തിരൂര്‍ ബസ് സ്റ്റാന്‍ഡ് നവീകരണത്തിലെ ക്രമക്കേട് അന്വേഷിക്കുക: എല്‍ ഡി എഫ്

Posted on: September 2, 2015 12:50 pm | Last updated: September 2, 2015 at 12:50 pm

തിരൂര്‍: ഒന്നേകാല്‍ കോടി രൂപ ചിലവഴിച്ച് നവീകരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച നഗരസഭാ ബസ് സ്റ്റാന്‍ഡിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് എല്‍ ഡി എഫ് തിരൂര്‍ നിയോജക മണ്ഡലം കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ചക്ക് വെക്കുകയോ കൗണ്‍സില്‍ അംഗീകരിക്കുകയോ ചെയ്യാതെയാണ് നവീകരണ പ്രവര്‍ത്തനത്തിലെ ഇടപാടുകള്‍ നടത്തിയതെന്ന് എല്‍ ഡി എഫ് ആരോപിച്ചു. ഗുണനിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ചുള്ള നിര്‍മാണവും ലേല നടപടിയില്ലാതെ സ്വന്തക്കാര്‍ക്ക് ബസ് സ്റ്റാന്റ് കെട്ടിടത്തിലലെ മുറികള്‍ നല്‍കിയതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
നവീകരണത്തിന്റെ മറവില്‍ സ്വകാര്യ പരസ്യ കമ്പനിക്ക് പത്ത് വര്‍ഷത്തേക്ക് കരാര്‍ നല്‍കിയതും വര്‍ഷങ്ങളോളം തകര്‍ന്നു കിടന്ന ബസ് സ്റ്റാന്റ് തിരക്കിട്ട് നവീകരണം നടത്തിയതിനു പിന്നിലും വന്‍ തിരിമറി യു ഡി എഫ് നേതൃത്വം നടത്തിയതായും ഇടതുപക്ഷം ആരോപിച്ചു. നവീകരണത്തിലെ ക്രമക്കേടും അഴിമതിയും ബന്ധപ്പെട്ട ഏജന്‍സി അന്വേഷിക്കണമെന്നും എല്‍ ഡി എഫ് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ. പി ഹംസക്കുട്ടി, പിന്‍പുറത്ത് ശ്രീനിവാസന്‍ സംബന്ധിച്ചു.