‘സ്‌നേഹ പത്തായം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Posted on: September 4, 2015 12:10 pm | Last updated: September 4, 2015 at 12:10 pm

നിലമ്പൂര്‍: പാവപ്പെട്ടവര്‍ക്ക് വസ്ത്രവും കാന്‍സര്‍ രോഗികള്‍ക്ക് മരുന്നും നല്‍കുന്ന നിലമ്പൂര്‍ നഗരസഭയുടെ ‘സ്‌നേഹപത്തായം’ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സ്വാഗതം ആശംസിച്ച ചടങ്ങില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനങ്ങളില്‍ നിന്ന് വിഭവങ്ങള്‍ സമാഹരിച്ച് അര്‍ഹപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് പദ്ധതി ലക്ഷ്യം.
ആറ് മാസത്തേക്ക് 25 ലക്ഷം ചെലവ് വരുന്ന പദ്ധതിയില്‍ അഞ്ച് ലക്ഷം നഗരസഭ വഹിക്കും. ബാക്കി തുക ജനങ്ങളില്‍ നിന്ന് വിഭവങ്ങളായി സമാഹരിക്കും. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്ക് അരി ഉള്‍പ്പെടെ 14 ഇനം സാധനങ്ങളും കുടുംബത്തിലെ അഞ്ചു പേര്‍ക്ക് രണ്ട് ജോഡി വസ്ത്രങ്ങളും നല്‍കും.
കാന്‍സര്‍ രോഗികള്‍ക്ക് മരുന്നുകള്‍ ജില്ലാ ആശുപത്രിയിലെ സൗഖ്യം കൗണ്ടര്‍ വഴി വിതരണം ചെയ്യും. സ്‌നേഹപത്തായത്തിലേക്ക് വിഭവങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് വിഭവങ്ങള്‍ക്ക് പകരം പണം നല്‍കാനുളള സൗകര്യവുമൊരുക്കിയിരുന്നു.
എം പി മാരായ എം ഐ ഷാനവാസ്, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ മുഖ്യാതിഥികളായി. ഉദ്ഘാടന പരിപാടിയില്‍ മജീഷന്‍ ഗോപിനാഥ് മുതുകാട് ഇന്ദ്രജാലത്തിലൂടെ സ്‌നേഹപത്തായത്തിന്റെ സന്ദേശം നല്‍കി.
നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മുംതാസ് ബാബു, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ദേവശ്ശേരി മുജീബ്, പാലൊളി മെഹബൂബ്, അഡ്വ. ബാബുമോഹനക്കുറുപ്പ്, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പത്മിനി ഗോപിനാഥ്, ശ്രീജ ചന്ദ്രന്‍, ബിന്ദു രവികുമാര്‍ നഗരസഭ സെക്രട്ടറി കെ പ്രമോദ്, ഡോ. സീമാമു, മറ്റു ജനപ്രതിനിധികള്‍ പങ്കെടുത്തു.