ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കരുതെന്ന പോലീസ് നിര്‍ദേശത്തിന് പുല്ലു വില

Posted on: September 3, 2015 11:07 am | Last updated: September 3, 2015 at 11:07 am

petrolവളാഞ്ചേരി: ഹെല്‍മറ്റില്ലാതെ വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന പോലീസ് നിര്‍ദ്ദേശം പ്രഹസനമാകുന്നു. പെട്രോള്‍ പമ്പുകളില്‍ ഹെല്‍മറ്റില്ലാതെയും മൂന്ന് പേരെ വെച്ചും വരുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന പോലീസ് നിര്‍ദ്ദേശമാണ് നടപ്പിലാകാതെ പോകുന്നത്. അതത് സ്റ്റേഷന്‍ എസ് ഐമാരുടെ നിര്‍ദ്ദേശം പെട്രോള്‍ പമ്പുകളില്‍ പതിച്ചിട്ടുണ്ടെങ്കിലും അത് പാലിക്കാന്‍ പമ്പ് ജീവനക്കാര്‍ തയ്യാറല്ല. ഹെല്‍മറ്റ് ധരിക്കല്‍ നിര്‍ബന്ധമാക്കാനാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇത്തരമൊരു നിര്‍ദ്ദേശം കൊണ്ടുവന്നത്.
പ്രഖ്യാപിച്ച ദിവസങ്ങളില്‍ കര്‍ശനമായിരുന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ നടപ്പിലാകാതെ പോകുന്നത്. നിര്‍ദ്ദേശം നല്‍കിയ പോലീസ് അധികൃതര്‍ ഇത് നടപ്പിലാവുന്നുണ്ടോ എന്ന പരിശോധനക്ക് തയ്യാറാകാത്തതാണ് ഇത് പാലിക്കാതിരിക്കാന്‍ കാരണമായിരിക്കുന്നത്. ഇരുചക്ര വാഹന ഡ്രൈവര്‍മാരുടെ സുരക്ഷക്കായി കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകുന്നുണ്ടോ എന്ന പരിശോധനകളും ആവശ്യമാണ്. എല്ലാ പമ്പുകളിലും ഇത് കര്‍ശനമാക്കിയാലേ നടപ്പിലാക്കാന്‍ കഴിയൂ.
ചില പമ്പുകാര്‍ ഇത് കര്‍ശനമാക്കിയപ്പോള്‍ ഈ നിര്‍ദ്ദേശം കര്‍ശനമാക്കാത്ത തൊട്ടടുത്ത പമ്പിലേക്ക് യാത്രക്കാര്‍ പോയത് വ്യാപാരത്തെ ബാധിച്ചിരുന്നു. അതിനാല്‍ ഇപ്പോള്‍ അവരും നിര്‍ദ്ദേശം നടപ്പിലാക്കുന്നില്ല. പോലീസ് പരിശോധന കര്‍ശനമാക്കുകയും വാഹന പരിശോധന ഗൗരവമാക്കുകയും ചെയ്താല്‍ നിയമ ലംഘനം കുറക്കാന്‍ കഴിയുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.