പുനര്‍നിര്‍മാണ പ്രവൃത്തികളില്‍ നേപ്പാള്‍ സര്‍ക്കാര്‍ പരാജയമെന്ന്‌

Posted on: September 3, 2015 5:35 am | Last updated: September 2, 2015 at 11:35 pm

കാഠ്മണ്ഡു: ഭൂകമ്പത്തെത്തുടര്‍ന്ന് പുനര്‍നിര്‍മാണത്തിനായി അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കിയ 4.1 ബില്യന്‍ ഡോളര്‍ ചിലവഴിക്കുന്നതില്‍ നേപ്പാള്‍ സര്‍ക്കാര്‍ പരാജയമെന്ന് ആരോപണം. ഏപ്രില്‍ – മെയ് മാസങ്ങളിലായി നടന്ന രണ്ട് ഭൂകമ്പങ്ങില്‍ മുപ്പത് ലക്ഷം പേര്‍ അതിജീവിച്ചിട്ടുണ്ട്. മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനം വരുമിത്. ഇവര്‍ക്കാവശ്യമുള്ള സംരക്ഷണ കേന്ദ്രങ്ങള്‍ , ഭക്ഷണം, അടിസ്ഥാന മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കേണ്ടതുണ്ട്. ഇവരില്‍ പലരും മലമുകളിലാണ് കഴിഞ്ഞുവരുന്നത്. ഇവിടേക്കെത്തുക പോലും ദുഷ്‌കരമാണ്. ഒക്‌ടോബറോടു കൂടിയെങ്കിലും സര്‍ക്കാര്‍ ഇതിനായി പണം ചിലവഴിച്ചു തുടങ്ങിയില്ലെങ്കില്‍ കെട്ടിടങ്ങളുടെ പ്ലാനുകള്‍ പാസാകാന്‍ കാലതാമസം വരുകയും കെട്ടിട നിര്‍മാണങ്ങള്‍ മഴക്കാലത്തേക്ക് നീളുകയും ചെയ്യുമെന്ന് പുതുതായി രൂപവത്കരിച്ച ദേശീയ പുനര്‍നിര്‍മാണ അതോറിറ്റിയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഗോവിന്ദ് രാജ് പൊക്കാരല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന കാര്യം താന്‍ അംഗീകരിക്കുന്നുവെന്ന് പൊക്കാരല്‍ പറഞ്ഞു. 9,000 പേര്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിനു ശേഷം പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനുമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ അലംബാവം കാണിക്കുകയാണെന്ന വിമര്‍ശമുയര്‍ന്നിട്ടുണ്ട്. പതിനായിരക്കണക്കിന് പേര്‍ ഇപ്പോഴും പ്ലാസ്റ്റിക് ടെന്റുകളില്‍ വ്യത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞുവരുന്നത്.