Connect with us

International

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗാസ നഗരം ജനവാസ യോഗ്യമല്ലാതാകുമെന്ന് യു എന്‍ റിപ്പോര്‍ട്ട്‌

Published

|

Last Updated

ഗാസ സിറ്റി: നിലവിലെ സാമ്പത്തിക പ്രതിസന്ധി തുടരുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗാസ ജനവാസയോഗ്യമല്ലാത്തതായി മാറുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. എട്ട് വര്‍ഷമായി തുടരുന്ന സാമ്പത്തിക വിലക്കുകള്‍ കാരണം ഗാസ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. യു എന്‍ കോണ്‍ഫറന്‍സ് കഴിഞ്ഞ ദിവസമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണ ഇസ്‌റാഈല്‍ സൈന്യത്തിന്റെ യുദ്ധത്തിന് ഗാസ നഗരം ഇരയായിരുന്നു. നിലവിലെ പ്രതിസന്ധി മാനുഷിക ഇടപെടലുകളുടെ ഭാഗമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇസ്‌റാഈല്‍ നടത്തിയ മനുഷ്യത്വരഹിതമായ യുദ്ധത്തില്‍ അഞ്ച് ലക്ഷത്തിലധികം ഫലസ്തീനികള്‍ ഭവനരഹിതരായി. ഇതിന് പുറമെ ഗാസ നഗരത്തിലെ നിരവധി പ്രദേശങ്ങള്‍ പൂര്‍ണമായും യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടു. മധ്യവര്‍ഗ വിഭാഗക്കാരായ ഫലസ്തീനികളുടെ ഒന്നും അവശേഷിപ്പിക്കാതെയാണ് യുദ്ധം അവസാനിച്ചത്. ഇതോടെ ഗാസയിലെ ഭൂരിഭാഗം ആളുകള്‍ക്കും അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായസഹകരണങ്ങള്‍ ആവശ്യമായി വന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഗാസയിലെ ജി ഡി പി വളര്‍ച്ചാ നിരക്ക് 15 ശതമാനം കുറഞ്ഞു. 44 ശതമാനം പേരും തൊഴില്‍രഹിതരാണ്. ഇതിന് പുറമെ 72 ശതമാനം വീടുകളിലും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കുന്നുമില്ല. ആഭ്യന്തര ഉത്പാദകവസ്തുക്കള്‍ കയറ്റി അയറ്റക്കുന്നതും യുദ്ധം മൂലം തകിടം മറിഞ്ഞിരിക്കുകയാണ്. ഇപ്പോള്‍ ഗാസ നഗരം പുരോഗതിയിലേക്കല്ല, അധോഗതിയിലേക്കാണ് പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2007ല്‍ ഹമാസ് വിഭാഗം ഗാസയുടെ നിയന്ത്രണം പിടിച്ചെടുത്തതോടെ ഇസ്‌റാഈലും ഈജിപ്തും ഗാസയിലേക്കുള്ള വഴികള്‍ തടസ്സപ്പെടുത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം വളരെ ഉപകാരപ്പെടുന്നുണ്ടെങ്കിലും ആവശ്യങ്ങളുടെ പകുതി പോലും ഇത് കൊണ്ട് നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന് ഫലസ്തീനിയന്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹംദി ശാഹൂര പറഞ്ഞു. ഇസ്‌റാഈല്‍ സൃഷ്ടിക്കുന്ന തടസ്സങ്ങളാണ് ഗാസയുടെ പുരോഗതിക്ക് നിലവില്‍ പ്രധാന തടസ്സമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.