അതേ, അവര്‍ നിങ്ങളെ തേടി വന്നു തുടങ്ങിയിരിക്കുന്നു

Posted on: September 2, 2015 3:04 am | Last updated: September 1, 2015 at 8:07 pm

kalburgi was shot deadമനുഷ്യന്‍ എന്ന പദവിയെ ചോദ്യം ചെയ്യുന്ന പ്രത്യയശാസ്ത്രമാണ് ഫാസിസത്തിന്റേത്. അതുകൊണ്ടത് മനുഷ്യാവകാശങ്ങള്‍ നിഷേധിക്കും. യുക്തി ഉപയോഗിക്കുന്ന ഏതു മനുഷ്യനെയും വെറുക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഫാസിസ്റ്റ് സംസ്‌കാരം. അവരുടെ ആദ്യ ഇരകള്‍ ബോധമുള്ള മനുഷ്യരാകുന്നത് സ്വാഭാവികം. കന്നഡ എഴുത്തുകാരന്‍ എം എം കലബുര്‍ഗി അത്തരത്തില്‍ വധിക്കപ്പെടുന്ന ആദ്യ എഴുത്തുകാരില്‍ ഒരാളായിരിക്കുന്നു.
അന്ധവിശ്വാസങ്ങള്‍ക്കും വര്‍ഗീയതക്കുമെതിരെ പ്രതിഷേധിച്ച കുറ്റത്തിനാണ് മല്ലേശ്വപ്പ കലബുര്‍ഗി അക്രമികളുടെ തോക്കിനിരയായത്. ഹിന്ദു വര്‍ഗീയതയെ തുറന്നെതിര്‍ത്ത യുക്തിവാദി കൂടിയായ എഴുത്തുകാരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ സംഘ്പരിവാര്‍ ഹിറ്റ്‌ലിസ്റ്റില്‍ കലബുര്‍ഗി ഉള്‍പ്പെട്ടിരുന്നു. ഒരുപാട് തവണ ഭീഷണികള്‍ നേരിടേണ്ടിവന്നതും വര്‍ഗീയവാദികളില്‍ നിന്നു തന്നെ. ഹിന്ദു വര്‍ഗീയതയുടെ അടിവേരുകള്‍ ചോദ്യം ചെയ്യുന്ന ‘മാര്‍ഗ-വണ്‍’ എന്ന കലബുര്‍ഗിയുടെ കൃതി കര്‍ണാടകയില്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അതെന്തുമാവട്ടെ, അതിന്റെയൊക്കെ പേരില്‍ ഒരു എഴുത്തുകാരനെ പട്ടാപ്പകല്‍ വീട്ടില്‍ചെന്ന് വെടിവെച്ചുകൊല്ലുക എന്ന സംഭവം അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്നു. വരാനിരിക്കുന്ന നാളുകള്‍ എത്ര കറുത്തതായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകളടങ്ങിയതാണ് ഈ കൊലപാതകം.
നമുക്കിഷ്ടമല്ലാത്തവരെ വധിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യയുടെ സ്ഥിതിയെന്താകും? ഹിന്ദുവര്‍ഗീയവാദികളോ മുസ്‌ലിം വര്‍ഗീയ വാദികളോ ആരുമാകട്ടെ അവരുടെ നിലപാടുകളോടുള്ള വിയോജിപ്പിന്റെ ഭാഗമായി സംഘടനകള്‍ തോക്കെടുത്തു തുടങ്ങിയാല്‍ ഈ രാജ്യം ജീവിക്കാന്‍ കൊള്ളാത്തതാകില്ലേ. ഓരോ ആളിന്റെയും വിശ്വാസങ്ങളും വികാരങ്ങളും പ്രകടിപ്പിക്കാന്‍ ജനാധിപത്യാവകാശമുള്ള രാജ്യമാണിത്. മതവിശ്വാസിക്കും യുക്തിവിശ്വാസിക്കും ഇവിടെ ജീവിക്കാം. ആശയങ്ങള്‍ പ്രകടിപ്പിക്കാം. ആ ജനാധിപത്യ സംസ്‌കാരത്തിനാണ് തോക്കുധാരികള്‍ ചരമക്കുറിപ്പെഴുതിയത്.
കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബജ്‌റംഗ്ദള്‍ എന്ന സംഘടന ഏറ്റെടുത്തതായി ഒരു വാര്‍ത്ത കണ്ടു. അതിന്റെ ദക്ഷിണ കന്നഡ ബണ്ട്വാള്‍ കോ-കണ്‍വീനര്‍ ബുവിത് ഷെട്ടി ട്വിറ്ററില്‍ കുറിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ശരിയാണെങ്കില്‍ നമ്മുടെ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലേക്ക് നടക്കുന്നുവെന്നു പറയേണ്ടിവരും. ട്വിറ്ററില്‍ പറയുന്നു ”യു ആര്‍ അനന്തമൂര്‍ത്തിക്ക് ശേഷം ഇപ്പോള്‍ എം എം കലബുര്‍ഗി. ഹിന്ദുത്വത്തെ എതിര്‍ക്കുന്നവര്‍ക്കു നായകളുടേതുപോലെയുള്ള മരണം. പ്രിയപ്പെട്ട കെ എസ് ഭഗവാന്‍, അടുത്തത് താങ്കളാണ്” അധികാരത്തിന്റെ ഹുങ്കാണ് ഓരോ വാക്കിലും. കുറ്റകൃത്യം നടത്തുക മാത്രമല്ല അത് പരസ്യമായി വിളംബരം ചെയ്യാനും മടിയില്ലാത്തവര്‍ക്ക് ജനാധിപത്യം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷയെന്തോ അത് നല്‍കപ്പെടണം. കുറ്റകൃത്യം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെങ്കില്‍ നമ്മുടെ ജനാധിപത്യ നിയമവ്യവസ്ഥിതിയില്‍ അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകള്‍ ഏറെയുണ്ടല്ലോ. ആ ശക്തിയായിരിക്കാം ഈ നേതാക്കള്‍ക്കു പരസ്യമായി ഭീഷണി മുഴക്കാന്‍ ധൈര്യം നല്‍കുന്നത്. പക്ഷേ, പരസ്യമായി വധഭീഷണി മുഴക്കിയയാളെ എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ കഴിയേണ്ടതാണ്. അതല്ലെങ്കില്‍ നമ്മുടെ രാജ്യത്തെ നിയമവാഴ്ചക്കു എന്തു വിലയുണ്ടാകും?
2013-ല്‍, മഹാരാഷ്ട്രയിലെ അന്ധവിശ്വാസവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നരേന്ദ്ര ധാബോല്‍ക്കറെയും സമാനമായ രീതിയിലാണ് വെടിവെച്ചുകൊന്നത്. പിന്നീട്, സി പി ഐ നേതാവും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഗോവിന്ദ് പന്‍സാരെയേയും പ്രഭാതത്തിലാണ് വെടിവച്ചു കൊന്നത്. ഇപ്പോള്‍ കലബുര്‍ഗി കര്‍ണാടകയില്‍ വെടിയേറ്റു മരിക്കുന്നതും പ്രഭാതത്തില്‍. പ്രഭാതവും തോക്കും മൂന്ന് കൊലപാതകങ്ങളും ആസൂത്രണം ചെയ്തത് ഒരേ കേന്ദ്രമാണെന്നതിന്റെ സൂചനയാണ്. പുരോഗമന ചിന്താഗതിക്കാരെ നിശബ്ദരാക്കാമെന്ന വ്യാമോഹമാണ് ഈ കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്ത ഫാസിസ്റ്റു ശക്തികളുടെ പ്രേരണയെന്ന് വ്യക്തം. അവര്‍ ഭയപ്പെടുന്നത് മതേതര ചിന്തകളെയാണ്. മനുഷ്യന്റെ യുക്തിബോധത്തെയാണ്. പുരോഗമന ആശയങ്ങളെയാണ്. അതാരാണോ ഉയര്‍ത്തിപ്പിടിക്കുന്നത് അവരെ ഉന്മൂലനം ചെയ്താല്‍ മുന്നോട്ടുപോക്ക് സുഗമമാക്കാം എന്നാണ് അന്ധകാരത്തിന്റെ ശക്തികള്‍ കരുതുന്നത്. അതല്ലെങ്കില്‍, 77 വയസ്സുകാരനായ വന്ദ്യവയോധികനെ വധിക്കാന്‍ പദ്ധതിയിടുന്നതെന്തിന്?
ഡോ. യു ആര്‍ അനന്തമൂര്‍ത്തിയെപ്പോലൊരു മനുഷ്യന്‍ മരിച്ചപ്പോള്‍ ലഡ്ഡു വിതരണം ചെയ്യാന്‍ തീരെ മനഃസാക്ഷിയില്ലാത്തവര്‍ക്കു മാത്രമല്ലേ കഴിയൂ. അസഹിഷ്ണുത; അതാണ് ഫാസിസത്തെ ഹിംസാത്മകമാക്കുന്നത്. മാനുഷിക മൂല്യങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത ഒരു വിഭാഗമാണ് ഇതിനെല്ലാം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അവരാണ് അധികാരത്തിലെങ്കില്‍, പിന്നെ എല്ലാത്തരം മനുഷ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കും രാജ്യം സാക്ഷിയാകേണ്ടി വരുമെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. ഇതൊരു അപകടകരമായ സൈറണ്‍ മുഴങ്ങിതുടങ്ങുന്നതിന്റെ ആരംഭമാണ്. ഇന്ത്യയിലെവിടെയും ഈ ശക്തികളെ ഇനി ജനങ്ങള്‍ നേരിടാന്‍ പോകുകയാണ്. ഒരുപക്ഷേ, ജര്‍മ്മനിയില്‍ ഹിറ്റ്‌ലറും ഇറ്റലിയില്‍ മുസ്സോളിനിയും ചെയ്തതുപോലെ, ‘അവര്‍ നിങ്ങളെത്തേടി വരികയാണ്’.
ആദ്യം കമ്മ്യൂണിസ്റ്റുകള്‍. പിന്നെ, മറ്റ് പുരോഗമന ചിന്താഗതിക്കാര്‍, മതന്യൂനപക്ഷങ്ങള്‍, ദലിത്-ആദിവാസികള്‍, പിന്നെ എല്ലാ മനുഷ്യരും. കേരളത്തിലും അതിന്റെ ആരംഭങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. എല്ലാ മനുഷ്യാവകാശ-ജനാധിപത്യ-സാമൂഹിക പ്രവര്‍ത്തകരും തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുകയാണ്. ഭരണകൂടം ഒരു വലിയ വല വീശിയിരിക്കുന്നു, ഇരകള്‍ ഓരോരുത്തരായി അതില്‍ വന്നു വീഴുമെന്ന പ്രതീക്ഷയോടെ. എന്തായാലും കലബുര്‍ഗിയെപ്പോലെ ഒരു സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ സ്ഥാനത്തിരുന്ന ഒരു വ്യക്തിത്വത്തെ വധിക്കാന്‍ പദ്ധതിയിട്ടവരെ നിയമത്തിന് മുന്നില്‍കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാറിന് കഴിയണം. അതിന് കഴിയുന്നില്ലെങ്കില്‍ പിന്നെ ആ സര്‍ക്കാറിന് ജനപ്രതിനിധിസഭയില്‍ തുടരാന്‍ യാതൊരു അവകാശവുമില്ല.
വന്‍പ്രതിഷേധം കര്‍ണാടകയില്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. വരാനിരിക്കുന്ന പൈശാചിക ദിനങ്ങള്‍ തടയാന്‍ ഇന്ത്യയെമ്പാടും പ്രതിഷേധമുയരണം. ഇനിയൊരാളെയും വര്‍ഗീയവാദികള്‍ക്കു കൊല്ലാനായി വിട്ടുകൊടുക്കരുത്. നമ്മുടെ രാജ്യത്ത് നിയമവാഴ്ചയുണ്ടെന്ന് തെളിയിക്കാനുള്ള പ്രാഥമിക ബാധ്യത ഇക്കാര്യത്തില്‍ കര്‍ണാടക സര്‍ക്കാറിന് തന്നെയാണുള്ളത്. അതു തെളിയിക്കുന്നില്ലെങ്കില്‍, അധികാരത്തില്‍ നിന്ന് അവരെ പുറത്താക്കാന്‍ ജനങ്ങള്‍ക്കധികാരമുണ്ട്.