സ്‌കൂട്ടറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറി കത്തി

Posted on: September 4, 2015 12:13 am | Last updated: September 4, 2015 at 12:13 pm

പാലക്കാട്: സ്‌ക്കൂട്ടറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറി കത്തി നശിച്ചു. പാലക്കാട് ചക്കാന്തറയിലെ ടൂവീലര്‍ ഷോറൂമിലേയ്ക്ക് സ്‌ക്കൂട്ടറുകളുമായി വന്ന കണ്ടെയ്‌നര്‍ ലോറിയാണ് കത്തിയത്. യാക്കര തങ്കം ഹോസ്പിറ്റലിനു സമീപം ചടനാംകുറിശി റോഡില്‍ ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.
കണ്ടെയ്‌നറില്‍ നിന്നും പുക ഉയരുന്നതു കണ്ട് വാഹനം നിര്‍ത്തിയെങ്കിലും തീ ആളിപ്പടരുകയായിരുന്നു. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. അപ്പോഴേയ്ക്കും സ്‌ക്കൂട്ടറുകള്‍ പൂര്‍ണമായി കത്തിനശിച്ചു. നേരത്തെ ഇലക്ട്രിക് ലൈനില്‍ തട്ടിയതുമൂലം തീപ്പൊരി അകത്തുവീണതാണ് തീപ്പിടിത്തത്തിന് കാരണമായതെന്ന് ഫയര്‍ഫോഴ്‌സ് പറഞ്ഞു.
നാല്പ്പത്തിയഞ്ചോളം സ്‌ക്കൂട്ടറുകളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവ ഉപയോഗിക്കാനാകാത്ത വിധത്തില്‍ കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് പാലക്കാട് യൂണിറ്റിലെ അസിസ്റ്റന്റ് ഡിവിഷന്‍ ഓഫീസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പത്തോളം ഉദ്യോഗസ്ഥരാണ് തീയണച്ചത്. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.