സ്‌കൂള്‍ അധികൃതര്‍ പി എസ് സി പരീക്ഷ മറന്നു

Posted on: September 4, 2015 12:15 pm | Last updated: September 4, 2015 at 12:15 pm

കോഴിക്കോട്: സ്‌കൂള്‍ അധികൃതരുടെയും അധ്യാപകരുടെയും വീഴ്ചയെ തുടര്‍ന്ന് പി എസ് സി പരീക്ഷ വൈകി. നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പി എസ് സി പരീക്ഷ നിശ്ചയിച്ചിരുന്ന കാര്യം സ്‌കൂള്‍ അധികൃതര്‍ മറന്നുപോയതാണ് വൈകാന്‍ കാരണം. പരീക്ഷാ തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും സ്‌കൂള്‍ ഗേറ്റ് അടഞ്ഞുതന്നെ കിടക്കുകയായിരുന്നു. പുറത്തുകാത്ത് നിന്ന് മടുത്ത പി എസ് സി ഉദ്യോഗസ്ഥരും 200 ഓളം ഉദ്യോഗാര്‍ഥികളും പ്രതിഷേധസ്വരമുയര്‍ത്തിയതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ഗേറ്റ് തുറന്നത്. ഒടുവില്‍ പരീക്ഷ തുടങ്ങിയപ്പോഴേക്കും സമയം അര മണിക്കൂര്‍ കഴിഞ്ഞിരുന്നു. മാത്രമല്ല പല ക്ലാസിലും ഇന്‍വിജിലേറ്റര്‍മാരുടെ റോളില്‍ ആരുമില്ലാതെയാണ് പരീക്ഷ നടന്നത്. ഇന്നലെ രാവിലെ ഏഴരക്ക് നടക്കേണ്ട പി എസ് സിയുടെ സ്‌റ്റെനോഗ്രാഫര്‍ കം ടൈപ്പിസ്റ്റ് പരീക്ഷയും ലൈവ് സ്‌റ്റോക്ക് ഡെവലപ്‌മെന്റര്‍ ഓഫീസര്‍ പരീക്ഷയുമാണ് സെന്ററായ നടക്കാവ് ഗേള്‍സില്‍ എട്ട് മണിക്ക് തുടങ്ങിയത്. നടക്കാവ് ഗേള്‍സ് സ്‌കൂള്‍ പരീക്ഷാകേന്ദ്രമാണെന്ന കാര്യം പി എസ് സി അധികൃതര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു. എന്നാല്‍ വിവരം കൈമാറാന്‍ പ്രിന്‍സിപ്പല്‍ മറന്നുപോയതോടെ സ്‌കൂളിലെ മറ്റ് അധ്യാപകരൊ, ക്ലര്‍ക്ക്, സെക്യൂരി അടക്കമുള്ള മറ്റ് ജീവനക്കാരോ പി എസ് സി പരീക്ഷ സംബന്ധിച്ച് ഒന്നുമറിഞ്ഞിരുന്നില്ല. ആശയവിനിമയത്തിലെ ഈ വീഴ്ചയാണ് പ്രതിസന്ധിക്കിടയാക്കിയത്. ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ട പി എസ് സി അധികൃതര്‍ പ്രിന്‍സിപ്പലിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ട ഗേ റ്റ് തുറക്കുകയും ഇന്‍വിജിലേറ്റര്‍മാരെത്തി പരീക്ഷ നടത്തുകയുമായിരുന്നു.