ഓവുചാല്‍ നിര്‍മാണം: പൂന്താനം ജംഗ്ഷന്‍ അടച്ചു

Posted on: September 3, 2015 10:41 am | Last updated: September 3, 2015 at 10:41 am

കോഴിക്കോട്: നഗരത്തിലെ ഓവുചാല്‍ നിര്‍മാണപ്രവൃത്തിയുടെ ഭാഗമായി സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് പൂന്താനം ഭാഗത്തേക്കുള്ള റോഡ് അടച്ചു. കോര്‍പറേഷന്റെ അര്‍ബണ്‍ ഡ്രൈനേജ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ രണ്ടാംഘട്ട പ്രവൃത്തിയാണ് തുടങ്ങിയത്. ഇന്നലെ പൊതുപണിമുടക്കായതിനാല്‍ ഈ ഭാഗങ്ങളില്‍ ഗതാഗതകുരുക്ക് അനുഭവപ്പെട്ടില്ല. അതേസമയം നഗരത്തിലെ പ്രധാനപാതയടച്ചുകൊണ്ടുള്ള നിര്‍മാണപ്രവൃത്തി വരുംദിവസങ്ങളില്‍ ഗതാഗതകുരുക്കിന് ഇടയാക്കും.
പൂന്താനം ജങ്ഷനില്‍ നിന്ന് പാളയം ഭാഗത്തേക്കുള്ള റോഡിന് നടുവിലായി ആറടിതാഴ്ചയില്‍ കുഴിയെടുത്തു. തുടര്‍ന്ന് അടിഭാഗം കോണ്‍ഗ്രീറ്റ് ചെയ്യും. അരയിടത്ത് പാലത്ത് നേരത്തെ പൂര്‍ത്തിയാക്കിയ അഴുക്കുചാല്‍ പദ്ധതിയുടെ തുടര്‍ച്ചയായണ് പൂന്താനം ജങ്ഷനില്‍ നടക്കുന്നത്. കോര്‍പറേഷന്‍ അഴുക്കുചാല്‍ പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണപ്രവൃത്തി. രാത്രിയും പകലുമായി നടക്കുന്ന നിര്‍മാണം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കും. അതേസമയം നഗരത്തിലെ പ്രധാന ജങ്ഷന്‍ അടച്ചുകൊണ്ടുള്ള അഴുക്കുചാല്‍ നിര്‍മാണപ്രവൃത്തി ഗതാഗതകുരുക്കിന് ഇടവെക്കും. പ്രോജക്ട് പൂര്‍ത്തിയാകുന്നതുവരെ പാളയം ഈ റോഡില്‍ ഗതാഗതം പുന:ക്രമീകരിച്ചു.
മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് വരുന്ന ലൈന്‍ ബസുകള്‍ രാജാജി ജങ്ഷന്‍, വുഡ്‌ലാന്റ് ജങ്ഷന്‍, പാവമണിറോഡ്, സിറ്റി പൊലീസ് ഓഫീസ് വഴി പാളയം സ്റ്റാന്റിലേക്ക് പ്രവേശിക്കണം. രാജാജി ഭാഗത്തുനിന്ന് പാളയത്തേക്ക് പോകേണ്ട മറ്റുവാഹനങ്ങള്‍ വുഡ്‌ലാന്റ് ജങ്ഷന്‍, പുതിയറ റോഡുവഴി ജയില്‍ റോഡിലൂടെ പോകണം. അതുകൂടാതെ വുഡ്‌ലാന്റ് ജങ്ഷന്‍, പാവമണിറോഡ്, സിറ്റി പൊലീസ് ഓഫീസ് വഴിയും പാളയത്തേക്ക് പ്രവേശിക്കാമെന്ന് ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.
പാളയം ബസ്റ്റാന്റില്‍ നിന്ന് പുറപ്പെടുന്ന ബസുകള്‍ പൂന്താനം ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ജയില്‍റോഡ്, കല്ലുത്താന്‍കടവ്, പുതിയറ, അരയിടത്ത്പാലം വഴി സര്‍വ്വീസ് നടത്തണം. ഈ ബസുകള്‍ക്കായി അരടിടത്ത് പാലത്തിന് സമീപം താല്‍കാലിക ബസ്റ്റോപ്പ് അനുവദിക്കും. ഓവുചാല്‍ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ജയില്‍റോഡില്‍ നിലവിലുള്ള വണ്‍വെ സംവിധാനം ഒഴിവാക്കുമെന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ അറിയിച്ചു.