പൊപൗല്യ ഇനി കേരളത്തില്‍

Posted on: September 2, 2015 12:57 pm | Last updated: September 2, 2015 at 12:57 pm

കൂറ്റനാട്: അമ്പലവയല്‍ കണറയിലെ കാര്‍ഷിക സര്‍വ്വകലാശാലയാണ് ഇന്തോനേഷ്യന്‍ വാഴയിനമായ പൊപൗല്യ പരീക്ഷനാടിസ്ഥാനത്തില്‍ കേരളത്തിലെത്തിച്ചത്. വളരെയധികം കൗതുകമുണര്‍ത്തുന്ന വാഴയിനം കേരളത്തിലെ പാരിസ്ഥിതിക ഘടകങ്ങളുമായി യോജിച്ചുപോകുന്നുണ്ടോ എന്നറിയാന്‍ വിവിധ സ്ഥലങ്ങളില്‍ കൃഷിചെയ്ത് പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊപൗല്യ പാലപ്രയിലും എത്തിയത്.
ആനക്കര സ്വദേശിയായ കേരള കാര്‍ഷിക സര്‍വ്വകലാശാല പ്രൊഫസറും മുന്‍ വട്ടംകുളം കൃഷി ഓഫീസറുമായ അബ്ദുള്‍ ജബ്ബാറാണ്. ഈ വാഴയിനം പാലപ്ര പുലാപറമ്പില്‍ അബ്ദുള്‍ അസീസിന് നല്‍കിയത്. പഴുത്ത പഴമായി ഉപയോഗിക്കാനാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ചിപ്‌സായും കറിവെക്കാനും ഉത്തമമാണ്. നല്ല ബലമുള്ള തണ്ടുകളായതിനാല്‍ ഊന്ന് കൊടുക്കേണ്ട ആവശ്യമില്ല.
കുറഞ്ഞ വളത്തില്‍ മികച്ച വിളവ് നല്‍കുക, പിണ്ടി പുഴുവിന്റെ അക്രമം ഉണ്ടാകില്ല എന്നതൊക്കെ പൊപൗല്യയുടെ പ്രത്യേകതയാണ്. 28 കിലോയോളം കുലക്ക് തൂക്കംവരും. ഒരു പടലയില്‍ 114 പഴം വരെ ഉണ്ടാകും. കേരളത്തിന്റെ കാലാവസ്ഥയില്‍ മികച്ച വിളവ് നല്‍കാന്‍ പൊപൗല്യുവിന് കഴിയുമെന്ന കേരള കാര്‍ഷിക സര്‍വ്വകലാശാലാ പ്രൊഫസര്‍ അബ്ദുള്‍ ജബ്ബാര്‍ പറഞ്ഞു.