നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ നന്‍മയുടെ ശത്രുക്കള്‍; കാന്തപുരം

Posted on: September 1, 2015 10:20 pm | Last updated: September 1, 2015 at 10:20 pm

Kanthapuramകോഴിക്കോട്: വിദ്യാഭ്യാസ സമുച്ചയമായ മര്‍കസ് നോളജ് സിറ്റിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ നന്‍മയുടെ ശത്രുക്കളാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ജാതി മത ഭേദമന്യേ മുഴുവന്‍ ജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന പദ്ധതിക്കെതിരെ തിരിഞ്ഞവര്‍ സമുദായത്തിന്റെയും ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതി ആഗ്രഹിക്കുന്നവരല്ല. ഇവരെയും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പൊതുജനം തിരിച്ചറിയണം. ന്യായവും സത്യവുമാണെന്ന് തിരിച്ചറിഞതിന്റെ പേരില്‍ മര്‍കസ് നോളജ് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കേസുമായ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്നതിനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പഞ്ചായത്ത് വകുപ്പ്, കലക്ടര്‍, തഹസില്‍ദാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ നന്ദിയോടെ സ്മരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം തന്നെയാണുണ്ടായത് . ഭരണഘടന ഉറപ്പു നല്‍കുന്ന നിയമവ്യവസ്ഥയുടെ വിജയമായാണ് കോടതി വിധിയെ കാണുന്നത്. പദ്ധതിയുമായി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും രണ്ടായിരത്തി ഇരുപതോടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കുമെന്നും കാന്തപുരം പറഞ്ഞു.
മര്‍കസ് നോളജ് സിറ്റിയെ ഡീന്‍ യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി പ്രമുഖനായ മുന്‍ വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ പ്രൊജക്ട് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ലക്ഷ്യം പൂര്‍ത്തിയാക്കുന്നത് വരെ കഠിനമായി പരിശ്രമിക്കും. മുസ്‌ലിം സമുദായത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും പൊതു ആവശ്യം എന്ന നിലയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത്.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നേരത്തെയും കണ്ടിട്ടുണ്ടെന്നും മുസ്‌ലിംകളുടെ പൊതുവിഷയം പ്രധാനമന്ത്രിയെ ഉണര്‍ത്തേണ്ടത് ബാധ്യതയാണെന്ന് ബോധ്യമായതിനാലാണ് കണ്ടതെന്നും കാന്തപുരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ  പ്രിയപ്പെട്ട പ്രവാസി സഹോദരങ്ങളേ...