കോമണ്‍വെല്‍ത്ത് അഴിമതി: ഡല്‍ഹി കോര്‍പറേഷനിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് നാല് വര്‍ഷം തടവ്‌

Posted on: September 3, 2015 5:45 am | Last updated: September 2, 2015 at 11:46 pm

ന്യൂഡല്‍ഹി: 2010 കോമണ്‍വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കുംഭകോണകേസില്‍ ഉള്‍പ്പെട്ട ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലെ (എം സി ഡി)നാല് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരെ സി ബി ഐ പ്രത്യേക കോടതി നാലുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
മുന്‍ സുപ്രണ്ടിംഗ് എന്‍ജിനീയര്‍ ഡി കെ സുഗന്‍, മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഒ പി മഹാല, മുന്‍ അക്കൗണ്ടന്റ് വി രാജു, മുന്‍ ക്ലാര്‍ക്ക് ഗുരുചരണ്‍ സിംഗ് എന്നി ശിക്ഷിക്കപ്പെട്ട കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍.
സ്വകാര്യ സ്ഥാപനമായ സ്വേക പവര്‍ടെക് എന്‍ജിനീയേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടറെ കോടതി ആറുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. 2010 ഒക്‌ടോബറില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ടുണ്ടായ പത്ത് അഴിമതികേസുകളില്‍ വിധി പറയുന്ന ആദ്യ കേസാണ് ഇത്. കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികള്‍ക്ക് നല്‍കേണ്ട ശിക്ഷസംബന്ധിച്ച് തിങ്കളാഴ്ച സ്‌പെഷ്യല്‍ സി ബി ഐ കോടതി ജഡ്ജി ബ്രിജേഷ് ഗാര്‍ഗ് സി ബി ഐയുടേയും പ്രതിഭാഗം അഭിഭാഷകരുടേയും വാദമുഖങ്ങള്‍ കേട്ടിരുന്നു.
പ്രതികള്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന് 1.42 കോടി രൂപ നഷ്ടം വരുത്തിയതിനാല്‍ പരമാവധി ശിക്ഷയായ ഏഴുവര്‍ഷം തടവ് നല്‍കണമെന്ന് സി ബി ഐ പ്രോസിക്യൂട്ടര്‍ പ്രണീത് ശര്‍മ വാദിച്ചു. 142 പേജ് വരുന്നതാണ് ജഡ്ജിയുടെ വിധിന്യായം.