Connect with us

Malappuram

തിരൂര്‍ നഗരസഭയില്‍ ലീഗില്‍ വിഭാഗീയത പുകയുന്നു

Published

|

Last Updated

തിരൂര്‍: കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഒരു വിഭാഗം ലീഗ് അംഗങ്ങള്‍ വിട്ടുനിന്ന സംഭവത്തെ തുടര്‍ന്ന് ലീഗില്‍ വിഭാഗീയത പുകയുന്നു.
തിങ്കളാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ മുന്‍കൂട്ടി അറിയിക്കാതെ അവധിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഒരു വിഭാഗം ലീഗ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും വിട്ടു നിന്നുത്. ഈ സംഭവത്തോടെ തിരൂരിലെ ലീഗില്‍ വിഭാഗിയത ശക്തമായിരിക്കുകയാണ്. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഉള്‍പ്പടെ പത്തോളം കൗണ്‍സിലര്‍മാരാണ് ചെയര്‍ പേഴ്‌സണ്‍നെതിരെ തിരിഞ്ഞിരിക്കുന്നത്. വര്‍ഷങ്ങളായി നഗരസഭയിലെ ലീഗിനകത്ത് നിലനിന്നിരുന്ന വിഭാഗീയതയാണ് കഴിഞ്ഞ ദിവസമുണ്ടായ കൗണ്‍സില്‍ ബഹിഷ്‌കരണത്തോടെ മറനീക്കി പുറത്തു വന്നത്.
ഒന്നേകാല്‍ കോടി രൂപ ചിലവിട്ട് നിര്‍മിച്ച നഗരസഭാ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിന്റെ പകിട്ട് തീരും മുമ്പാണ് വിഭാഗീയത തലപൊക്കിയിരിക്കുന്നത്. ബസ്റ്റാന്റ് നവീകരണവുമായി ബന്ധപ്പെട്ട് പൊതു സ്ഥലം കൈയേറി കച്ചവടം നടത്തിയ പാര്‍ട്ടി അനുഭാവിക്കെതിരെ നടപടിയെടുത്തതില്‍ ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള ലീഗ് നേതാക്കള്‍ക്കെതിരെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.
മുന്‍ നഗരസഭാ സെക്രട്ടറിയായിരുന്ന സുധാകരനെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളുമായി ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടു പോയിരുന്നു. തിരൂര്‍ എം എല്‍ എ സി മമ്മൂട്ടി അടക്കമുള്ള ഉന്നത നേതാക്കള്‍ ഇതിന് മന്ത്രി തലത്തില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ന്റെ നേതൃത്വത്തിലുള്ള മറു വിഭാഗം ഈ തീരുമാനത്തിന് വിലങ്ങു തടിയായി നിന്നതോടെ വിഭാഗീയത ശക്തി പ്രാപിക്കുകയായിരുന്നു.
കാണാതായ ഫയല്‍ ചെയര്‍ പേഴ്‌സണ്‍ന്റെ വിലാസത്തില്‍ ക്വൊറിയര്‍ വഴി മുമ്പ് തിരിച്ചെത്തിയ സംഭവത്തിന് പിന്നിലും ലീഗിലെ വിഭാഗിയതയായിരുന്നു. വരും ദിവസങ്ങളില്‍ വിഭാഗീയത രൂക്ഷമാകാനും സാധ്യതയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ആഭ്യന്തര പ്രശ്‌നം നിലനില്‍ക്കുന്ന തിരൂര്‍ നഗരസഭയില്‍ പ്രശ്‌ന പരിഹാരത്തിന് ലീഗ് ജില്ലാ-സംസ്ഥാന നേതാക്കള്‍ ഇടപെടുമെന്നാണ് സൂചന.

Latest