Connect with us

International

69 ചെറുകിട എണ്ണ, വാതക പാടങ്ങള്‍ സ്വകാര്യ മേഖലക്ക് ലേലം ചെയ്യുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല എണ്ണപ്പാടങ്ങള്‍ സ്വകാര്യ വിദേശകമ്പനികള്‍ക്ക് ലേലം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൊതമേഖലയിലെ 69 ചെറുകിട എണ്ണ, വാതക പാടങ്ങളാണ് ലേലം ചെയ്യുന്നത്. സര്‍ക്കാറിന്റെ സബ്‌സിഡി വീതംവെയ്ക്കല്‍ വ്യവസ്ഥ മൂലം സാമ്പത്തികമായി നഷ്ടത്തിലായ പാടങ്ങളാണ് ലേലത്തിന് വെയ്ക്കുന്നത്. വരുമാനമോ എണ്ണയും ഗ്യാസുമോ വീതം വെ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് വ്യവസ്ഥ. ഒ എന്‍ ജി സി, ഓയില്‍ ഇന്ത്യ എന്നിവയുടെ എണ്ണപ്പാടങ്ങളില്‍ 89 ദശലക്ഷം ടണ്‍ എണ്ണ, പ്രകൃതിവാതക ശേഖരമുണ്ടെന്നാണ് കരുതുന്നത്. നിലവിലെ വിപണിമൂല്യമനുസരിച്ച് 70,000 കോടി രൂപ വിലമതിക്കും.
ലേല നടപടികള്‍ മൂന്നു മാസത്തിനകം തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. വരുമാനം പങ്കിടുന്നതോ സര്‍ക്കാറിന് മുന്‍കൂര്‍ വാഗ്ദാനം നല്‍കുകയോ ചെയ്യുന്നത് അടിസ്ഥാനമാക്കിയാകും ലേലനടപടി.
പൊതുമേഖലയില്‍ ലാഭകരമല്ലാതെ പ്രവര്‍ത്തിക്കുന്ന എണ്ണപ്പാടങ്ങളായിരിക്കും ഇത്തരത്തില്‍ ലേലം ചെയ്യുക. പുതുതായി ലേലത്തിന് വെക്കുന്ന പാടങ്ങളില്‍ 63 എണ്ണം ഒ എന്‍ ജി സിയുടേതും ആറെണ്ണം ഓയില്‍ ഇന്ത്യയുടേതുമാണ്.
ലോകത്തെ നാലാമത്തെ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യയുടെ ആവശ്യത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് പ്രദേശികമായി കണ്ടെത്താന്‍ കഴിയുന്നത്. സ്വകാര്യ മേഖലയെയും വിദേശ പങ്കാളിത്തവും വ്യവസായത്തിലേക്ക് ആകര്‍ഷിക്കുന്നതോടെ ഇത് പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിന്.
ലേലം ചെയ്യുന്ന എണ്ണപ്പാടങ്ങളില്‍ ഇടപെടല്‍ പരിമിതപ്പെടുത്തുന്നതിനു പുറമേ ഇവിടെ നിന്നുള്ള ഉത്പന്നം പൊതുവിപണിയില്‍ വില്‍ക്കുന്നതിന് നിയന്ത്രണമില്ലാതെ കമ്പനികളെ അനുവദിക്കുകയും ചെയ്യുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി.

Latest