദുബൈക്കും ഇറാനും ഇടയില്‍ ആയിരക്കണക്കിന് ചരക്കുകപ്പലുകള്‍ പോവുകയും വരുകയും ചെയ്തിരുന്നു. ദുബൈയില്‍ നാലു ലക്ഷത്തോളം ഇറാനികള്‍ ഉണ്ടായിരുന്നു.
ഉപരോധം അവസാനിച്ചയുടന്‍ വ്യാപാരം 20 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തടസമായി.
യു എ ഇയില്‍ നിന്ന് വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുമെന്നാണ് കരുതുന്നത്. അതിനു പക്ഷേ, ജി സി സി ഭരണകൂടങ്ങളുമായി ഇറാന്‍ ചര്‍ച്ച തുടരേണ്ടതുണ്ട്. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്.
കെ എം എ

---- facebook comment plugin here -----

Latest