കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിന് ഭരണാനുമതി

Posted on: September 3, 2015 5:19 am | Last updated: September 3, 2015 at 9:55 am

തിരുവനന്തപുരം: കൊച്ചിന്‍ ക്യാന്‍സര്‍ സെന്ററിനു ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിയാരം സഹകരണ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ധനകാര്യ പരിശോധനാ വിഭാഗം അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കൊച്ചിന്‍ ക്യാന്‍സര്‍ സെന്റര്‍ ആദ്യഘട്ടത്തില്‍ ഔട്ട് പേഷ്യന്റ് വിഭാഗവും രണ്ടാം ഘട്ടത്തില്‍ 150 കിടക്കകളോടു കൂടിയ ആശുപത്രിയും മൂന്നാം ഘട്ടത്തില്‍ 150 കിടക്കകളോടു കൂടിയ ആശുപത്രിയും റിസര്‍ച്ച് സെന്ററുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. എറണാകുളം മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള സൗകര്യപ്രദമായ കെട്ടിടത്തില്‍ ഔട്ട് പേഷ്യന്റ് വിഭാഗം ആരംഭിക്കും. തുടര്‍ തീരുമാനങ്ങള്‍ക്കു തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിന്റെ മാതൃകയില്‍ സൊസൈറ്റി രൂപവത്കരിക്കും. ഔട്ട് പേഷ്യന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടനിര്‍മാണം, ജീവനക്കാരുടെ നിയമനം, ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങിയവ ഏകോപിപ്പിക്കാന്‍ ഉദ്യോഗസ്ഥനെ നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കു 10 കോടി രൂപ ബിവ്‌റിജസ് കോര്‍പറേഷന്‍ നല്‍കും. എറണാകുളം ജില്ലാ സഹകരണ ബേങ്ക് സര്‍ക്കാര്‍ ഗ്യാരന്റിയോടെ നല്‍കാമെന്ന് ഉറപ്പുനല്‍കിയ വായ്പ കൊച്ചിന്‍ ക്യാന്‍സര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതു സംബന്ധിച്ചു മൂന്നംഗ മന്ത്രിസഭാ ഉപസമിതി തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. പരിയാരം ഭരണസമിതി ചെയര്‍മാന്‍ എം വി ജയരാജനുമായി ചര്‍ച്ച നടത്തിയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയത്. പരിയാരം മെഡിക്കല്‍ കോളജിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആസ്തി, ബാധ്യത, ഓഡിറ്റിലും ജില്ലാ കലക്റ്ററുടെ റിപ്പോര്‍ട്ടിലും ചൂണ്ടിക്കാണിച്ച സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിംഗിന്റെ സ്‌പെഷ്യല്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണു സമിതിയുടെ പ്രധാന ശിപാര്‍ശ. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കോളജിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ അംഗസംഖ്യ പരിശോധിക്കുകയും ഏതെങ്കിലും വകുപ്പില്‍ അധിക ജീവനക്കാരുണ്ടെങ്കില്‍ അത് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്റ്റാഫ് പാറ്റേണ്‍ മാനദണ്ഡമാക്കിയാകണം ഇത്. ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. സഹകരണ വകുപ്പിന്റെ അനുമതിയില്ലാതെ നടത്തിയ നിയമനങ്ങള്‍ ഏതെല്ലാമാണെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണ വകുപ്പ് സെക്രട്ടറിയേയും യോഗം ചുമതലപ്പെടുത്തി.